രചന : ബിനു ആർ✍
ദിനംദിനം പലതും മറയ്ക്കുന്നു, ദിക്കുകൾ
പോലും, പലമതിലുകൾ,പലജാതിയിൽ
മതവും പലവുരുജാതിയും അഹന്തയും
അജ്ഞതയും മുയലിന്റെ മൂന്നുകൊമ്പും.
മറയ്ക്കുവാൻ ഒന്നുമില്ലാത്തവർ ചുഴിഞ്ഞു
കാണുന്നു, ചുഴികുത്തിയുണർത്തും പലചില
ഓർമ്മകൾ മതിൽമറയ്ക്കാനേർക്കാഴ്ചകൾ
ഒരിക്കലും ചതിക്കാസൗഹൃദനേരമ്പോക്കുകൾ.
അല്പത്തരംകാട്ടാൻപോലും മടിയില്ലാത്തവർ
ചുമക്കുന്നു പലതും,അല്പവും അർത്‌ഥവു-
മില്ലാതെ അർദ്ധരാത്രിയിൽ പോലും,
മടിയേതുമേയില്ലാതെ കുടപിടിക്കുന്നവർ.
പകലിൽ ഞെക്കുവെട്ടം തിരയുന്നവർ
കാല്പനികതയുടെ അതിർവരമ്പിനിടയിലും
കാലനീതിയ്ക്കു തുണയും തുണിയുമില്ലാതെ
ചേലുള്ള ചിന്തകളില്ലാതെ, മതിലുകൾ
പണിതു മറയ്ക്കുന്നു ചൊല്ലുംചെല്ലുംവാഴ്‌വും.
കച്ചകെട്ടിയാടുന്നു ഗതകാലക്കോലങ്ങൾ
കച്ചകപടതയിലും ഗതിക്കിട്ടാജന്മങ്ങൾ
കർക്കശ്യംകാട്ടാതിടുന്ന സർഗ്ഗകാമനകൾ
കലിതുള്ളിപ്പെയ്യാത്ത കറുത്തവാവുകൾ.
ബലിക്കൽപ്പുരയിൽ തൂവും ഹവിസ്സിൽ
വരിയിടുന്ന ഭക്തജനത്തിരക്കിന്നിടയിൽ
സാംക്രമികമാം വികാരജഢിലതകൾ
തേടും കശ്മലർ രാഷ്ട്രീയകോമരങ്ങൾ.
മതിലുകൾക്കപ്പുറത്തുള്ളതെല്ലാം മറയ്ക്കും
മാമകംവഴിവിട്ട ശീലുകൾ ചെയ്തികൾ
ചിന്തകളെല്ലാം നേർവഴിതെറ്റിയലയുന്നു
ചന്തമില്ലാപാതയോരങ്ങളിൽ കാടുകളിൽ.
രാത്രിയിൽ പതയും ലഹരി കുമിളകളിൽ
ഞരമ്പുകൾകെട്ടി തള്ളിക്കയറ്റും മയക്കം-
വിൽക്കും മരുന്നുകൾ മന്ത്രങ്ങൾ ചൊല്പടിയിൽ
നിറുത്തി വിലപേശും വൈകൃതങ്ങൾ.
ചിന്തളെല്ലാം ശുഷ്കമാകും വേളയിൽ
നിന്നേയും എന്നേയും തരംതിരിക്കും
നവോഥാന നായകർക്ക് തിരതല്ലാൻ
മാത്രം എല്ലാം മറയ്ക്കും മതിലുകൾ.