രചന : രാജു വിജയൻ ✍
ഒന്നിനു വേണ്ടി മാത്രം മണ്ണിൽ
യാചിക്കരുതേ നിങ്ങൾ… ആ
യാചക വേഷം കെട്ടുകിലവരുടെ
കോമാളിച്ചിരിയാകാം….!
കരളു പിടഞ്ഞു പുകഞ്ഞെന്നാലും
യാചിക്കരുതേ നിങ്ങൾ
കടലു കലക്കും കണ്ണീരാലെ
കോമാളിച്ചിരിയാകാം….!
നൊന്തു, വരണ്ടു പിളർന്നെന്നാലും
യാചിക്കരുതേ നിങ്ങൾ
കരിമുകിൽ പോലെയലറിയുരുകും
കോമാളിച്ചിരിയാകാം….!
അഗ്നി പെരുത്തു വിയർത്തെന്നാലും
യാചിക്കരുതേ നിങ്ങൾ
കാനന സന്ധ്യകൾ ചോക്കും പോലെ
കോമാളിച്ചിരിയാകാം…..!
നീയില്ലെന്നാൽ ഞാനില്ലെന്നതു
യാചിക്കരുതേ….നിങ്ങൾ
എലിയുടെ മുന്നിലെ മാർജാരച്ചിരി
ചെവികളിൽ ചിരിയൊലി തീർക്കും…
സ്നേഹിക്കാനായ് മാത്രമിവിടെ
യാചിക്കരുതേ നിങ്ങൾ.. ആ
യാചക വേഷം പോലുമിവിടെ
ഒരു ഭ്രാന്തൻ ചിരിയിലൊതുക്കും….!
ഒരു ഭ്രാന്തൻ ചിരിയിലൊതുക്കും…..!!