രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️
പേരാറും പെരിയാറും പമ്പയാറും ചാലിയാറും തേജസ്വിനിയും
കല്ലടയാറും അങ്ങനെയങ്ങനെ നീളുന്നു കേരള കോയ്മയിൽ
അമൃതം പാറ്റും പുണ്യപയസ്വിനികൾ
നമ്മുടെ നാടിൻ രക്തഞരമ്പുകൾ പുണ്യവതികൾ
അവർ പുണ്യവതികൾ
മലനാടാകിലതെന്ത്
ഇടനാടാകിലതെന്ത്
തീരഭൂമിയതാകിലെന്ത് കുളിരായൊഴുകാൻ
പുളകം ചൊരിയാൻ
ഇവരുടെ കനിവുകൾ വേണം ഇവരെ നന്നായ്പോറ്റുക നമ്മൾ
മാമാങ്കംകോയ്മകളും ശിവരാത്രി പെരുമകളും
പുണ്യസ്വരൂപൻ മുത്തപ്പൻവാഴും
ശ്രീയെഴും പറശ്ശിനികടവും ആണ്ടു ബലികളും പട്ടത്താനവും
നിങ്ങൾ തൻ തീരങ്ങൾ കണ്ടു
മാരിക്കാർമുകിൽ
പെയ്തു തിമിർത്താൽ കാർമുകിൽ ചികുര
ഭാരമഴിച്ചു മദിയ്ക്കും നിങ്ങൾ തീരത്തെ
കണിവയ്പ്പുകളെ കാർന്നെടുത്തു തിമിർത്തു പുളയ്ക്കും നിങ്ങൾ
എങ്കിലും എങ്കിലും നിങ്ങൾ പ്രിയമാനസരല്ലേ
ഞങ്ങടെ കനവിൽ തേൻതുളി പെയ്തുരമിക്കും പുണ്യധാരകളേ
നദികളെ കായൽഭംഗികളേ നദികളേ കായൽ ഭംഗികളേ
വറുതിപെയ്താൽ കണ്ണീർതൂവി കുടിനീർതേടും
ദാഹാർത്തരല്ലോ
കരിഞ്ഞ മണ്ണിനെ നെഞ്ചോടടുക്കി
തേങ്ങലൊതുക്കി കാത്തുകിടക്കും
വാൽസല്യ തികവുകളെ വാത്സല്യ തികവുകളെ
അമ്മയല്ലോ നിങ്ങൾ പെങ്ങളല്ലോ ചിലനേരം
നാണ ചുഴികളിൽ മോഹമൊതുക്കും
മലയാള പെൺകൊടിയല്ലോ
പുഞ്ചയ്ക്ക് വെള്ളം തേവണ നിങ്ങടെ കനിവിൽ
നെല്ലറകൾ നിറ നിറ നിറഞ്ഞു മേവണ ചേലിൽ
ഇളനീർ കനിവേകും
തെങ്ങിൻ തോപ്പുകളും
പവിഴക്കുലകണിയായ് നൽകും കവുങ്ങുകളും
നൂറുമേനി പൊലിമകൾ നൽകി ഞങ്ങളിൽ നിറയുമ്പോൾ
പുണ്യ പയസ്വിനിമാരെ നിങ്ങടെ സ്നേഹം കാണുന്നു
കനിവിൻ നിറവുകളറിയുന്നു
മനുജനെന്നതു സമസ്യയാണെൻ നദികളെ പുഴകളെ
കായലോരങ്ങളെ ഉറവിൻ ഉറവുകളരിയും നിശാചര ജന്മങ്ങൾ
അറിയുക നിങ്ങളറിയുക മലിനമാക്കിയും
തടകൾ കെട്ടിയും
കനിവിൻ ധാരയാം
ജലത്തെയൂറ്റിയും മണലുവാരിയും
ലാഭമേറ്റുന്നു നിങ്ങളെ വിൽപ്പനപ്പൊരുളായ് മാറ്റുന്നു
ഞങ്ങളറിഞ്ഞു പ്രളയം തന്നതു
നിങ്ങടെ പ്രതിഷേധം
ഉണ്മയറിഞ്ഞു പൊരിയുംവേനൽ
നിങ്ങടെ അടയാളം
കണ്ടു പഠിക്കുകിൽ നന്നാകും മനുജാ
കൊണ്ടു പഠിക്കിൽ നശിച്ചീടാം
അറിയുക അറിയുക സോദരരേ
പ്രകൃതി കനിഞ്ഞൊരു കൽപ്പകതരുവിനെ
വെട്ടി മുറിയ്ക്കരുതേ
ഉതിരം ഊറ്റിയെടുക്കരുതേ