രചന : സഫൂ വയനാട് ✍
എന്നത്തെയുംപോലെ സൂസമ്മയ്ക്കന്നും
സാധാരണയിൽ സാധാരണയായ
ഓരീസം തന്നാർന്നു.
പൂപിഞ്ഞാണത്തിൽ വിളമ്പിവച്ച
ആവി പറക്കണ പോത്തുകൂട്ടാന്
എരികൂടിയെന്ന് പറഞ്ഞു കൊച്ചു വറീത്
ഒരു ഇടിയപ്പം മാത്രം കഴിച്ചേച്ചും
എണീറ്റുപോയ ഒരൂസത്തിൽ ഒരൂസം.
അപ്പീസിലേക്കയാള് ചവിട്ടിത്തുള്ളി
ഇറങ്ങിപ്പോയേ പിന്നെ
ശൂന്യതയ്ക്കൊപ്പം ചെയ്യണ ജോലിയിലൊക്കെയും
സൂസമ്മയ്ക്ക് പോരായ്മ തോന്നി.
അങ്ങോട്ട് മിണ്ടുകേലെന്നും
വേണോങ്കിൽ ഇങ്ങട് മിണ്ടട്ടേന്നും
മര അലമാരേടെ വട്ടക്കണ്ണാടിക്ക് മുന്നീ-
നിന്നേച്ച് പിറുപിറുക്കുമ്പോ
ഒന്നാം സമ്മാനം വാങ്ങിച്ച
അവളുടെ സർട്ടിഫിക്കറ്റുകൾക്ക് പോലും
അലമാരത്തട്ടുകളിലിരുന്നു ശ്വാസം മുട്ടി.
ഉച്ചപ്പെണ്ണ് ഉച്ചീവീണിട്ടും
റബ്ബറും കുരുമുളകും ഉണക്കീം
അയാൾടെ മുഷിഞ്ഞ കുപ്പായം
അലക്കിവെളുപ്പിച്ചും
അകോം പുറോം ഒരേപോലെ വെന്തപ്പോ
അയയിൽ ഉണക്കാനിട്ട,
ജിജി മോൾടെ ചുവന്ന ഉടുപ്പേൽ
സൂസമ്മേടെ കലാവാസന കൈകൾ തുന്നിയ
മഞ്ഞപൂമ്പാറ്റപോലും ചിറകനക്കി.
ഒടുക്കം മനസ്സ് പാകപ്പെട്ടൊരു നേരം
മൗനം മുറിക്കാന്നൊരു
തീരുമാനമെടുത്ത നേരത്ത്
ഈ തേങ്ങ ഇനീം പൊതിച്ചില്ലേടിയെന്ന്
തൊണ്ടപൊട്ടുമാറ് ഒച്ചയിട്ടു വരുന്ന
കൊച്ചുവറീതിനെ കണ്ടപ്പോ
മിണ്ടാൻ തുടങ്ങിയ വാക്ക്
വിഴുങ്ങിപ്പോയ ദുഃഖത്തിൽ
തെളിഞ്ഞുതുടങ്ങിയ അവളുടെ
കവിളത്തു വീണ്ടും അമാവാസി പൂത്തു.
പാതിരാ കുർബാനക്കിടാൻ
കൊച്ചു വറീതിന്റെ പച്ചകുപ്പായം
തേച്ചു മിനുക്കുന്നതിനിടക്കാണ്
പള്ളീ പോകയല്ലേ
മിണ്ടിയെക്കാന്നൊരു ചിന്ത
വീണ്ടുമങ്ങു മുളപൊട്ടിയത്.
പെരുന്നാളിന് പോകാൻ
മഞ്ഞ സാരി ഉടുക്കണോന്ന് ചോദിച്ചു
മൗനം മുറിക്കാൻ തുടങ്ങിയപ്പോ
നീ ഇതെപ്പോ ഒരുങ്ങാനാ,
എന്നതാ ഇത്രക്കിവിടെ മലമറിക്കാൻ
എന്നൊരു വാക്കിന്റെ വിളുമ്പ്
കർത്താവ് വിളിയോടെ കൂർത്തു വന്ന്
പിന്നേം സൂസമ്മേടെ വായടച്ചു.
