ആ ചെറിയ ഹോട്ടലിൽ ഞാൻ ആദ്യമായി കാൽവച്ചത് അർദ്ധരാത്രിക്ക് ശേഷമാണ്. നാടകം തീർന്നപ്പോൾ വേഷം മാറാൻ സമയം ഉണ്ടായില്ല. സാരി മാറ്റാതെ മേക്കപ്പും വിഗ്ഗും മാറ്റിയാൽ വല്ലാതിരിക്കും, അതിനാൽ ഞാൻ നാടകത്തിലെ കഥാപാത്രയായ രേഷ്മയായി തന്നെ ലോഡ്ജിലേക്ക് മടങ്ങാൻ തീരുമാനിച്ചു. എന്റെ അമ്മയെ അവതരിപ്പിച്ച ജയന്തി വെണ്ണിക്കുഴി ചോദിച്ചു—”പ്രശ്നമാവില്ലേ?”

“ഇപ്പോൾ ആരാണ് വഴിയിലുണ്ടാവുക?” എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.
ഇന്നിനി രാത്രിയിൽ ഭക്ഷണം ഒന്നും കിട്ടില്ല കഴിപ്പൊക്കെ രാവിലെയാക്കാം എന്നാണ് ഞാൻ കരുതിയത്. പക്ഷേ വഴിയിൽ ഒരു ഹോട്ടൽ കണ്ടപ്പോൾ വിശപ്പിന് ശക്തി കൂടി.
ആ ചെറു ഹോട്ടലിനുള്ളിലേക്ക് ചെല്ലുമ്പോൾ അവിടെയുള്ള രണ്ടു സ്ത്രീകളും എന്നെ ഏറെ നേരം നോക്കി നിന്നു. ഏറെ നാൾ കഴിഞ്ഞാണ് മനസ്സിലായത്, അത് എൻറെ വേഷംകെട്ടൽ കാരണമായിരുന്നില്ല.

അതിന് ശേഷം മിക്കവാറും എന്നും രാത്രികളിൽ രേഷ്മയായി അവിടത്തെത്തി ആഹാരം കഴിച്ചു. ചിലപ്പോൾ അവർ എന്റെ വരവ് കാത്ത് ഭക്ഷണം മാറ്റി വെക്കും. ഒരിക്കൽ പകൽ ചെന്നപ്പോൾ പോലും അവരുടെ പെരുമാറ്റത്തിൽ മാറ്റമൊന്നുമുണ്ടായില്ല.
ഇരുവരും ഒരേപോലെയല്ല എന്നോട് ഇടപെടുന്നത്. ഒരാൾക്ക് ഞാൻ ഇളയസഹോദരി, മറ്റേയാൾക്ക് ചേച്ചി. നടുക്കാണ് ഞാൻ. എൻറെ പ്രായക്കൂടുതലൊന്നും അവർക്ക് പ്രശ്നമല്ല.
ഒരിക്കൽ എൻറെ മുന്നിൽ വെച്ച് ആ ചേച്ചി അനിയത്തിയെ ചെറുതായി അടിച്ചു. ഉടനെ തന്നെ കെട്ടിപ്പിടിച്ച് സോറി മോളെ എന്ന് പറയുകയും ചെയ്തു. എന്നോട് സംസാരിക്കുന്നതിനിടയിലായിരുന്നു സംഭവം. എന്നിട്ടും എന്താണ് കാരണമെന്ന് എനിക്ക് മനസ്സിലായില്ല. അനിയത്തി എന്നെ എന്തോ ഒരു പേര് വിളിച്ചു. അതാരാണെന്ന് ഞാൻ ചോദിച്ചതും ചേച്ചി അവളെ അടിച്ചതും ഒരുമിച്ചായിരുന്നു.

