രചന : ബിനു. ആർ ✍
ബാല്യത്തിലേക്കൊരുവട്ടംകൂടി പോകാ-
മൊരിക്കലെങ്കിലുമൊന്നു,മടങ്ങി,
യെന്റെ അതിമോഹം,തുകൽചെരിപ്പണിഞ്ഞു
കല്ലുവെട്ടാൻകുഴിയിലെകപ്പലുമാവിലൊ-
ന്നോടിക്കയറുവാൻ,കൊമ്പിലൂടൊന്നു
ഞാന്നുമറിഞ്ഞുകളിക്കാൻ മോഹം!
ഒരിക്കലെങ്കിലുമെനിക്കൊന്നുബാല്യത്തി-
ലേക്കുമടങ്ങിപ്പോകാൻ കഴിഞ്ഞെങ്കിൽ;
മരത്തിൽനിന്നും മരത്തിലേക്കുപാറുന്ന
മലയണ്ണാനെ പാറിപ്പറക്കുമ്പോളൊന്നെറിഞ്ഞു
വീഴ്ത്തുവാനൊന്നുകൂടി പരിശ്രമിക്കാൻ, മോഹം!
ഒരിക്കൽക്കൂടിയെനിക്കൊന്നുബാല്യത്തി-
ലേക്കുമടങ്ങാൻകഴിഞ്ഞിരുന്നെങ്കിൽ;
കപ്പക്കായയിൽ ഈർക്കിൽ കുത്തിയ
വണ്ടിയുണ്ടാക്കി കമ്മ്യുണിസ്റ്റുപച്ചതൻ
കവരക്കമ്പിനാലോടിച്ചുകൊണ്ട് കൂട്ടിന്റെ
വട്ടി*നെ തോൽപ്പിച്ചൊന്നുപാളിച്ചിരിക്കാൻ മോഹം!
ഒരിക്കൽക്കൂടിയെനിക്കൊന്നുബാല്യത്തി-
ലേക്കുമടങ്ങുവാൻകഴിഞ്ഞെങ്കിൽ;
ചൂണ്ടലിടുന്ന മൂന്നാളാഴമുള്ളകുളത്തി-
ന്നടുവിൽ വിലങ്ങനേകിടക്കും മര-
പോസ്റ്റിലൂടെ അക്കരെയിക്കരെയൊന്നു
നടന്നു,നീന്തലറിയാ,യെന്നെയന്നുതള്ളി-
യിട്ടവനെ,യൊന്നുതള്ളിയിട്ട്, യവന്റെ
വെപ്രാളവും തപ്പുംതുടിയും കണ്ടാർത്തു-
കൈകൊട്ടി ചിരിച്ചുമറിയാനൊരു മോഹം!
ഇനിയൊരിക്കലെങ്കിലുമെനിക്കുബാല്യ-
ത്തിലേക്കൊരു മടക്കയാത്രക്കിടമു-
ണ്ടെങ്കിൽ ; അക്കരെനിക്കണതെങ്ങിൻ
മണ്ടേലൊറ്റക്കണ്ണൻകള്ളകാക്കേടെ
മറ്റേക്കണ്ണും വായുതോക്കിനാലൊറ്റക്കയ്യാൽ
വെടിവച്ചുപൊട്ടിച്ചു രസിക്കാനൊരു മോഹം!.
ബാല്യത്തിലേക്കിനിയുമൊരുമടക്കയാത്ര-
യൊരിക്കലെങ്കിലും സംഭവിച്ചെങ്കിൽ ;
എന്റേയേറിൽ നിന്നുംരക്ഷപ്പെട്ടു കൂവി-
യാർത്ത പൂവങ്കോഴിയെ,യൊറ്റയേറിനുകഴു-
ത്തൊടിച്ചുവീഴ്ത്തിയൊന്നുരസിക്കാനൊരു മോഹം!
ബാല്യത്തിലേക്കുവീണ്ടുമൊന്നുതിരിച്ചു
പോകുവാൻ കഴിഞ്ഞെങ്കിൽ ; ലൊരിക്ക-
ലൊരു പാതിരാത്രിയിൽ രക്തംപോലും
തണുക്കുംവേളയിൽ ഡ്രാക്കുള നോവലും
വായിച്ചർദ്ധരാത്രിയിൽ മടവീണ ഓലമേഞ്ഞ
ശാലയിൽ ഡ്രാക്കുള സിനിമയും കണ്ടൊറ്റക്ക്
സെമിത്തേരിതന്നരികിലൂടൊന്നുകൂടി
വരുവാൻ അതിമോഹം!
ബാല്യത്തിന്റെ പടിവാതിലിലൂടൊന്നു
തിരിഞ്ഞു മറിഞ്ഞാസ്വദിച്ചൊന്നുകൂടി
വരുവാൻ തലയുംനരച്ച ഞാനിപ്പോഴും
കൊതിക്കുന്നുണ്ടെങ്കിൽ ; സൗഹൃദമേ
പറയുവാനെളുതരമൊന്നുമേയില്ലയാ
കൗതുകത്തിന്നിറകുടം,മിപ്പോഴുമെപ്പോഴും
തുള്ളിത്തുളുമ്പിക്കൊണ്ടേയിരിക്കുന്നു!
*വട്ട് – സൈക്കിൾ റിം.