ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും  സന്തോഷവും സമാധാനവും നിറഞ്ഞ ഓണാശംസകൾ !

ഇരുളിൽ തീർത്ത
വേദനയുടെ ശില്പങ്ങൾ;
രാത്രി അതിന്റെ ഇരുൾപുതപ്പ്
നീർത്തുമ്പോൾ
വീടിന്റെ മുഴുവൻ ശബ്ദങ്ങളും
ഒന്നൊന്നായി മാഞ്ഞു പോകുന്നു—
അവളുടെ ശ്വാസങ്ങൾ മാത്രം
ഭിത്തികളിൽ പ്രതിധ്വനിക്കുന്നു
ശയ്യയുടെ ഒരു വശം
എപ്പോഴും ശൂന്യം—
പഴയ തലയണയിൽ
ഓർമ്മകളുടെ ഭാരം മാത്രം
നിശ്ശബ്ദതയ്ക്ക് പോലും
അവളോട് എന്തോ പറയാനുണ്ട്;
ചന്ദ്രപ്രകാശം ജനലിലൂടെ വീണു
അവളുടെ കണ്ണുനീരുമായി കലരുന്നു
കാലത്തിന്റെ കരിങ്കടലിൽ
തുഴയില്ലാത്തൊരു തോണിയിൽ
ചുറ്റി നടക്കുന്നു അവൾ;
പുറത്ത് ലോകം ഉത്സവമാകുമ്പോൾ
അവളുടെ ഉള്ളിൽ
ശൂന്യമായ ഒരു ആഘോഷശാല മാത്രം.
എങ്കിലും പതിയെ അവൾ
കൂടുപൊളിച്ചു ചിറക് വിടർത്തും
രാവിലെ ആദ്യ പക്ഷി പാടുമ്പോൾ
മനസ്സിൽ പ്രതീക്ഷകളുടെ
വിളക്കു തെളിക്കും;
നെറ്റിയിലൊരു വർണപ്പൊട്ടും
നിറമുള്ള ഉടയാടകളുമണിയും
ഇത്ര നാളത്തെ സഹതാപക്കണ്ണുകൾ
സൂക്ഷ്മദർശിനികളായ്
തന്റെ വഴികളെയും ഉടലിനെയും
അനുധാവനം ചെയ്യുന്നതറിയുമ്പോഴും
അവൾ ലക്ഷ്യത്തിലേക്ക്
പതറാതെ ചുവടുകൾ വെക്കും
ജീവിക്കാനാണുവദിക്കൂ
എന്നൊരു നിശബ്ദമൊഴി
കൺകോണിലൊളിഞ്ഞു കിടക്കും _

സെറ എലിസബത്ത്

By ivayana

Leave a Reply

Your email address will not be published. Required fields are marked *