പൊങ്കൽ വന്നപ്പോൾ അവർക്ക് എന്തെങ്കിലും കൊടുക്കണമെന്ന് കരുതി ഞാൻ ഒരേപോലെയുള്ള രണ്ടു സാരി വാങ്ങി. അത് കൊടുത്തപ്പോൾ ബ്ലൗസിനും കൂടി തുണി എടുക്കാമായിരുന്നില്ലേ എന്ന് ചേച്ചി ചോദിച്ചതും അനിയത്തി അത് കേട്ട് ചിരിച്ചതും എനിക്ക് ഇഷ്ടപ്പെട്ടില്ല.
ചിരിച്ചുകൊണ്ടുതന്നെ അനിയത്തി അകത്ത് പോയി ഒരു പൊതിയുമായി വന്ന് ചേച്ചിയോട് കൊടുക്കട്ടെ എന്ന് ചോദിച്ചു. ഞാൻ ചിരിച്ചുകൊണ്ട് ഇതെന്നാ പുടവകൊടുപ്പാണോ എന്ന് ചോദിച്ചു.
ആ പൊതിക്കുള്ളിൽ എനിക്കായി ഉണ്ടായിരുന്നത് ഒരു സാരിയാണെന്ന് കണ്ട് ഞാനൊന്ന് ഞെട്ടി. പോരെങ്കിൽ ഒരു ബ്ലൗസ് പീസും. അപ്പോഴാണ് ചേച്ചി ചോദിച്ച ചോദ്യം എനിക്ക് മനസ്സിലായത്. ശോ അവർക്ക് സാരിയെടുത്തപ്പോൾ ബ്ളൗസ് പീസ് എടുക്കുന്ന കാര്യം ഓർത്തതേയില്ല.

മിസോറാമിൽ ഒരു നേഴ്‌സിന്റെ ജോലി കിട്ടിയപ്പോൾ ഞാൻ അത് സ്വീകരിച്ചു. നാടകസമിതിയിൽ നിന്നും പിരിഞ്ഞു. അവരെല്ലാം കൂടി എനിക്ക് ഗംഭീരമായ ഒരു പാർട്ടി തന്നു. അന്ന് തന്നെ മടങ്ങുന്ന വഴി ആ ഹോട്ടലിൽ കയറി ആ സ്ത്രീകളോടും യാത്ര പറയണം എന്ന് കരുതി. ജീൻസും ജുബ്ബയുമാണ് വേഷം. ആ വേഷമിടുമ്പോൾ എനിക്ക് പെണ്ണിന്റെ യാതൊരു ലക്ഷണവുമില്ല. ഞാനാണോ രേഷ്മയായി അരങ്ങ് തകർത്താടുന്നത് എന്ന് എനിക്ക് തന്നെ സംശയം തോന്നിയിട്ടുണ്ട്.
ഞാൻ ഇത്തവണ ഹോട്ടലിലേക്ക് കയറിയപ്പോൾ അന്നൊരിക്കൽ ആദ്യമായി എന്നെ കണ്ടപ്പോഴത്തേത് പോലെ ഇരുവരും എന്നെ തുറിച്ച് നോക്കി. തിരിച്ചറിയിൻ അവർക്ക് ഒരു പ്രയാസവും ഉണ്ടായില്ല.

പെട്ടെന്ന് ഇരുവരുടെയും മുഖം വാടി. ഞാൻ ആ നാട്ടിൽ നിന്ന് പോകുകയാണെന്ന് അവർ എങ്ങിനെയോ അറിഞ്ഞു എന്ന് ഞാൻ കരുതി.
ഹോട്ടലിൽ അപ്പോൾ ആരുമുണ്ടായിരുന്നില്ല. ഊണിന്റെ സമയം കഴിഞ്ഞു. ചായ തിളച്ചു തുടങ്ങുന്നതേയുള്ളൂ.
ഓർക്കാപ്പുറത്ത് ആ ചേച്ചി എന്നെ വന്നു കെട്ടിപ്പിടിച്ചു. ഏങ്ങലടിച്ച് കരയാനും തുടങ്ങി. ഏങ്ങലടികൾക്കിടയിൽ അവ്യക്തമായി അവരുടെ വാക്കുകൾ ഞാൻ കേട്ടു. എൻറെ ശാലുവേ എന്റെ ശാലുവേ എന്നവർ വിളിച്ചുകൊണ്ടിരുന്നു.
ഇതേ പേരാണ് അന്നൊരിക്കൽ അനിയത്തി എന്നെ വിളിച്ചതും ചേച്ചി അവളെ അടിക്കാൻ ഇടയാക്കിയതും.

ഇവിടെ മിസോറാമിൽ വന്നു ജോലി കിട്ടിയപ്പോൾ ആദ്യത്തെ ശമ്പളത്തിൽ നിന്നും അവർക്ക് ചെറിയൊരു തുക ഞാൻ അയച്ചു കൊടുത്തു. ആ പൊങ്കലിന് അവർ എനിക്ക് ഒരു ഷർട്ടും വാങ്ങി അയച്ചുതന്നു. അതോടൊപ്പം ഒരു പഴയ കുടുംബ ഫോട്ടോയും ഉണ്ടായിരുന്നു.

By ivayana