രചന : രാജേഷ് കോടനാട് ✍
അവരുടെ,
വിരൽതുമ്പിൽ നിന്നെന്തോ
പറ്റിപ്പിടിച്ചതുപോലെ
തിരിച്ചു തന്ന
പെയിംഗ് സ്ലിപ് കുറ്റിയിൽ
നീല നിറത്തിലുള്ള
ബാങ്ക് സീലിനുള്ളിലായി
അവ്യക്തമായൊരടയാളം
ഒരു ദിവസം
എൻ്റെ ശ്രദ്ധയിൽ പെട്ടു
ബൗൺസ് ആവാത്ത
ചെക്കുകൾ പോലെ
എഫിഷ്യൻ്റ്
ആയൊരു പ്രണയം
ഞാൻ കൊടുത്ത
കളക്ഷനുകൾക്കുള്ളിൽ നിന്ന്
അവർ ,
കൗണ്ടർ ഫോയിലുകളായി
തിരിച്ചു തന്നു
ടൂറിസ്റ്റ് ഹോമിലെ പെൺകുട്ടി
കുപ്പായം തൊട്ടു നോക്കും
നൈസാണെന്ന് പറയും
ഇടയിലെവിടെയോ
അൽപം
പൂമ്പൊടി വിതറിയിട്ടുണ്ടാവും
അത് ,
പ്രണയമാണെന്നറിയാതെ തന്നെ
കൗണ്ടർ ഫോയിൽ കീറിക്കൊടുക്കാതെ
ഞാനെൻ്റെ
കളക്ഷനിൽ വെക്കും
മെഡിക്കൽ സ്റ്റോറിലെ
പെൺകുട്ടി
മൊട്ടത്തല തടവിക്കൊണ്ട് പാടും
“മോട്ടേ മൊട്ടേ മോരു കുടി “
ഇതൊന്നും
പ്രണയമല്ലെന്ന്
ആർക്കാണറിയാത്തത്…
പക്ഷേ,
ശേഖരങ്ങളുടെ കൂട്ടത്തിൽ
അതുമെൻ്റെ
ഒരപൂർവ പ്രണയമാവും
വാട്സാപ്പിൽ
അവൾ വരുന്ന രാത്രികളിൽ
ഞാൻ മൂകമായിരിക്കും
എൻ്റെ മൗനങ്ങളെ
അക്ഷരങ്ങൾക്ക്
കൊള്ളി വെച്ച്
അവൾ,
അസ്ഥിയുണർത്തും
നടുവറ്റുവീഴുന്ന
എൻ്റെ നിലാവിനുമേലെ
അവൾ,
പ്രണയജലം തളിക്കും
ചിലപ്പോൾ,
പരിചിതമല്ലാത്ത
കോളുകൾ വരും
എന്നെ,
മനസ്സിലാക്കൂ
എന്നഭ്യർത്ഥിക്കും
ഒരു മണിക്കൂർ,
അതല്ലെങ്കിൽ
ഒരു രാത്രിയുടെ
കൂരിയാറ്റക്കൂടിനോളം
പ്രണയം
ഞാൻ
ശേഖരിച്ചു വെക്കും
ഒട്ടിച്ചു വെച്ച പ്രണയങ്ങളെ
ലേലത്തിന് വെക്കും
ആർക്കും
കൊത്തിയെടുക്കാനാവാതെ,
എൻ്റെ പെണ്ണിൻ്റെ
പ്രണയം മാത്രം…..
