ന്യൂ യോർക്ക് :ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു . ഫൊക്കാന കേരള കൺവൻഷന്റെ സമാപന സമ്മേളനനത്തിൽ വെച്ചാണ് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് ആദരിച്ചത്. ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, കേരളാ ചീഫ് സെക്രട്ടറി എ.ജയ് തിലക്(ഐഎഎസ്),ബിൻസി സെബാസ്റ്റ്യൻ(മുൻസിപ്പൽ കൗൺസിലർ),കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ,സജിമോൻ ആന്റണി(പ്രസിഡന്റ്),ശ്രീകുമാർ ഉണ്ണിത്താൻ(ജനറൽ സെക്രട്ടറി),ജോയി ചാക്കപ്പൻ (ട്രഷർ )സിഎസ്‌ഐ ചർച്ച് ബിഷപ്പ്,എബി എബ്രഹാം,അനിൽ അടൂർ(ഏഷ്യാനെറ്റ് ന്യൂസ്),ശരത്ചന്ദ്രൻ(കൈരളി), ജോയ് ഇട്ടൻ (കേരള കൺവൻഷൻ ചെയർ),ഫൊക്കാന ഭരണസമിതി അംഗങ്ങൾ,ഫൊക്കാനയുടെ മുൻ പ്രസിഡന്റുമാർ തുടങ്ങി നിരവധിപേർ വേദിയിൽ സന്നിഹിതരായിരുന്നു.

യുകെയിലെ മലയാളി അസോസിയേഷനുകളുടെ അസ്സോസിയേഷൻ ആണ് യുക്മ, 130 ൽ അധികം അംഗ സംഘടനകൾ ഉള്ള സംഘടനകൂടിയാണ് യുക്മ. യുക്മയുടെ പ്രസിഡന്റ് ആയ അഡ്വ . എബി സെബാസ്റ്റ്യൻ
യുക്മയുടെ ‘പകരക്കാരില്ലാത്ത അമരക്കാരന്‍’ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ്. യുക്മയുടെ പ്രശസ്തിയും പ്രസക്തിയും വാനോളുമുയര്‍ത്തിയ “കേരളാ പൂരം” എന്ന പേരില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന വള്ളംകളിയും അതിനോട് അനുബന്ധിച്ചുള്ള കേരളീയ കലാ-സാംസ്ക്കാരിക പരിപാടികളും. തുടക്കം മുതല്‍ തുടര്‍ച്ചയായി ആറ് തവണ ‘കേരളാ പൂരം’ ജനറല്‍ കണ്‍വീനര്‍ സ്ഥാനത്തുള്ള എബിയുടെ കൂടി പ്രവര്‍ത്തനത്തിലൂടെ മലയാളികളുടെ എല്ലാ വര്‍ഷവുമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഗമം എന്ന നിലയിലേയ്ക്ക് ‘കേരളാ പൂരം’ വളര്‍ന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലം യുക്മയുടെ സന്തതസഹചാരിയായ എബി പ്രഥമ കലാമേള മുതലാണ് സംഘടനയിലെ സജീവസാന്നിധ്യമാകുന്നത്.

യുക്മ ദേശീയ കലാമേള സംഘടിപ്പിക്കുന്നതിന് ശക്തമായ പിന്തുണയും മാര്‍ഗനിദേശങ്ങളും നല്‍കിയ എബി,കഴിഞ്ഞ 15 ദേശീയ കലാമേളകളിലും സജീവസാന്നിധ്യമായിരുന്നു. ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ ഒരു ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു. യുക്മയുടെ ദേശീയ വൈസ് പ്രസിഡന്റ്, വക്താവ് എന്നീ നിലകളിലും, ഒ.ഐ.സി.സി യു.കെ ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം കൂടിയാണ്. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ്. സൗത്ത് ഈസ്റ്റിലെ ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രതിനിധിയായി യുക്മ ദേശീയ നേതൃത്വത്തിലേക്കെത്തിയ കോട്ടയം കുറവിലങ്ങാട് സ്വദേശിയായ എബി ലണ്ടനില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. സിവില്‍ എഞ്ചിനിയറായ ഭാര്യ റിനറ്റ്, സീനിയര്‍ പ്ലാനിങ് മാനേജറാണ്.

യുകെയിലെ മലയാളീ സംഘടനകൾക്കു വേണ്ടി എക്കാലവും അഡ്വ . എബി സെബാസ്റ്റ്യൻ നൽകിയ കലവറയില്ലാതെ പിന്തുണയും, ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ പ്രവാസ ലോകത്തെ ദേശീയ സംഘടനയായ യുക്മയുടെ പ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളെയും മാനിച്ചാണ് യുക്മയുടെ പ്രസിഡന്റായ എബി സെബാസ്റ്റ്യന് കാരുണ്യശ്രേഷ്ഠ പുരസ്കാരത്തിന് അർഹനാക്കിയത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രയപെട്ടു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *