നടതള്ളപ്പെട്ട കണ്ണിണകൾ
അവന്റെ കാലടികളെ
അനുഗമിക്കുന്നുണ്ടായിരുന്നു…
പണ്ട്
ഊറ്റിക്കുടിച്ച മുലപ്പാൽ മധുരം
അവനിലെ
ഓരോ ദിക്കുകളിൽ നിന്നും
‘മോനേ’ എന്നു കിതച്ച്
ഹൃദയകവാടം മുട്ടുന്നത്
അറിയുന്നില്ലെന്നവൻ നടിക്കുകയാണ്…
അവന്റെ
ഒറ്റപ്പെട്ട തിരിച്ചു വരവിൽ
കവാടങ്ങൾ ഞരങ്ങി
പ്രതിഷേധിച്ചിരുന്നു…
കടം വീട്ടിയ എല്ലിൻവിഹിതങ്ങൾ
പുരയുടെ ചുമരുകളിൽ നിന്നും
എഴുന്നു മുഴയ്ക്കുന്നുമുണ്ട്….
ജീവിക്കുന്നവർക്കുള്ള
ബലിതർപ്പണം കൊത്താൻ
കാക്കകളിൽ കുടിയേറുവാൻ
ആത്മാക്കളില്ലാത്തതിനാൽ
തപ്പും കൊട്ടി കാക്കവിളികൾ
അവന്റെ വാർദ്ധകത്തിലേയ്ക്ക്
കുടിയേറുന്നുണ്ടായിരുന്നു…
എറിഞ്ഞുകളഞ്ഞ
സ്നേഹപാത്രത്തെയോർത്ത്
കളഞ്ഞുപോയതിനു വേണ്ടി
പേരക്കുട്ടിയുടെ പേച്ചൊല്ലുകൾ
അവനെ
അടിമുടി വിയർപ്പിക്കുന്നുമുണ്ട്…
അന്നു മുതൽ എന്നും
പത്രത്താളുകളിലെ
അജ്ഞാതമരണകോളങ്ങളിൽ
അവന്റെ മനസ്സ്
തെരഞ്ഞുകൊണ്ടേയിരിക്കുന്നു…

ഗീത മുന്നൂർക്കോട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *