രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍
പകൽ വെളിച്ചത്തെ
വകഞ്ഞൊതുക്കി
സന്ധ്യ ഇരുട്ടിനെ
കൂടെ കൂട്ടിയിട്ട്
അധികമായിട്ടില്ല……..
കടലിൽ മുങ്ങി
ആത്മാഹൂതി ചെയ്യാൻ
സൂര്യൻ തയ്യാറെടുത്തു കഴിഞ്ഞുവെന്ന്
മങ്ങിമായുന്ന ശോണിമ
ഉറക്കെയുറക്കെ
വിളിച്ചോതുന്നുണ്ട്
ഇടയ്ക്കിടക്ക് താളം തെറ്റുന്ന
തീവണ്ടിയുടെ അലർച്ചയെ
തെല്ലിട പോലും ഗൗനിയ്ക്കാതെ
താൻ തന്നെ പകൽ മുഴുവൻ
തിളിപ്പിച്ചാറ്റിയ വെള്ളത്തിൽ
പകലോൻ നിപതിച്ചു
മുങ്ങി ഉറഞ്ഞ് താണ് താണ്
അടിത്തട്ടിൻ നിഗൂഢതയിലേക്ക് ……..
ജനൽ പക്ഷം ചേർന്ന്
അനുസരണയില്ലാതെ
പാറിക്കളിയ്ക്കുന്ന
മുടിനാരിഴകളെ
അതിൻ്റെ പാട്ടിനു വിട്ട്
അവൾ ……..
കണ്ണുമിഴിച്ചുറക്കമല്ല
മനോവ്യാപാരങ്ങളുടെ
ഭാവപ്പകർച്ചകൾ
ആ മുഖത്തു
നിഴലാട്ടം നടത്തുന്നുണ്ട്
എതിർവശത്തു
കുസൃതിക്കണ്ണുകളുമായി
ഏതോ മൊഴിയില്ലാ ഭാഷയിൽ
അവളോടു കിന്നാരം പറയാൻ
വെമ്പി വിതുമ്പുന്ന
യുവ കോമളനെ
സാകൂതം കടാക്ഷിയ്ക്കുന്ന
അവളുടെ കൺകളിൽ
ചത്ത മീൻകണ്ണുകളിലെ
നിർവ്വികാരത കണ്ട്
മരവിച്ചു മുഖം തിരിച്ച്
ചുണ്ടുകൾ വക്രിച്ച്
അവൻ്റെ പിറുപിറുപ്പ്
അവളുടെ ചിന്തകളിൽ
ഉറക്കം മറക്കുന്ന രാത്രികൾ
മുഖമില്ലാ നിഴലുകൾ
ദേഹത്ത് വലാഴ്ത്തി
താളം വെച്ചു നീങ്ങുന്ന
കരിന്തേളുകൾ
വേദനകൾ….. നീറ്റലുകൾ
ഓരോ രാത്രിയിലും
ചതഞ്ഞരയുന്ന
മുല്ലപ്പൂവുകൾ
പലതരം വേർപ്പിൻ്റെ
ദുഷിച്ച ഗന്ധമിശ്രണങ്ങൾ
മുന്നിൽ തെളിവാർന്ന്
മുഖം കോട്ടുന്ന
ചെറുപ്പക്കാരൻ …….
ഹേ ചെറുപ്പക്കാരാ
നീ നിത്യവും മരിച്ച്
പിറ്റേന്നു ജീവിക്കുന്നവളെ
കണ്ടിട്ടുണ്ടോ?
ഇല്ലെങ്കിലിതാ നിൻ്റെ മുന്നിൽ
വർണ്ണ ചുരിദാറിൽ പൊതിഞ്ഞ്
പൊട്ടുകുത്തി
കമ്മലിട്ട് … കണ്ണെഴുതി
ചുണ്ടുകൾ ചുവപ്പിച്ച്
ഇപ്പോൾ ജീവനോടെയിരിയ്ക്കുന്നു
ഞരങ്ങി നിന്ന തീവണ്ടിയ്ക്ക്
വല്ലാത്തൊരു ദീർഘ നിശ്വാസം
പൻവേൽ…. പൻവേൽ…..
ഇറങ്ങേണ്ടിടമായി
ചുവന്ന തെരുവിലേക്കിനി
കാൾ ടാക്സിയിൽ പോയേക്കാം
തനിയ്ക്കൊപ്പം
തീവണ്ടിയിറങ്ങിയ
പച്ചമാംസപ്പാത്രങ്ങളെല്ലാം
തന്നെ തേടുകയാവും
ആരെയും നിരാശപ്പെടുത്തരുത്.
