രചന : സബ്ന നിച്ചു ✍️
അടുക്കളേൽ വിരിച്ച കീറത്തുണി
കൂട്ടിപ്പിടിച്ച് അമ്മ ചക്കിയെ തട്ടിവിളിക്കും..
ഓട്ടപുതപ്പ് ചുറ്റി ഓൾ തവളൻ്റെ കൂട്ട്
മുട്ടുമ്മൽ കിടക്കും..
ചക്ക്യേ.. ണീക്കുന്നുണ്ടോന്ന് ചോദിച്ച്
അമ്മ തട്ടിൻ്റെ ഊക്കു കൂട്ടും..
അടുപ്പിലെ പുക മൂക്കിൽകേറി
ചുമക്കുമ്പോൾ
സുഖിച്ചുറങ്ങാൻ പറ്റാത്ത
നരകമാണിതെന്നും പിറുപിറുത്ത്
ഓൾ കണ്ണുതിരുമ്മും..
മണ്ണുതേച്ച വലത്തെയടുപ്പിൽ
തേയിലവെള്ളവും
ഇടത്തേയടുപ്പിൽ
ഒരിക്കലും മാറാത്ത നുറുക്കുഗോതമ്പും
തിളച്ചുമറിയും..
പല്ലിൽ ഉമിക്കരിയിടുമ്പോൾ
കണ്ണിൽ തെളിച്ചംവരും
അമ്മൻ്റെ പൊട്ടിയ ചുണ്ടും
നീലിച്ച മുഖവും
വറ്റിയ കണ്ണും കണ്ട്
ഒന്നും ചോദിക്കാൻ നിക്കാണ്ട്
ചക്കി കട്ടൻമോന്തും ..
കഞ്ഞിക്കലം മൂടി
ഉണക്കമീൻ ചുട്ട്
ചീരുള്ളിയിട്ടുകുത്തി ചമ്മന്തിയാക്കി
അമ്മ ഉറിയിൽ കേറ്റും..
കഞ്ഞികുടിച്ച് സ്ക്കൂളിൽ
പൊക്കോണ്ടൂന്നും പറഞ്ഞ് ഓൾ
സാരി ഞൊറിയും,
ചക്കി അച്ഛനെനോക്കും..
മെലിഞ്ഞ് എല്ലുന്തിയ അച്ഛൻ
തീവണ്ടിക്കൂട്ട് മൂക്കിലൂടെ
പുകവിട്ടിരിക്കും..
ഇന്നലെ ശർദ്ദിച്ചു വച്ചതെല്ലാം
അമ്മ കഴുകിക്കളഞ്ഞിട്ടുണ്ടെന്ന്
മനസ്സിൽ പറയും..
അമ്മ ബാഗും തൂക്കി
അച്ഛൻ്റെ മുന്നിൽ നിക്കും,
അമ്മനെ കാണുമ്പോഴൊക്കെ
ചിരിക്കാനറിയാത്ത
കല്ല്കൊണ്ട് പടച്ച പടപ്പാണന്ന്
ഓൾക്ക് തോന്നും..
അച്ഛൻ രാജാവിൻ്റെ കൂട്ട്
അമ്മയെ മാടിവിളിക്കും..
ചരിഞ്ഞ് നിക്കുമ്പോൾ
പള്ള കാണുന്നുണ്ടോന്ന്
തിരിച്ചും മറിച്ചും
നോക്കും..
ഇറുകിയ കുപ്പായമാണെന്നും
ആൾക്കാരെ വിളിച്ചു കൂട്ടാനുള്ള
പണിയാണന്നും പറഞ്ഞ് എളിയിൽ നുള്ളും..
അമ്മ അനങ്ങാക്കല്ല് കൂട്ടുനിക്കും
ചക്കീൻ്റെ കണ്ണിൽ മാത്രം
വെളളം നിറയും,
ഓൾവാതിലിൻ്റെ മറവിലേക്ക്
മാറി നിക്കും..
എത്ര പേരുമായിട്ട് ഇടപാടുണ്ടെടീ
നിനക്കെന്നും ചോദിച്ച്
സിഗരറ്റുകുറ്റി മോത്ത് കുത്തും,
കരയാത്തയമ്മ കല്ല് തന്നെയെന്ന്
ചക്കി ഉറപ്പിക്കും..
അപ്പുറത്തെ കുട്ടൻമാമൻ
ഒച്ചയെടുത്ത് അച്ഛനെനോക്കും..
