രചന : റഹീം പുഴയോരത്ത് ✍️
എൻ്റെ സ്വപ്നത്തിൽ
ഞാനൊരു കവിത രചിക്കുന്നു.
മലയുടെ ഗർഭപാത്രത്തിൽ നിന്നും പുറന്തള്ളിയ
കൂർത്ത കല്ലുകൾ എൻ്റെ വരികളിലേക്ക്
തെറിച്ചു വീഴുന്നു.
എൻ്റെ സ്വപ്നത്തിൽ
ഞാനൊരു കവിത രചിക്കുന്നു.
കുത്തിപ്പായുന്ന മഴവെള്ള പാച്ചലിൽ നിന്നും
നാഭിമുറിഞ്ഞൊരു പെണ്ണ്
എൻ്റെ വരികളിലേക്ക്
അഭയം തേടുന്നു.
എൻ്റെ സ്വപ്നത്തിൽ
ഞാനൊരു കവിത രചിക്കുന്നു.
വിരിപ്പുകൾക്ക് കാലപ്പഴക്കം ചെല്ലുമ്പോൾ
പീഢനത്തിന് ഇരയായ പൊടിമീശക്കാരൻ
വരികളുടെ നീളം കൂട്ടുന്നു
എൻ്റെ സ്വപ്നത്തിൽ
ഞാനൊരു കവിത രചിക്കുന്നു.
ഇരുമ്പുശാലയിലെ ചുട്ടുപൊള്ളുന്ന ചൂടിൽ
ചില മാംസങ്ങൾ വെന്തുരുകുന്നു
വരികൾക്ക് കനലിൻ്റെ നിറം വരുന്നു
എൻ്റെ സ്വപ്നത്തിൽ
ഞാനൊരു കവിത രചിക്കുന്നു.
ഒരു വെടിയൊച്ചയിൽ
ജീവൻ പൊലിഞ്ഞ എഴുത്തുകാരുടെ
ആത്മരോഷം വാക്കുകളിൽ ചുവന്നിരിക്കുന്നു.
എൻ്റെ സ്വപനത്തിൽ നിന്നും ഞാൻ മോചിതനായിരിക്കുന്നു.
മേൽകൂരയ്ക്ക് അവർ തീ കൊളുത്തിയിരിക്കുന്നു
തറയിൽ ഫണം വിടർത്തിയാടുന്ന വിഷ പാമ്പുകൾ
ഇടവും വലവും
മുന്നിലും പിന്നിലും
വെറി പൂണ്ട മതങ്ങൾ.
ഇതാ
ഞാനിതാ മൂന്നാം കോളം പൂരിപ്പിക്കുന്നു.
മതമില്ല എന്നത് ഒറ്റ വാക്കിൽ എഴുതുന്നു.
ഇപ്പോൾ
കവിത പൂർണ്ണ മായിരിക്കുന്നു.
