നിങ്ങളെപ്പോഴെങ്കിലും
വിശക്കുന്നവരുടെ
കണ്ണുകളിലേക്ക്
സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ.
ചിത്രശലഭങ്ങളായ്
പാറി പറക്കാൻ കൊതിക്കുന്ന
ഉച്ചവെയിലിനെ കരയിപ്പിച്ച
മഴ കുഴച്ചിട്ട കുപ്പതൊട്ടിയിലെ
എച്ചിലിലകളിൽ ജീവിതം വരച്ചിട്ട
കുഞ്ഞ് നക്ഷത്രക്കണ്ണുകളിലേക്ക്
അവർ കാതോർത്തിരിക്കുന്ന
കാലൊച്ചകൾ . തേടുന്ന വഴികൾ
ഒറ്റയ്ക്ക് നിന്ന് പിടയ്ക്കുന്ന
നെഞ്ചിടിപ്പുകളായ്
പെരുമഴയിലലിയുന്നവർ.
അധികാര സിംഹാസനങ്ങൾ
ഒരിടത്തും അടയാളപ്പെടുത്താതെ
പോയ ചവിട്ടിമെതിക്കപ്പെടുന്ന
പട്ടിണി കണ്ണീർപൂവിതളുകൾ .
അവരുടെ കണ്ണുകളിൽ
ആട്ടിപ്പായിക്കപ്പെടുന്നവരുടെ
വിലാപമുണ്ട്.
പാതി മുറിഞ്ഞ്
നെഞ്ച് കുത്തി പിടയുന്ന
കവിതയുണ്ട് .
കലാപമുണ്ട്
ധാർഷ്ട്യമുണ്ട്
ശവംനാറി പൂക്കളായ്
പുനർജന്മം തേടുന്ന ഗതികെട്ട
നിമിഷങ്ങളുണ്ട് .
പാളം തെറ്റിയോടുന്ന
നോവുകളുടെ ട്രാക്കിൽ
ഇടിമിന്നലുകളെ പുതച്ചുറങ്ങുന്ന
ചങ്ക് പൊള്ളി പിടച്ചിലുണ്ട് .
എത്ര വാക്കുകൾ കൊണ്ട്
പൂരിപ്പിച്ചാലും പൂർണ്ണമാവില്ല
ചോർന്നൊലിക്കുന്ന
പാളം തെറ്റിയ മഴത്തുള്ളികളെ

ഷാജു. കെ. കടമേരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *