തെക്കേതൊടിയിലെ കത്തിയമർന്ന ചിതയിലെ പുകച്ചുരുളുകളിലേക്കു നോക്കി നിർന്നിമേഷയായി അവളിരുന്നു.തൻ്റെ പ്രാണനാണവിടെ കത്തിയമർന്നത് !!
ശ്മശാനമൂകത തളംകെട്ടി നിൽക്കുന്ന ഈ വീട് നാലഞ്ചു ദിവസം മുമ്പ് വരെ ഉത്സവത്തിമിർപ്പിലായിരുന്നു. കുട്ടികൾ രണ്ടാളും അവരുടെഅച്ഛന് ലീവ് കിട്ടിയ വിവരമറിഞ്ഞ അന്നു മുതൽ സന്തോഷത്തോടെ ദിവസമെണ്ണി കാത്തിരുപ്പായിരുന്നു.ഉണ്ണിയേട്ടനെ ഇടക്കിടെ വിളിച്ച് വാങ്ങേണ്ട സാധനങ്ങൾ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു മക്കൾ.

സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാനാണ് ഇഷ്ടമില്ലാതിരുന്നിട്ടും ഉണ്ണിയേട്ടൻ ഗൾഫിലേക്ക് പോകുവാൻ തീരുമാനിച്ചത്. “നിന്നെയും മക്കളെയും, അമ്മയെയും പിരിഞ്ഞു നിൽക്കുവാൻ പറ്റണില്ല എന്ന് വിളിക്കുമ്പോഴെല്ലാം പറയുമായിരുന്നു”.
“എങ്ങനേയും വിസ തീരുന്നതുവരെ നിന്നിട്ട് ഞാനങ്ങു വരുവാടീന്ന് പറയും.”
രണ്ടു വർഷം ആകാറായപ്പോൾ ലീവിന് അപേക്ഷിച്ചെങ്കിലും,കൊറോണയും പ്രശ്നങ്ങളും കാരണം വരവു നടന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് “കഴിഞ്ഞആഴ്ച ലീവുശരിയായി,ടിക്കറ്റ് ഓകെയായി രണ്ടു ദിവസത്തിനകം ഞാനങ്ങെത്തും എന്നു വിളിച്ചു പറഞ്ഞത്.’
വ്യാഴാഴ്ച വൈകുന്നേരവും എന്നെ വിളിച്ചു.

“പെട്ടി കെട്ടുന്നതിൻ്റെ ബഹളം, കൂട്ടുകാരെല്ലാം അന്നേരം മുറിയിലുണ്ടായിരുന്നു. വെളുപ്പിനെയാണ് ഫ്ലൈറ്റ്, എയർപോർട്ടിലെത്തിയിട്ട് വിളിക്കാമെന്നു പറഞ്ഞുപോയ ആൾ പിന്നീടു വിളിച്ചില്ല.” ഞാനാ വിളിയും പ്രതീക്ഷിച്ചു രാത്രി മുഴുവൻ ഇരുന്നു, ഒന്നുരണ്ടുവട്ടം അങ്ങോട്ടു വിളിച്ചപ്പോൾ ഫോൺ ഓഫാണെന്ന് കണ്ടതോടെ വിളിച്ചില്ല.
ഞാനന്നു പതിവിലും നേരത്തെ കുളിച്ച് ഉണ്ണിയേട്ടനിഷ്ടമുള്ള മുണ്ടും, നേര്യതും ധരിച്ച് അമ്പലത്തിൽ പോയിവന്ന് അടുക്കളയിൽ കയറി പ്രാതലും ഊണുമൊരുക്കി.ഉണ്ണിയേട്ടൻ്റെ ഇഷ്ടവിഭവങ്ങൾ പായസമടക്കം റെഡിയാക്കി.

കുട്ടികളും, അമ്മയും രാവിലെമുതൽ വഴിക്കണ്ണുമായി കാത്തിരുപ്പാണ്.എയർപോർട്ടിലേക്ക് വിളിക്കാൻ ചെല്ലുവാൻ ഉണ്ണിയേട്ടൻ തന്നെ അപ്പച്ചിയുടെ മകനും, ഉറ്റചങ്ങാതിയുമായ ബാബുവേട്ടനെ ഏർപ്പാടാക്കിയിരുന്നു.
ഉച്ചകഴിഞ്ഞിട്ടും അവരെത്തിയില്ല.ബാബുവേട്ടനെയും വിളിച്ചിട്ടു കിട്ടുന്നില്ലായിരുന്നു. എന്തുപറ്റിയെന്നറിയാതെ ഞങ്ങൾ വിഷമിച്ചിരിക്കുമ്പോൾ പതിവില്ലാതെ ബന്ധുക്കളിൽ ചിലരും, അയൽവാസികളും വീട്ടിലേക്കു വന്നു.അപ്പോഴേ മനസിലെന്തോ അരുതാത്തത് സംഭവിക്കുന്നു എന്ന തോന്നലുണ്ടായി.
ഒടുവിൽ ബാബുവേട്ടനാണ് എൻ്റെ അരുകിലാ വാർത്ത പറഞ്ഞത്, “എൻ്റെ ഉണ്യേട്ടൻ ഇനി വരില്ല.പെട്ടിയൊക്കെ കെട്ടിവച്ചു കഴിഞ്ഞപ്പോഴാണ് ,മോളൂട്ടിക്ക് എന്തോ ഒരു സാധനം വാങ്ങാൻ വിട്ടുപോയെന്നു പറഞ്ഞ് കടയിലേക്കു പോയ ഉണ്യേട്ടൻ റോഡു മുറിച്ചു കടക്കുന്നതിനിടെ സ്പീഡിൽ വന്ന ഒരു വണ്ടിയിടിച്ചു തെറിപ്പിച്ചു, ആശുപത്രിയിലെത്തും മുൻപ് ജീവൻപോയി.

ഉണ്ണിയേട്ടനെ കാത്തിരുന്ന ഞങ്ങളിലേക്ക് ഇടിത്തീ പോലെയാണാ വാർത്ത എത്തിയത്.അന്നേരം വീണുപോയതാണമ്മ.
കേട്ടതൊന്നും ശരിയാകരുതേ എന്ന ചിന്തയിൽ പിന്നെയും ദിവസങ്ങൾ. കൂട്ടുകാരുടെ ശ്രമഫലമായി ബോഡി വേഗം നാട്ടിലെത്തിക്കാനായി.ഉണ്ണിയേട്ടൻ പോയി എന്നു മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെടുകയാണ്‌ ഞാൻ…
” മീനൂട്ടി എന്ന വിളി കാതിൽ മുഴങ്ങുന്നു”

മക്കളെ കാണാൻ കൊതിയോടെ കാത്തിരുന്ന ഉണ്യേട്ടൻ്റെ ആത്മാവ് ആ ശരീരം വിട്ടുപോകുമ്പോളെത്ര മാത്രം വേദനിച്ചിട്ടുണ്ടാവും.ചിത കെട്ടടങ്ങിയെങ്കിലും ഉണ്യേട്ടൻ്റെ ആത്മാവിൻ്റെ രോദനം എനിക്കുകേൾക്കാം…!!!
✍️

By ivayana

Leave a Reply

Your email address will not be published. Required fields are marked *