അച്ഛൻ കീരിൻ്റെ കൂട്ട്
മുറ്റമിറങ്ങും..
താനൊരു മനുഷനാണോടോന്ന്
ചോദിച്ച്
കുട്ടൻമാമൻ വേലികുലുക്കും ..
കിടന്നുകൊടുത്തതിൻ്റെ
നന്ദി കാട്ടാൻ
എന്നെ കൊണക്കുന്നോ
കഴുവേറീന്നും ചോദിച്ച്
അച്ഛൻ മാമനുനേരെ
മുണ്ടുപൊക്കി കാണിക്കും
മാമൻ തിരിഞ്ഞു നടക്കും..
അമ്മ തക്കംനോക്കി വേലികടക്കും..
റോട്ടിലിക്ക് നീളണ വഴിയിൽ
ഭദ്ര വേഗം നടക്കും..
കുട്ടൻ പിറകെ കൂടും
നിർത്താത പോണ
വണ്ടികണക്കുള്ള പെണ്ണിനെ
ഓൻ പിടിച്ച് നിർത്തും
പൊതിഞ്ഞു കൊണ്ടന്ന
മരുന്ന് ഓള മോത്ത്പുരട്ടും
ഓൾ കല്ലുകണക്കെ നിക്കും
മിണ്ടാൻ അറിയാത്തവരെ കൂട്ട്
രണ്ടാളും ഇരുവഴി നടക്കും..
വിഷൂൻ്റെ തലേന്ന് പുത്തനുടുപ്പു
കൊണ്ടന്ന അമ്മയെ
അകത്ത് കേറ്റാതെ
അച്ഛൻ
നായൻ്റെ കൂട്ട് മണത്തുനോക്കി..
അമ്മക്ക് മുതലാളീൻ്റെ ചൂരാണെന്നും
അതിൻ്റെ കൊണമാണ്
കയ്യിലെ കുപ്പായ പൊതിയൊന്നും
പറഞ്ഞ് അമ്മനെ പൊടിമണ്ണിലിട്ട്
ഉരുട്ടിത്തല്ലി,
ആദ്യായിട്ട് അമ്മ തല്ലുകൊള്ളാതെ
ഒഴിഞ്ഞുമാറി പുരക്കകത്ത്കേറി
തീ കൊളുത്തി..
ചക്കി ചീറിക്കരഞ്ഞു..
അമ്മ തീപന്തം കൂട്ട്
മുറ്റത്തേക്ക് ഓടിവീണു,
അച്ഛൻ നിന്നുചിരിച്ചു..
ഉരുകെട്ടെടീ അൻ്റ കൊഴുപ്പെന്നും പറഞ്ഞ്
കാലും നീട്ടിയിരുന്നു,
ചക്കി തീപന്തത്തിനു
പിന്നാലെ ഓടിനടന്നു..
അമ്മേന്ന് വിളിച്ച് ചാടിക്കരഞ്ഞു..
ഭദ്രേന്ന് വിളിച്ച് കുട്ടൻമാമൻ വന്നു,
കുപ്പായമൂരി അമ്മനെ ചുറ്റിപിടിച്ചു
താങ്ങിപിടിച്ച് ഇരുട്ടിലേക്കോടി..
ആസ്പത്രീലുള്ള അമ്മനേംകൊണ്ട്
കുട്ടൻമാമൻ നടുവിട്ടെന്നും
അമ്മപിഴയാണന്നും പറഞ്ഞ്
അച്ഛൻ കഞ്ഞിക്കലം അടുപ്പത്ത് വെച്ചു ..
കത്തിപിടിക്കാഞ്ഞിട്ട്
അടുപ്പിൽ വെള്ളമൊഴിച്ച് വീടുകുലുക്കി,
ചക്കീൻ്റെ വയറ്റിൽ കാറ്റുനിറഞ്ഞു ..
കഞ്ഞിതിളക്കണ മണംകിട്ട്യാലും
മതിയെന്ന് ഓൾക്ക് തോന്നി..
കുട്ടൻമാമൻ്റെമ്മയും അച്ഛനും
ദിനവും വേലിക്കൽ നിന്ന് വാക്കുപറയും..
മാമനെ അമ്മ മയക്കീതാണന്നും
മാമൻ കൊച്ചുപയ്യനാണെന്നും
മാമൻ്റമ്മ പ്രാകി പറഞ്ഞ്
മണ്ണ് വാരിയെറിയും..
അച്ഛൻ അവരുടെ തന്തക്കുവിളിക്കും
മാമൻ അമ്മേൻ്റ പണ്ടുമുതലുള്ള
സേവക്കാരനാണന്ന് പറയും,
അല്ലാണ്ട് കരിഞ്ഞ് ഉരുകിയോളെക്കൊണ്ട്
നാടുവിടുകേലെന്നും ഉറപ്പിക്കും..
അന്നേരം ചക്കി അടുക്കളതപ്പും
വിശപ്പ്മാറാൻ
ആൾമറയില്ലാത്ത
കിണറ്റിൽ തൊട്ടിയെറിയും
കുഞ്ഞു കൈ ഏന്തിവലിച്ച്
വെള്ളംകോരും..
അടുത്ത വീട്ടിലെ ആട്ടിൻകുഞ്ഞ്
പ്ലാവില തിന്നണത് കണ്ട്
ഓളും തിന്നും,
കാടിപാത്രത്തിൽ തലയിട്ട്
വയറു നിറക്കും
തള്ളയാട് ചക്കിയേ
നക്കിനിന്ന് അമ്മയാകും..
അച്ഛൻ ശർദ്ദിച്ചു നിരങ്ങിയ
പുരകേറാതെ
ആടിനു വെട്ടിയിട്ട പുല്ലിൽ
ഒളിച്ചു കിടക്കും..
ഭദ്രേൻ്റെ വായിൽ
കുട്ടൻ പൊടിയരി കഞ്ഞിയൊഴിച്ച്
അടുത്തിരുന്നു…
തൊലിയിളകിയ മുറിവിൽ
മരുന്നുപുരട്ടി
നെറുകം തലയിൽ മുത്തംകൊടുത്തു
ഓള കണ്ണിൽ കടൽ നിറഞ്ഞു..
ഓൻ്റെ സ്നേഹം കാണതിരിക്കാൻ
കണ്ണടച്ചു..
ഇട്ടിട്ട് പൊക്കോളാൻ പറഞ്ഞ്
മുഖം തിരിച്ചു,
ഇടക്കും തലക്കും ചക്കീന്ന് വിളിച്ച്
തേങ്ങിക്കരഞ്ഞു..
ചക്കീനേം കൂട്ടി കുടുംബം
വലുതാക്കാൻ
കുട്ടൻ നാട്ടിലിക്ക് വണ്ടികേറി..
കൂട്ടിയിട്ട പുല്ലിൽകിടന്ന പെണ്ണിനെ
മൂർഖൻ തീണ്ടി ചത്തെന്നു കേട്ട്
ഓൻ തരിച്ചുനിന്നു..
അടക്കിയ മണ്ണിൽ പൂവിട്ട്
തിരിച്ചുപോന്നു..
ഓൾ പോരുന്നില്ലെന്നും
ഓളെയച്ഛൻ
പൊന്നുപോലെ നോക്കുന്നുണ്ടെന്നും
ഭദ്രയോട് പൊളള് പറഞ്ഞു,
ഓൾ ഉറക്കെ ചിരിച്ചു..
പൊളി പറയാൻ കുട്ടനറിയില്ലെന്നും
പറഞ്ഞ് ഏങ്ങിക്കരഞ്ഞു..
കുട്ടൻ ഓൾടെ കണ്ണുതുടച്ചു
കരിഞ്ഞ് പൊളിഞ്ഞ മേത്ത്
മരുന്ന് പുരട്ടി ..
ഓള കൈച്ചിലാക്കാൻ പറ്റീല്ലാന്നും
അന്നെ വിട്ട് പോകുലാന്നും പറഞ്ഞ്
മുറിവിലൂതി അടുത്ത്കിടന്നു ..
ചക്കിക്ക് കുഴിയിലും പശിച്ചു..
പറന്നുപൊങ്ങി കാടിപാത്രം
തിരഞ്ഞു ..
ആടുകാണാതെ കട്ടുകുടിച്ചു
ഏമ്പക്കംവിട്ട് അമ്മേനെ തേടി,
കാറ്റുപിടിച്ച് മുറിയിലിറങ്ങി..
അമ്മേൻ്റെ തേങ്ങൽ കണ്ട്
അന്തംവിട്ടു,
അമ്മ കല്ലല്ലന്ന് കണ്ട്
അടുത്ത് ചെന്നു .
പെണ്ണ് കല്ലല്ലന്നും ചെത്തിമിനുക്കിയ
ആയുധമാകണമെന്നും
ചെവിയിൽ ചൊല്ലി
അമ്പുകണക്കെ
ആകാശംതൊട്ടു !