രചന : രാജേഷ് കോടനാട് ✍
ദുബായീന്ന്
ഉണ്ണിടെ കത്ത് വന്നാൽ
പുഞ്ചവരമ്പ്
ആമയെയും
അടയ്ക്കാമണിയനെയും
ആകാശത്തേയും
ഉയർത്തിക്കാട്ടി
പൂമുഖത്തേക്കോടിക്കേറും
വീട്ടിലെല്ലാവരും
ഉമ്മറത്ത്
വട്ടളഞ്ഞിരിക്കും
വല്യേട്ത്തി കത്ത് പൊട്ടിച്ച്
ഉറക്കെ വായിക്കും
ചാരുകസാലയിലിരുന്ന
വല്ല്യമ്മാമൻ
കൈകൾ കോർത്ത്
തലക്ക് പിന്നിൽ വെച്ച്
പടിപ്പുരക്കൊളുത്തിൽ
ദൃഷ്ടി തൂക്കും
അമ്മ,
“കുട്ടി വരണ്ട വിവരൊന്നൂല്ല്യേ “
എന്ന് ഉൽക്കണ്ഠപ്പെട്ട്
കണ്ണ് തോർത്തും
മുത്തശ്ശി
കാലു നീട്ടിയിരുന്ന്
ചെല്ലം തുറന്ന്
അടയ്ക്കാമൊരി ചുരണ്ടും
ചെറേമ
വായിച്ച വാക്കിലെവിടെയോ തടഞ്ഞ്
കടിച്ച ഈരിനെ
വലിച്ച് മുട്ടും
ഉണ്ണിക്ക് വറുത്ത്
കൊടുത്തയയ്ക്കാൻ
പാകത്തിൽ
മേലേപ്പറമ്പിലെ
വരിക്ക പ്ലാവ്
തൻ്റെ കന്നിച്ചക്കയെ
മൂത്ത് ചെനച്ച് നിർത്തും
വാതിൽക്കൽ നിന്ന
വെളുമ്പിപ്പൂച്ച
തന്നെയൊന്നന്വേഷിച്ചില്ലല്ലോ
എന്ന മട്ടിൽ
കൃഷ്ണമണി മേൽപോട്ടുയർത്തി
മുഖമൊന്ന് ചൊറിഞ്ഞ്
ഓടാമ്പൽ വെറുതെയൊന്ന്
തട്ടി
‘ ഠ്ണിം ” എന്ന്
ഒച്ചപ്പെടുത്തുമ്പോഴായിരിക്കും
ഉണ്ണി
വെളുമ്പിയുടേയും കുഞ്ഞുങ്ങളുടേയും
സുഖവിവരം അന്വേഷിക്കുന്നത്
ചൊക്കുവെന്ന പേര്
കേൾക്കുമ്പോഴേക്കും
മുറ്റത്ത് കിടന്ന ചൊക്കുനായ
വാലൊന്നനക്കി
ചെവിയൊന്ന് വട്ടം പിടിച്ച്
കണ്ണൊന്ന് ചിമ്മി
തലയൊന്നു കൂടി
മേൽപോട്ട് നീട്ടിവെക്കും
തൊഴുത്തിലെ
പാണ്ടനും പുല്ലനും പാഞ്ചാലിയും
അയവെട്ട് നിർത്തി
ഉണ്ണീടെ കത്തിൽ മേയും
കത്ത് ചുരുക്കി
കടലാസ് മടക്കുമ്പോൾ
എല്ലാർക്കുമൊപ്പം
കഴുക്കോൽ വളയിലെ
കമ്പിറാന്തലും നെടുവീർപ്പിടും!
വല്ല്യമ്മാമൻ
കസാലയിൽ നിന്നെഴുന്നേറ്റ്
തോർത്തുണ്ട് ചുഴറ്റി തോളിലിട്ട്
ഉത്തരത്തിൽ തൂക്കിയ
വളയൻ പിടിയുള്ള
കുടയൊന്നെടുക്കും !!
