രചന : ജോബിഷ് കുമാർ ✍️.
പതിയെ
പതിയെയവൾ
നിശബ്ദമായി തുടങ്ങി
അമ്മയിപ്പോൾ
ഒച്ചയുണ്ടാക്കിയതിനവളെ
തല്ലാറില്ല
അനിയനുമായി
അച്ഛൻ കൊണ്ടു വന്ന പലഹാരപൊതിക്കു
വേണ്ടിയവളിപ്പോൾ
വഴക്കുണ്ടാക്കാറില്ല
അനിയന് മേടിച്ച
പുതിയ ഡ്രസ്
നോക്കിയെനിക്കില്ലയല്ലേ
എന്ന് പറഞ്ഞവളിപ്പോൾ
പിണങ്ങാറില്ല
എന്നുമവനല്ലേ
അച്ഛന്റെയടുത്തു
കിടക്കുന്നത് ഇന്ന്
ഞാൻ കിടക്കട്ടെയമ്മേയെന്നവൾ
പരാതി പറയാറില്ല
അച്ഛന്റെ മടിയിൽ
കയറിയിരുന്നാ
താടി മുടിയിലവളിപ്പോൾ
വലിച്ചു കളിക്കാറില്ല
സ്കൂളിൽ ഒന്നാം സ്ഥാനം
നിലനിർത്തി പോകാൻ
അവളിപ്പോൾ
കൂട്ടുകാരോട്
മത്സരിച്ചു പഠിക്കാറില്ല
ഒരുരിട്ടിൽ
അമ്മയച്ഛനോട്
ഈ പെണ്ണിപ്പോഴെന്താ
ഇങ്ങനെ മിണ്ടാട്ടം
ഇല്ലാതെ ഒരു തരം
പെരുമാറ്റമെന്ന
ചോദ്യത്തിന് അച്ഛനൊരു
മൂളലിൽ ഉറക്കം
പിടിച്ചപ്പോൾ അവളൊന്ന്
പിടഞ്ഞു..
അയാളിന്നും
വീട്ടിൽ വന്നു പോയി
അയല്പക്കത്തെ
മാമനെന്ന് അച്ഛനുമമ്മയും
പേരിട്ട അയാൾ
അവൾ പിന്നെയും
പിടഞ്ഞു കൊണ്ടിരുന്നു
അയാളാദ്യമവളെ
ചിരിയോടെ
പിടിച്ചമർത്തിയപ്പോ
പിടഞ്ഞത് പോലെ.
