രചന : പ്രകാശ് പോളശ്ശേരി✍️.
കറുത്ത വാല്മീകിയുടെ വെളുത്ത മകൾ
തുറിച്ചു പറയുന്നു നീയാണെൻ്റച്ഛൻ
നിനച്ചിരിക്കാനേരത്തു കേട്ട സത്യം
കുലച്ച കുച്ചിയെ തളർത്തിയല്ലോ
വെടിക്കു പോയവൻ നനഞ്ഞപടക്കമായ്
പൂത്തിരിയൊന്നും കത്തിയതുതില്ല
വെളിച്ചമില്ല കൊടിയേറിയുത്സവം
ആറാട്ടൊന്നും കഴിച്ചുമില്ല
മദിച്ചയാനകൾക്കു രതിയൊരുക്കുവാൻ
ഇണയില്ല തുണയില്ല ദേവദാസിയുമില്ല
യെല്ലമ്മകൾ വിട്ടു തട്ടകം
സോനാഗച്ചിതെരുവും വിജനമിന്ന്
കറുത്ത മുറിയിൽ മുലയുണ്ണാൻ
പോയവർ കയ്ച്ച മുലയെ കണി കണ്ടു പോന്നു ,
നീസൃഷ്ടിച്ച കൽ ദേവതയിൽ പട്ടിമുള്ളിപ്പരിഹാര പുണ്യാഹം
ദണ്ഡാവത്തിൻ കന്യാചർമ്മദൈവത്വം കാത്തതുമില്ല,
ധൂമവലയത്തിലാഢ്യത്വം പോയി,
പശിയടക്കാൻ കാമാത്തിപ്പുര,
സ്വാതന്ത്ര്യമേ നീയെവിടെ
ഞാൻ കാട്ടിത്തരാം മുത്തച്ഛനെയെന്ന
തേൻ മൊഴി കേട്ട തമ്പ്രാനോടിയൊളിച്ചു
വാല്മീകി മകൻ പിതൃത്വം
തേടുമ്പോൾ പൊട്ടിച്ചിരി കേട്ടവരുണ്ടോ
✍️

വാല്മീകി-ബല്ലാരിയിലെ അധകൃത ജാതി
ദണ്ഡാവത് – ഋതുമതിയായ പെൺകുട്ടികളുടെ കന്യാകത്വം ജന്മികൾ കളഞ്ഞ് ദേവദാസിയാക്കുന്ന ചടങ്ങ്
യെല്ലമ്മ – വേശ്യാവൃത്തിയ്ക്ക് പോകുന്ന പെണ്ണുങ്ങളുടെ ദൈവസങ്കൽപ്പം / പിമ്പുകളേയും പറയും