രചന : അഷ്റഫ് കാളത്തോട്✍️
വിധേയ!
നിന്റെ നെറ്റിയിൽ എഴുതിയ
ചോദ്യങ്ങളുടെ തീക്കട്ടകൾ
ഇന്നും കത്തുന്നു –
സ്വയംവരത്തിന്റെ ചാരുതയിൽ
എത്ര രാജാക്കന്മാർ
എത്ര കാട്ടുതീകൾ!
പട്ടുമെത്തയിലെ മയക്കത്തിൽ
നിന്നെത്തന്നെ വിറ്റഴിക്കാനുള്ള
പുതിയ പാതകളിൽ
പലരും ചുട്ടുപൊള്ളുന്നു…
നവബ്രാഹ്മണരുടെ യാഗശാലയിൽ
ഒരു കൊടിയേറ്റം തീർന്നപ്പോൾ
ചോരയിൽ തൊഴുത നിലത്ത്
എലിപ്പത്തായം വിതച്ചു നീ…
വാർദ്ധക്യത്തിന്റെ മഞ്ഞുപാളികൾ
ഇറ്റിറ്റൊലിച്ച് മായയായ് മറിയുന്നു
നിന്റെ കൺപീലികളിലൂടെ –
അത് വളർന്നു വലിച്ചുകെട്ടുന്ന
നവോത്ഥാനത്തിന്റെ മൺചിത്രം!
ഇനിയും മഞ്ഞു മേയുന്ന മനസ്സിൽ
പുതിയ ചിന്തകൾക്ക് ശവക്കുഴി തോണ്ടി
അതിൽ ദാഹിച്ചു പോയ ധാർമികത
പണയം വെച്ച് നിറങ്ങൾ തേടിയ
തപസ്സ് ഒരു ശാന്തിയും തരാത്തതായിരിക്കും…
(ശബ്ദങ്ങൾക്കപ്പുറം ഒരു സ്വകാര്യം:
“ജാഗ്രതയോടെ ജീവിച്ചവൻ
എപ്പോഴാണ് വിധേയനായത്?”)