രചന : സെഹ്റാൻ ✍️
ശ്രവിക്കാൻ കഴിയുന്നുവോ
പന്തലിച്ച വൃക്ഷങ്ങളോടും,
പൂപ്പൽ നിറഞ്ഞ ഭിത്തികളോടുമുള്ള
എൻ്റെ ഭാഷണങ്ങൾ…?
കാണാൻ കഴിയുന്നുവോ
സ്വപ്നാടനങ്ങളിൽ
ഞാനലഞ്ഞു നടന്ന
വിഭ്രാമക തീരങ്ങൾ…?
ഏകാന്തതയുടെ കീറിയ താളിലേക്കുള്ള
തൂലികാസ്ഖലനം…?
ചുണ്ടിനും, വിഷക്കുപ്പിക്കുമിടയിൽ
എരിയുന്ന അസ്ഥിരതയുടെ
തീനാളങ്ങൾ…?
അങ്ങനെയെന്തെങ്കിലും…?
നിങ്ങളുടെ കൈകളിൽ മറച്ചുപിടിച്ചിരിക്കുന്ന
പീച്ചാംകുഴലിൽ വിദ്വേഷത്തിൻ്റെ
ജലം!
എപ്പോഴാണ് നിങ്ങളതെൻ്റെ ദേഹത്തേക്ക്
തെറിപ്പിക്കാൻ പോകുന്നതെന്നാണ്
സദാ ചിന്ത.
അതുകൊണ്ടുതന്നെയല്ലേ നിങ്ങളെ
അവഗണിക്കാനും ശീലിക്കുന്നത്?
വേരുകൾ പടർത്തിയ വൃക്ഷത്തിൻ്റെ
അഗ്രശിഖരത്തിലെ കൂമ്പിലയിൽ
മയങ്ങിക്കിടക്കുന്ന നീർത്തുള്ളി ഞാൻ.
മണ്ണിലേക്ക് പതിക്കും കാലം
മത്തുപിടിപ്പിക്കും മദ്യത്തുള്ളിയായ്
രൂപാന്തരപ്പെടുന്നത് സ്വപ്നം
കാണുന്നവൻ!
⚫