അന്നൊക്കെ
ക്യാമ്പസ്സിന്റെ ഇടനാഴികളിൽ
നിന്റെ കാലൊച്ച കേൾക്കാൻ
ഞാൻ കാത്തു നിൽക്കുമായിരുന്നു.
കാത്തിരുന്നു കാത്തിരുന്നൊ-ടുവിൽ
നീ മുന്നിലെത്തി-യൊരു
ചെറുകാറ്റുപോലെ-യെന്നെ
തഴുകിക്കടന്നുപോകവേ
ശപിക്കപ്പെട്ടൊരു ഗദ്ഗദത്താൽ
മരവിച്ചുപോയൊ-രെൻ
പുരുഷ നിശ്വാസങ്ങളിൽ
എന്റെ പ്രിയേ …..
എനിക്ക് നിന്നോടുള്ള
പറയാത്ത
പ്രണയമുണ്ടായിരുന്നു.
പാതിചിരിയാൽ മുഖംമറച്ച്
പൂത്തുല-ഞ്ഞൊഴുകി വന്ന്
“എന്തേ”-യെന്നു നീ
കൺപുരികം കൊണ്ടു
ചോദ്യചിഹ്നം കാട്ടി-
ലാസ്യമായ് കടന്നുപോകവേ
നിന്റെ കൂർത്ത മിഴിമുനയേറ്റു
പിടഞ്ഞു പതറിപ്പോയ
എന്റെ
“ഊഹും…ഒന്നുമില്ല”-യെന്ന
ഇടറിയ വാക്കുകളിലും
എന്റെ പ്രിയേ…..
എനിക്ക് നിന്നോടുള്ള
തീരെ പറയാത്ത
പ്രണയമുണ്ടായിരുന്നു.

ഡോ. ബിജു കൈപ്പാറേടൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *