അന്ന് ഞാൻ നാലാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്നാണ് ഓർമ്മ. ഞാനും അനിയൻ ബിജുവും കൂടി ചെയ്ത ഒരു മഹാ സംഭവത്തെ പറ്റി പറയുകയാണ്.
അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയതു മുതൽ തന്നെ വായനയെന്ന ലഹരിക്ക് അടിമയായിരുന്നതുകൊണ്ട് അക്ഷരത്തെറ്റില്ലാതെ എഴുതുവാനും ചെറുതിലേ അറിയാമായിരുന്നു ഈ സംഭവം നടക്കുന്നത് ഒരു വെക്കേഷൻ സമയത്താണ്!

അന്നൊക്കെ മെയ് 1ന് റിസൾട്ട് അറിഞ്ഞാൽ പിന്നെ പഴയ ടെക്സ്റ്റ് പുസ്തകങ്ങൾക്ക് വേണ്ടി ഒരു നടത്തമാണ്. പകുതി വില കൊടുത്താൽ മതിയല്ലോ.. പുസ്തകങ്ങൾ കിട്ടിയാൽ പിന്നെ അതിനു പുറംചട്ടയിടാനുള്ള ന്യൂസ് പേപ്പറുകൾ മാസികകൾ തുടങ്ങിയവ ശേഖരിക്കലായി. സിനിമാ നടീ നടന്മാരുടെ ചിത്രമുള്ള കടലാസുകൊണ്ട് പുസ്തകം പൊതിഞ്ഞ്, അത് കൂട്ടുകാരെ കാണിക്കുന്നത് വലിയ ഗമയായിരുന്നു അന്ന്.
ഇനി കാര്യത്തിലേയ്ക്ക് കടക്കാം! പുസ്തകത്തിനു പുറംചട്ടയിടാൻ കിട്ടിയ ഒരു നാനാ സിനിമാ മാസികയാണ് എല്ലാ നാണക്കേടിനും കാരണമായത് .

കിട്ടുന്ന പുസ്തകങ്ങളൊക്കെ അരിച്ചു പെറുക്കി വായിക്കുന്ന സ്വഭാവം ഉണ്ടല്ലോ.. ഈ നാനയും വായിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്.. നടൻ ദേവനെക്കുറിച്ചുള്ള ഒരു ഫീച്ചർ കണ്ടത്. അതിന്റെ അവസാനം അദേഹത്തിന്റെ ഒരു ഫോട്ടോയും അഡ്രസ്സും.അത് കണ്ടപ്പോൾ ദേവന് ഒരു കത്തയച്ചാലോ ന്ന് ഒരു തോന്നൽ.. ഉടൻ അനിയനോട് പറഞ്ഞു.. “ഡാ മ്മക്ക് ഒരു കത്തയച്ചാലോ”?… ആർക്ക് എന്ന അവന്റെ ചോദ്യത്തിന്.. ഉത്തരമായി ദേവന്റെ ഫോട്ടോയും അഡ്രസ്സും കാണിച്ചു കൊടുത്തു..

“അയിന് കവറു വേണ്ടേ” ന്ന് അവൻ.. “അതൊക്കെ മ്മക്ക് ശരിയാക്കാന്നേ..” ഞാൻ ഉഷാറായി. പഴയൊരു വരയിടാത്ത നോട്ടു പുസ്തകത്തിന്റെ പേജ് കീറി എടുത്തു. അടുക്കളേൽ പോയി കുറച്ച് വറ്റ് എടുത്തു കൊണ്ടുവന്നു. എന്റെ നേതൃത്വത്തിൽ ആ നോട്ടു പുസ്തകത്തിന്റെ പേജ്.. ഒരു കവറു പോലെ ഒട്ടിച്ചു രൂപാന്തരപ്പെടുത്തി. വെയിലത്ത് ഉണക്കാൻ വെച്ചു.
കവർ ഉണങ്ങുമ്പോഴേയ്ക്കും കത്ത് എഴുതാം ന്ന് പറഞ്ഞു എഴുതാൻ തുടങ്ങി.
“പ്രിയപ്പെട്ട, ദേവേട്ടന്..ബിന്ദുവും, ബിജുവും എഴുതുന്നത്. ഞങ്ങൾക്ക് ദേവേട്ടനെ വല്ല്യ ഇഷ്ടമാണ്..ഏട്ടന്റെ എല്ലാ സിനിമയും ഞങ്ങൾ കാണാറുണ്ട്.എല്ലാം ഇഷ്ടമാകാറുണ്ട്. (പുളു തന്നെ.

ദേവന്റെ ഒരു സിനിമ പോലും കണ്ടിട്ടുണ്ടായിരുന്നില്ല അന്ന്). ഞങ്ങൾക്ക് ചേട്ടന്റെ രണ്ടു ഫോട്ടോ അയച്ചു തരുമോ..രണ്ടാൾക്കും കൂട്ടുകാരെ കാണിക്കാനാണ്. അയക്കും ന്ന് വിചാരിക്കുന്നു. ഞങ്ങൾ ഇനിയും ചേട്ടന്റെ സിനിമ കാണും.
എന്ന്,
ബിന്ദു, ബിജു
അങ്ങിനെ കത്തെഴുതൽ കഴിഞ്ഞു, കവറിൽ ഭദ്രമായി ഇട്ട് ഒട്ടിച്ചപ്പോളാണ് അടുത്ത പ്രശ്നം..അല്ല, ഇനി സ്റ്റാമ്പ് വേണ്ടേ കവറിനുമുകളിൽ ഒട്ടിക്കാൻ.
സ്കൂളിൽ നിന്നും ടീച്ചറ് തന്ന സ്റ്റാമ്പ് ഒട്ടിക്കാം..ന്ന് ന്റെ പുന്നാര അനിയൻ പറഞ്ഞപ്പോൾ എനിക്ക് എന്ത് സന്തോഷമായെന്നോ..

അങ്ങിനെ ആ പരിപാടിയും കഴിഞ്ഞു. കവറിന്റെ ഒരു വശത്ത് ദേവേട്ടന്റെ അഡ്രസ്സ് ബഹുമാനപൂർവ്വം എഴുതി. മറുവശത്ത് ബിജുവിന്റെ പേരെഴുതി ഞങ്ങടെ അഡ്രസ്സും എഴുതി. കത്തിന്റെ മേൽ രണ്ടുപേരും ഓരോ ഉമ്മയൊക്കെ കൊടുത്തു. പോസ്റ്റ്‌ ബോക്സിൽ കൊണ്ടുപോയിട്ടു.
മടങ്ങിവരുമ്പോൾ,എന്തായാലും സ്കൂൾ തുറക്കുന്നതിന്മുൻപ് ഫോട്ടോ കിട്ടണേ ന്ന് പ്രാർത്ഥിച്ചു. കൂട്ടുകാരുടെ മുന്നിൽ ദേവേട്ടന്റെ ഫോട്ടോയുമായി ഗമയിൽ നിൽക്കുന്നത് സ്വപ്നം കണ്ടു. പറ്റുമെങ്കിൽ ടീച്ചർമാരെയും കാണിക്കണം ന്ന് തീരുമാനിച്ചു.
ഞങ്ങടെ വീടിനു മുന്നിൽ വാട്ടർ അതോരിറ്റിയുടെ ഒരു പബ്ലിക് പൈപ്പ് ഉണ്ടായിരുന്നു. അന്ന് ആരും സ്വന്തമായി വാട്ടർ കണക്ഷൻ എടുത്തിട്ടുണ്ടായിരുന്നില്ല. ഈ പൈപ്പിൽ വെള്ളം വന്നാൽ ക്യു നിന്ന് വെള്ളം എടുക്കണം. ഇപ്പൊ എല്ലാവർക്കും സ്വന്തമായി വാട്ടർ കണക്ഷൻ ഉണ്ട്.. അങ്ങിനെ അന്ന് പൈപ്പിൽ വെള്ളം വന്ന സമയമായിരുന്നു.. അയൽക്കാരൊക്കെ വെള്ളം പിടിക്കുന്നു. ചുരുങ്ങിയത് ഒരു പതിനഞ്ചു പേരുണ്ടാകും അവിടെ. കടുത്ത വേനൽ അല്ലെ. ജലക്ഷാമം രൂക്ഷമായിരുന്നു.

അപ്പോഴതാ ഈ കഥയിലെ വില്ലൻ, പോസ്റ്റുമാൻ ഗോപിയേട്ടൻ കാലൻ കുടയും ചൂടി വട്ടക്കണ്ണടയും ധരിച്ചു വരുന്നു.. ബിജു ഉണ്ടോ ഇവിടെ ന്ന് ചോദിച്ച് വീട്ടിലേക്കു കയറാതെ റോഡിൽ തന്നെ നിൽക്കുന്നു.. എന്നാലല്ലേ. അവിടെ നിൽക്കുന്ന ആളുകളെ ഒക്കെ കേൾപ്പിച്ച് അദ്ദേഹത്തിന് പെർഫോം ചെയ്യാൻ പറ്റുകയുള്ളൂ..വിളി കേട്ടു ഞങ്ങൾ
പുറത്തു വന്നു..

ആരാ ഈ കത്ത് അയച്ചത്? അപ്പോൾ ഞാൻ ചിന്തിച്ചത് എന്താണെന്നോ? “ങ്ങേ.. രാവിലെ കത്തയച്ചാൽ ഉച്ച കഴിയുമ്പോഴേക്കും മറുപടി എത്തുമോ..” എന്നാണ്.
കൂടുതലൊന്നും ചോദിക്കാതെ ഗോപിയേട്ടൻ കയ്യിലിരിക്കുന്ന കടലാസ്സിൽ എഴുതിയത് നിഷ്കരുണം ഉറക്കെ വായിച്ചു.. പ്രിയപ്പെട്ട ദേവേട്ടന്… എന്ന് തുടങ്ങിയപ്പോഴേ. എനിക്ക് അപകടം മണത്തു. ഞാൻ എസ്‌കേപ്പ് ആയി. ബിജു ഒന്നും മനസ്സിലാകാതെ അവിടെ തന്നെ നിന്നു.

പഴയ ഏതോ സ്റ്റാമ്പ് ഒട്ടിച്ചാണ്‌ പ്രിയപ്പെട്ട ദേവേട്ടന് കത്ത് അയച്ചിരിക്കുന്നത് എന്ന് ആളുകളോട് ഒരു വിശദീകരണവും.. അവിടുത്തെ പൊട്ടിച്ചിരികളും…. അകത്തു നിന്ന് ചെവി പൊത്തിപ്പിടിച്ചിട്ടുംഎനിക്ക് കേൾക്കേണ്ടി വന്നു..
“ഞാനൊന്ന്വല്ലാ….ചേച്ച്യാണ് എഴുതീത്..ന്ന് ബിജു പറയുന്നതും.. അവിടെ നിന്നവർ അത് ശരി വെക്കുന്നതും ഒക്കെ ഞാൻ കണ്ടു.
പിന്നെ ഞങ്ങളെ കാണുമ്പോഴൊക്കെ,അന്ന് അവിടെ ഉണ്ടായിരുന്നവർ, പ്രിയപ്പെട്ട ദേവേട്ടന്.. എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു.
✍️

By ivayana

Leave a Reply

Your email address will not be published. Required fields are marked *