രചന : ബിനു. ആർ. ✍
കാലമെല്ലാം മയങ്ങിത്തിരിഞ്ഞു
കിടക്കുന്ന കഴിഞ്ഞയിരുളുനിറഞ്ഞ
രാത്രികളിലെവിടെയോ പരസ്പര-
മിടയുന്ന കൊമ്പിനുള്ളിൽ
പരമപ്രതീക്ഷയിൽ കോർക്കുന്നു
വമ്പന്മാരുടെ ബുദ്ധിത്തലകൾ.
പിടഞ്ഞുവീഴുന്നവരുടെ കവിളിൽ
സ്മാർത്തവിചാരത്തിന്റെ
ബാക്കിപത്രമായ്, തെളിയാത്ത
നുണക്കുഴികൾ തേടാം
നുണയിൽ കാമ്പുണ്ടോന്നുതിരക്കാം
ആർത്തികൾമൂക്കുന്നവരുടെ കോതി –
ക്കെറുവിൻ ശാന്തതകൾ തിരയാം.
ഇല്ലാക്കഥകൾ മെനയുന്നവരുടെ
കൂടയിൽ സത്യത്തിൻ കലകലയെന്നു
ചിലമ്പിക്കുംവെള്ളി നാണയങ്ങൾ
തിരയാം,അസത്യത്തിൻ മുള്ളുകൾ
കൈയിൽകോർക്കാതിരിക്കാൻ
നനുത്തപുഞ്ചിരിയുടെ ആവരണമിടാം.
അടർന്നുചിതറിക്കിടക്കുന്ന
സ്നേഹത്തിന്നിടയിൽ കുശുമ്പിന്റെ
കൂർത്തു മൂർത്ത കുസൃതികൾതിരയാം,
നേരല്ലാശരിതെറ്റിന്റെ കരിഞ്ഞുപോയ
പത്രത്തിന്നിടയിൽ ചിക്കിച്ചിനക്കി
ഇന്നീക്കാലത്ത് കളഞ്ഞുപോയ പട്ടിൽ-
പൊതിഞ്ഞ സത്യവുംമിഥ്യയും
ചതിയും നന്തുണിപ്പാട്ടും തിരയാം.
യുദ്ധമെല്ലാമെപ്പൊഴും പൊന്നും
പണവും കുഴിച്ചെടുക്കുന്നവരുടെ
ബലവീര്യങ്ങളുടെ,കൊതിക്കെറുവുകളുടെ
അഹങ്കാരത്തിന്റെ,കൂർത്തചതിയുടെ
ലീലാവിലാസമെന്നു നാം
ഇനിയുമെങ്കിലും തിരിച്ചറിയേണം
കനവുകളെ, നേരായ നുണകളെ…