സഹൃദയരാംസാമാജികസർഗ്ഗത്തിന്
സ്നേഹമാർന്നുലകിൽ സഞ്ചാരത്തിന്
സ്വാധീനമായൊരാസ്വാതന്ത്ര്യത്തിനായി
സർവ്വസന്നാഹമോടാഗ്രഹിക്കാനായി.

സന്ധിചേരുന്നോരു സൂതർക്കായെന്നും
സുധയാകിയ അറിവാർജ്ജിക്കുവാൻ
സിദ്ധമായൊരു സ്വാതന്ത്ര്യത്തിനായി
സർവ്വകാലവുമനുഗ്രഹമായേകിടാൻ.

സകലയിടവുമെത്തുന്ന ശ്വസനനെ
സർവ്വർക്കുമേകണമമലമാർന്നങ്ങു
സന്ദർഭമുണ്ടാകുവാനുറയ് ക്കേണം
സുഖമോടെയിളയിൽമേവുവാൻ.

സംസാരത്തിന്നുൽപ്പത്തിസാരമായി
സാനുക്കളിലായിശുദ്ധതയാർന്നതാം
സ്രോതസ്സുകളെല്ലാമെന്നുമിളയിലായി
സുരവാഹിനിയായെന്നുമൊഴുകുവാൻ.

സന്നിധാനത്തിലതിജീവനത്തിനായി
സൂകരമെത്തുന്നകിരണമുത്സാഹിതം
സതതമെപ്പോഴുമാശ്വാസത്തിനായി
സ്വതന്ത്ര്യമെത്തണമെവിടെയുമായി.

സംവാദമേറിയ മാനുഷരൊന്നിച്ച്
സ്ഥാനത്തായാദ്യയുത്ഭവിച്ചപ്പോൾ
സൂത്രമെല്ലാമടരാടുവാനായായുധം
സങ്കരമാർന്നുസംഘർഷമായുലകം.

സംഗരമാക്കിതുലച്ചോരുവിതാനം
സത്വരമൊന്നു മോചിപ്പിക്കുവാൻ
സത്വഗുണങ്ങളെല്ലാം സുമതിയായി
സ്വരമഴയായി സിതയിലുതിരുവാൻ.

സ്നേഹവാണികളെതിരില്ലാതെന്നും
സർവ്വസ്വാതന്ത്ര്യമാകുമിടത്തിനായി
സ്വാധീനമാക്കുക പാരിലെല്ലാമായി
സ്വച്ഛന്ദമാരുതനെപ്പോലൊഴുക്കണം.

സ്തുതിക്കുന്നോരമ്മ തന്നമലമാം
സത്‌നപാനീയമെന്നുമേതഥ്യയായി
സന്തതിക്കുദകുന്ന വരേണ്യതയിൽ
സന്തതമെത്തിടുവാൻ തൃപ്തമായി.

സാക്ഷിയാകുന്ന പ്രപഞ്ചത്തിലായി
സഹായിയായി പരസ്പരം ജനതതി
സാമർഥ്യമോടൊരു കുലത്തിലേന്ന്
സഹഭോജനത്തോടൊന്നിച്ചൊന്നായി.

സംവത്സരങ്ങളോളം വർത്തകരായി
സുഖനിധാനമായിപരിശ്രമിച്ചെന്നും
സന്തുഷ്ടരാകുവാനായഭയമായതു
സ്വർഗ്ഗസമാനയഹിംസാപ്രവൃത്തികൾ.

സംസ്‌കാരശകലമായങ്കുരിച്ചതെല്ലാം
സാരമായൊരാവേദനിർത്ധരികൾ
സാധ്യമായതാംസുകൃതമാനസങ്ങൾ
സങ്കരമില്ലാതുദ്ധരിക്കേണമെങ്ങും.

സേവകരാകേണമയുപാദ്ധ്യായികൾ
സ്മൃതിപഥങ്ങളിലറിവുമായെത്തി
സമാഹരിച്ചതെല്ലാമേകുവാനായി
സതതമാഗ്രഹിക്കണമനുഗ്രഹമായി.

സത്യധർമ്മാദിസമീക്ഷാസൂക്തങ്ങളെ
സുദർശനങ്ങളാം നിദർശനങ്ങളെ
സദയമാചരിക്കേണമുന്നതിക്കായി
സിദ്ധാന്തത്തിലായതെല്ലാമത്യുത്തമം.

സാക്ഷാൽക്കാരമതി സൂക്ഷ്മമായി
സ്നേഹപൂർവ്വമായന്യക്ഷേമത്തിൽ
സ്വമേധയാ സമർഥരായാചരിച്ചതു
സമ്യക്കായിവസുദൈവകുടുംബകം.

സാമ്രാട്ടായോരെല്ലാം സാത്വികരായി
സമൂഹത്തിനായുദകിയതേകിടാൻ
സ്വാർഥരായോരാഹിംസവെടിഞ്ഞന്ത്യം
സമഷ്ടിചിന്തകൾ പൂരിതമാക്കണം.

സന്തതം സമഭാവനാവൃത്താന്തത്തിൽ
സർവ്വതോന്മുഖമായ വികസനങ്ങൾ
സ്ഫുടമാകുവാനനുഭാവമാക്കേണം
സ്വസ്തിയാകിയസ്വാതന്ത്ര്യംസർവ്വദാ.

അഡ്വ: അനൂപ് കുറ്റൂർ

By ivayana