രചന : റഫീഖ് പുളിഞ്ഞൽ ✍️
ഒരു കാലത്ത്
കണ്ണുകളുടെ ഭാഷ കൊണ്ട്
പറഞ്ഞിരുന്ന കഥകൾ
ഇന്ന് ചാറ്റ് ബബിൾസ് ആയി മാറി,
കണ്ണുകളുടെ ചൂട്
പിക്സലുകളുടെ തെളിച്ചത്തിൽ
ഒലിച്ചുപോയി.
ചിരി കൾ അയക്കാൻ
എമോജികൾ മാത്രം മതി,
കണ്ണുനീരിനും പോലും
‘Seen’ എന്ന മറുപടി മാത്രം.
ഒരുകാലത്ത് കത്തുകൾ
വിരലുകൾക്കിടയിൽനിന്നൊഴുകിയിരുന്ന
പ്രണയത്തിന്റെ സുഗന്ധമായിരുന്നു.
ഇന്ന് ഓട്ടോ-കറക്ടിന്റെ
നിഷ്ഠൂര സ്പർശത്തിൽ
മങ്ങിയിരിക്കുന്നു.
വീടിന്റെ നടുവിൽ
ഓരോരുത്തരും
സ്വന്തം ലോകങ്ങളുടെ തടവറയിൽ,
സ്ക്രീൻ മതിലുകൾക്കുള്ളിൽ
പൂട്ടിയിരിക്കുന്ന കണ്ണുകൾ,
കൈകൾക്കിടയിലെ ദൂരം
മെഗാബൈറ്റുകളാൽ മാത്രം അളക്കുന്ന കാലം.
ചിരികൾക്ക്
ഫിൽറ്ററുകളുടെ നിറം,
സ്നേഹത്തിന്
സ്റ്റാറ്റസിന്റെ ചുരുക്കം;
ഓരോ ചിരിയ്ക്കും
ഒരു ഫിൽറ്റർ,
ഓരോ സ്വപ്നത്തിനും
ഒരു ഹാഷ്‌ടാഗ്.
നിശ്ശബ്ദത പോലും
വോയ്സ് റെക്കോർഡിങ്ങ് ആക്കി അയയ്ക്കുന്ന
ഒരു ലോകം.
എങ്കിലും,
ഓരോ സ്ക്രോൾ ചെയ്യുന്ന വിരലിനുള്ളിലും
ഒരു സ്പർശത്തിന്റെ ദാഹമുണ്ട്.
ഓരോ ബ്ലൂ ടിക്കിന്റെ പിന്നിലും
ഒരു മറുപടി കിട്ടാത്ത ഹൃദയമുണ്ട്
ഇതൊക്കെ കാണുമ്പോൾ
വീടിന്റെ ചുവരിലെ
പഴയൊരു ഫോട്ടോ
മിണ്ടാതെ ചോദിക്കുന്നു:
“ബന്ധങ്ങൾ ഓൺലൈൻ ആണെങ്കിൽ,
നമ്മൾ ഒരുമിച്ചിരുന്ന കാലം
എവിടെ പോയി?”