രചന : സഫൂ വയനാട്✍
അമ്മ വരണം,
മഴമാറി ഇളവെയിലെത്തുന്ന
തിരുവോണ തലേന്ന് കാടു
പൂക്കണത് കാണുവാൻ പോകണം,
ഞാവല് കായ്ക്കണ ഊട് വഴിയിലൂടെ.
ആൽമരത്തിനും
ആഞ്ഞിലി ഗ്രാമത്തിനും
കൂമൻ കാവിനുമപ്പുറം,
കുഞ്ഞാനകൾ കുറുമ്പ് കാട്ടണ
വെണ്ടേക്കിൻകൂട്ടങ്ങളും കടന്ന്,
പുള്ളി മാനുകൾ
തുള്ളിയോടണകാഴ്ച കണ്ടു,കണ്ട്
തൈലപുല്ലു വകഞ്ഞു മാറ്റി,
സൂര്യനസ്തമിച്ച
മുണ്ടകൈയ്യുടെ
ചൊടിയിൽ ജീവൻ
കതിരിടുന്നത് കാണണം.
വെള്ളാർമലമീട്ടുന്ന
നെടുവീർപ്പുകളെ ഊതിയാറ്റി
കോടമഞ്ഞിനുള്ളിലൂടെ,
ഇരുണ്ടു വെളുക്കുവോളം
നിലാവിന്റെ മടിയിലിരുന്ന്
തോരാകിനാവുകൾ നെയ്ത്,
കാട്ടു ചെമ്പകത്തിന്റെ പുലർക്കാല
ഗന്ധമുതിരുന്ന തെക്കേ
അതിരിനോട് ചേർന്നുള്ള തോട്ടത്തിൽ,
കാടുപൂക്കുന്നത് കാണാതിരിക്കുമോ?
കാപ്പിമരങ്ങൾ വേരോടെ കുത്തിയൊലിച്ചു കാണുമോ?
ഉരുളിന്റെ ഇരുളിൽ അമ്മയ്‌ക്കൊപ്പം?
അമ്മു വിനൊപ്പം?അമ്മിണി പയ്യിനൊപ്പം?
അമ്മ വരണം,
മേലെ കുന്ന് കയറി,
ചുള്ളി പെറുക്കി വച്ചു
നമുക്ക് കാടുപൂക്കണകാഴ്ച
കാണുവാൻ പോകണം.
മുരിക്ക് മരത്തിലെ
കുരുവിയോട് ഒരുകൂട
പൂവ് ചോദിക്കണം.
അത്തപൂക്കളമിട്ട്,
അത്തിമരകൊമ്പിൽ ഊഞ്ഞാല് കെട്ടി,
തൂശനിലേല് ചോറ് വിളമ്പി,
മാവേലിയെത്തുന്നതും കാത്തു കാത്ത്.
ഉരുളെടുത്ത എല്ലാവർക്കുമൊപ്പം,
അമ്മ വരണം, പുഞ്ചിരിമട്ടത്തിന്റെ
ചുണ്ടിൽ പുഞ്ചിരി വിരിയണം,
എല്ലാം പഴയപടിയാവണം.
വട്ടത്തിലിരുന്ന് വയറു നിറച്ചോണമുണ്ട്,
കാട് പൂക്കണ കാഴ്ച കണ്ടു കണ്ട്…