രചന : കെ.ആർ.സുരേന്ദ്രൻ ✍️
ഋതുപരിണാമങ്ങളിൽ,
നിന്റെ
രൂപപരിണാമങ്ങളെ
ഞങ്ങൾ സാകൂതം
വായിച്ചനാളുകളോർക്കാറുണ്ട്.
മാനം നിന്നിലേക്ക്
പെയ്തിറങ്ങുന്ന കാലത്ത്,
നീ തളിരിടുന്നതും,
പച്ചച്ചേലയുടുക്കുന്നതും,
ജലാശയങ്ങൾ
നിറഞ്ഞുകവിഞ്ഞൊഴുകുന്നതും
ഞങ്ങളുടെ
വായനയിൽ
ഉൾക്കൊണ്ടിട്ടുണ്ട്.
നിന്നിൽ
പൂക്കാലമെത്തുന്നതും,
നീ വർണ്ണച്ചേലകൾ
മാറിമാറിയുടുത്ത്
മനോഹാരിണിയാകുന്നതും,
നിന്നെ
ആഹ്ലാദവതിയാക്കുന്നതും,
നിന്നെ
സമൃദ്ധിയുടെ നാളുകളിലേക്ക്
ആനയിപ്പിക്കുന്നതും
ഞങ്ങൾ വായിച്ചും,
അനുഭവിച്ചും
അറിഞ്ഞിട്ടുണ്ട്.
നിന്നിൽ ശൈത്യം
പെയ്തിറങ്ങുന്നതും,
നീ ഞങ്ങളെ
ശൈത്യത്തിന്റെ
പുതപ്പണിയിക്കുന്നതും,
കുളിരണിയിപ്പിക്കുന്നതും,
താരങ്ങൾ നിന്നിലേക്കിറങ്ങി,
ക്രിസ്മസ് ലഹരിയിലാറാടിക്കുന്നതും,
നിന്നിൽ പുളകം വിതക്കുന്നതും,
ഞങ്ങളിൽ ആഹ്ലാദം
വിതക്കുന്നതും,
ഞങ്ങളുടെ വായനാനുഭവങ്ങളാണ്.
നിന്നിലേക്ക് സൂര്യൻ
കനലായി
പെയ്യുന്നകാലവും,
സൂര്യചുംബനങ്ങളിൽ
നീ വാടിക്കരിയുന്നതും,
നിന്നെ ഊഷരയാക്കുന്നതും,
ദാഹജലത്തിനായി
കൊക്കുപിളർത്തി
നില്ക്കുന്ന
മഴയെ ധ്യാനിക്കുന്ന
വേഴാമ്പലാക്കുന്നതും,
ഞങ്ങളുടെ വായനയിലേക്ക്
പ്രവേശം നടത്തിയിട്ടുണ്ട്
ഋതുപരിണാമങ്ങൾ
നിനക്ക് എന്തെന്ത്
രൂപപരിണാമങ്ങളാണ്,
വരുത്തുന്നതെന്നോർത്ത്
ഞങ്ങൾ
അതിശയിച്ചിട്ടുണ്ട്.
കാലം
ഋതുപരിണാമങ്ങളെ
തകിടം മറിച്ച്,
നിന്റെ
രൂപപരിണാമങ്ങളേയും
തകിടം
മറിക്കുകയാണ്
എന്നോർത്ത്
ഞങ്ങളിന്ന്
ദു:ഖാർത്തരാണല്ലോ….
