രചന : എം പി ശ്രീകുമാർ✍️
മിഥിലയിൽ തന്റെ യൗവ്വനകാലം
തരളിതമായി നീങ്ങവെ
താതൻ ജനകൻ മംഗലത്തിനായ്
മത്സരമൊന്നൊരുക്കുന്നു
ശൈവചാപം കുലച്ചീടുന്നൊരു
വീരയോദ്ധാവിനായിട്ടു
മത്സരമേറെ മുന്നേറുന്നേര
മെത്ര യോദ്ധാക്കൾ വന്നുപോയ് !
ലജ്ജിതരായി പിൻമാറിയവർ
ലക്ഷണമൊത്തോരില്ലാരും
മങ്ങിപ്പോകുമാ മംഗലമോഹം
മംഗളമാക്കി രാമനും
പുഷ്പം പോലെയാ വില്ലെടുത്തിട്ടു
പുണ്യവാൻ കുലച്ചീടവെ
മേഘനാദം മുഴക്കി രണ്ടായി
ചാപമൊടിഞ്ഞു പോകവെ
നെഞ്ചിടിച്ചു പോയേവർക്കും തന്റെ
നെഞ്ചിലിടയ്ക്കാഗീതവും !
പിന്നെ പൂത്ത വസന്തത്തിലിപ്പോൾ
ഘോരതിമിരം വന്നു പോയ്
കാതോർത്തിരിക്കയാണു നിത്യവും
രാമബാണത്തിൻ ഗർജ്ജനം
സൂര്യചന്ദ്രൻമാർ പോലെ ശ്രീരാമ
ലക്ഷ്മണൻമാർ എന്നെത്തീടും?
( ലങ്കയിൽ സീത ശിംശപ വൃക്ഷച്ചുവട്ടിൽ ഇരുന്ന് ചിന്തിക്കുന്നത് വൃത്തം : ഓമനക്കുട്ടൻ)