എന്തെന്നറിയില്ലന്നേ
കരഞ്ഞുണങ്ങിയ കണ്ണീ കരിയെഴുതുമ്പഴും ,
ചിരി വറ്റിയ ചുണ്ടീ ചായം തേക്കുമ്പഴും,
പോണ വഴിയിലുടനീളം
കൊച്ചു വറീതെന്ന പഴേ കാമുകനെ
സൂസമ്മ പേർത്തും ഓർക്കാൻ മറന്നില്ല.
നിലാവുള്ള രാത്രീല്
മടിയിൽ തലവച്ചു കിടന്ന് അയാള് പറഞ്ഞ
പഴേ സ്വപ്നങ്ങള്
ഈശോ മിശിഹായ്ക്ക് സ്തുതീം പറഞ്ഞു
വരിവരിയായി മുന്നീ വന്ന്നിന്നപ്പോ
സൂസമ്മയ്ക്ക് നെഞ്ചിൻകൂട് കനത്തു.
ആകാശം മേൽക്കൂരയാക്കി
വീട് വെക്കണോന്നും
സ്നേഹം മാത്രം വിളമ്പണോന്നും
നിലാവുദിക്കും നേരം വരേയ്ക്കും
മിഴികളിൽ പൂത്ത പ്രണയപുഷ്പങ്ങൾ
നോക്കി പാട്ട് മൂളണമെന്നുമുള്ള
അയാളുടെ പൂതി ഓർത്തോർത്ത്
പള്ളിമുറ്റം എത്തിയതറിഞ്ഞതേയില്ല
നീ പഴേതേക്കാൾ ക്ഷീണിച്ചല്ലോടിയെ-
ന്നൊരു ചിരി ചിരിച്ച്
ഇരുള് തുരന്ന് കിതച്ചടുത്തേക്ക് വന്ന
അന്നമ്മച്ചിയേ കണ്ടപ്പോ
ഇവർ,മൂന്ന് കൊല്ലം മുമ്പും ഇത് തന്നല്ലേ
പറഞ്ഞതെന്നോർത്ത്
അവൾക് ചിരിവന്നു .
തിരിച്ചു പോണ വഴിയിലും
മടുപ്പോടെ മൗനം കനത്തപ്പോൾ
ഇഷ്ടം പെരുത്ത് ഒരിക്കൽ ഒളിച്ചോടിയ
വഴിയോരത്തെ ഓർമ്മപോലും,
സൂസമ്മ ആ വഴി കഴിഞ്ഞേപിന്നെയാ ഓർത്തെടുത്തത്.
കൊച്ചുവറീതിനോടുള്ള സ്നേഹം മൂത്ത്
സന്ധ്യ മാറി സൂസമ്മ ആയവളുടെ
പിണക്കങ്ങളൊക്കേം മാറീരുന്നത്
അയാൾടെ മുറുക്കെയുള്ളൊരു
കെട്ടിപ്പിടുത്തത്തിലായിരുന്നു.
പിണക്കത്തിനൊരു ഇണക്കമില്ലാതെ
ആ രാത്രീം ഇഴഞ്ഞു വെളുത്തപ്പോ
സൂസമ്മ,കൈകൂപ്പി ശിവനേന്നൊരു നെടുവീർപ്പുതിർത്ത്,
കർത്താവിനെ വിളിച്ചു, കുരിശും വരച്ച്
അടുക്കളയിൽ പതിവ് പല്ലവി തുടർന്നു.
തലേന്നത്തെ കള്ളിന്റെ കെട്ട് വിട്ടിട്ടും
ഉണരാത്ത കൊച്ചുവറീതിനെ
തട്ടി വിളിച്ചിട്ടും അനക്കമില്ലാതായപ്പോ
അപ്പൻ മരിച്ചു പോയതാണോ അമ്മച്ചീയെന്നൊരാന്തൽ
ജിജിമോൾ അവൾക്ക് നേരെയെറിയുംവരെ സൂസമ്മയ്ക്ക്
എന്നത്തേയും പോലെ ആ ദിവസവും
സാധാരണയിൽ സാധാരണയായ
ഒരൂസം മാത്രമായിരുന്നു..