രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍
മതിലുകൾ മതിലുകളെവിടെയുമൊരുപോൽ
മതിലുകൾ മതിലുകൾമാത്രം!
കദനത്തിൻ പടുകുഴികളിലാണ്ടു
മനുഷ്യർ പിടഞ്ഞുമരിക്കേ,
ഹൃദയംനൊന്തുരചെയ്യുന്നേൻ നിജ-
സങ്കടമൊന്നൊന്നായി
അതുകേൾക്കാനായവനിയിലൊരുവരു-
മില്ലെന്നതുതാൻ സത്യം
പുലരികൾ വീണ്ടുംവീണ്ടുംപുലരു-
ന്നിളവേറ്റുണരുന്നീഞാൻ!
പലപല വേഷംകെട്ടിമദിപ്പൂ,
പലരും ഹാ!കൺമുന്നിൽ
ഇടനെഞ്ചിൽനിന്നോരോനിമിഷവു-
മുയരുന്നാത്മഗതങ്ങൾ!
പടുതയൊടെങ്കിലുമെഴുതുകയല്ലോ,
കവിതകൾ നിരവധിയീഞാൻ!
യുഗപരിണാമങ്ങൾക്കങ്ങേപ്പുറ-
മുണ്ടൊരു പരമശ്ശക്തി!
അതിനെ നിരന്തരമെന്നകതാരി-
ലുറപ്പിച്ചീഞാൻ നിൽപ്പൂ
അവിടുന്നേകുന്നനിതരമെന്നിൽ
കവന മഹാസൂക്തങ്ങൾ!
അവിടുന്നേകുന്നാത്മീയതതൻ
ധ്വനിതനിനാദശ്രുതികൾ!
അവിടുന്നുജ്ജ്വലദീപശിഖയാ-
യെന്നിലെരിഞ്ഞേ,നിൽപ്പൂ!
അഹന്തപാടേ,യകതളിരിൽനി-
ന്നകന്നകന്നേ പോകാൻ,
അറിയുക മാനവരറിയുകനിത്യവു-
മായതിനെപ്പുനരേവം
മതിലുകളില്ലാലോകമതത്രേ,
കണികാണേണ്ടൂ നമ്മൾ
മതിലുകൾ,മതിലുകൾ ജീവിതയാത്രയ്-
ക്കതിരുകൾ തീർക്കുകയല്ലോ!