രചന : ശാന്തി സുന്ദർ ✍️
മാറ്റങ്ങളൊന്നുമില്ലാതെ
ഞാനാ..
ദിനങ്ങളെ അക്ഷരങ്ങൾ കൊണ്ട്
ആവർത്തിച്ചെഴുതും.
എത്ര പാഴ് നിഴലുകളാണ്
ആ ദിനങ്ങളിൽ
മറഞ്ഞുനിൽക്കുന്നത്.
വാക്കുകൾ കൊണ്ട്
നോവിച്ചവർ,
പരിഹസിച്ചവർ,
എത്ര വല്യ
ദുഷിച്ചകണ്ണുകളോടെയാണവർ
തുറിച്ചനോട്ടമെറിഞ്ഞത്.
സ്നേഹം കൊണ്ട്
മൗനം കൊണ്ട്
എത്ര ശക്തമായാണ്
ഉയിരിന്റെ ചുറ്റികകൊണ്ട്
അവർക്ക് മേലെ
ഞാൻ ആഞ്ഞടിച്ചത്.
ചിന്തകളുടെ പെരുമരത്തടിയിൽ
പാഴ് വാക്കുകളെ ബന്ധിച്ചത്.
എന്നിൽ വരിഞ്ഞുമുറുകിയ
നോവിനെ മിഴിയാകുന്ന കടലിലേക്ക്
ഒഴുക്കിയത്.
ഇന്ന് അവരിലൊരാൾ
എനിക്ക്
മുന്നിൽ അപ്രതീക്ഷിതമായി
എത്തിപ്പെട്ടാൽ
ചുണ്ടിൽ നിറച്ചൊരു
ചിരികൊണ്ട് പകത്തീർക്കും.
ദുഷിച്ച മനുഷ്യരെന്ന്
മതിയാവോളം
വിളിക്കും.
മാറ്റങ്ങളൊന്നുമില്ലാതെ
ഞാനാ..പോയദിനങ്ങളെ
ഓർത്തെടുക്കും..
വീണ്ടും ഉയിരിന്റെ ചുറ്റികയെടുക്കും.
