രചന : റഹീം പുഴയോരത്ത്✍
അത്തം പിറന്നു
അകം കരിഞ്ഞു മണക്കുന്നു.
നിത്യത്തൊഴിലാളികൾ
കറുത്ത പൂവ് തേടുന്നു
കാലം തെറ്റിയ മഴ!
അത്തം കറുത്താൽ
ഓണം വെളുക്കും.
അത്തത്തിനു മുൻപേ
പൂക്കൾ വാടി കഴിഞ്ഞു.
സമത്വത്തിൻ്റെ അതിരുകൾ
വിശപ്പ്
തിന്നുകളഞ്ഞു.
കവലയിലെ കുപ്പായ കച്ചവടക്കാരുടെ
കുടല് കരിഞ്ഞു മണക്കുന്നു.
ഒരു കോടിയെടുക്കുവാൻ
ഇസാഫിലഭയം.
നാളെ ഒരു മുളം കയറിലൊതുങ്ങും
അകം ചുവരുകളിൽ
ഈർപ്പം,
പുറം ചുവരുകളിൽ
മഴപ്പാടുകൾ
ഇനിയെവിടെ ചായം പൂശും?
ഈ വരവിൽ പുഞ്ചിരിക്കരുത്
ശോകമാണിവിടം.
വൈറ്റ് കോളറുകളിൽ
ചുവന്ന ചെമന്തിയും
മല്ലികയും കൂടെ ചെമ്പനീർ പൂവും.
മാസപ്പടികൾക്ക്
കനം കൂടുന്നു.
മഴ പെയ്തോട്ടെ..
മാർബിളിൽ പൂക്കളം
അകം മുറിഞ്ഞ
കൂലിക്കാരൻ
തുമ്പ നോക്കി കാടുകയറുന്നു.
പൂവിളിയുടെ വരികൾ
പശിയിലൊതുക്കാം
വരുമ്പോൾ
കുടവയർ തലോടാതിരിക്കണം
പൊന്നോണം
അരികിലെത്തി
പെരുകുന്ന പട്ടിണിയിൽ കരയാനറിയാത്ത പ്രജകൾ
വരുമ്പോൾ ഒരു വെളുത്ത പൂവ് കൊണ്ടു വരുമോ?
വിലക്കുറവിൻ്റെ
മാമാങ്കം
വാങ്ങിക്കുവാൻ
എവിടെയും തിരക്കില്ല
പൂമരം മുറിക്കണം
ഇത്തിരി വിറകിന് വേണ്ടി.
കലത്തിൽ വെള്ളം കുമിളയിട്ടു തുടങ്ങി.
വരുമ്പോൾ
ഒരു പിടിയരി കൊണ്ടു വരണം
