രചന : ജോയ് പാലക്കമൂല ✍
എവിടെ നിന്നോ വന്നിരുന്നു,
ഉറപ്പില്ല…
എങ്കിലും, അറിയപ്പെടുന്നവനായി
ചുറ്റിച്ചുറ്റിപ്പറ്റിയിരിക്കുന്നു അങ്ങനെ.
വഴിതെറ്റിയതല്ല,
വരിതെറ്റിയതുമല്ല—
ഇതൊരു നിശ്ചയം പോലെയാണ്
നിരന്തര കർമ്മനിരതൻ്റെ.
ഒരവകാശം ചോദിക്കാൻ വന്ന
ഏതോ പഴയ പരിചയക്കാരനെ പോലെ
കൽപ്പനകളെ കയ്യിൽ പിടിച്ച
നിഗൂഡതയുടെ ശിപായിയെ പോലെ
പക്ഷേ, മുഖമൊന്നും ഉയർത്തുന്നില്ല,
കണ്ണിൽ നോക്കി സംസാരിക്കുന്നില്ല,
പലിശക്കാരന്റെ കണിശതയോടെ
നിന്റെ ജീവിതനിമിഷങ്ങൾ
തിരിച്ചു ചോദിക്കുകയാണ്.
ഒഴിഞ്ഞുമാറാൻ ഉപായമാലോചിക്കും,
ഒരായിരം താപസൻ്റെ ക്ഷമയോടെ
അവൻ കാത്തിരിക്കും…
മൗനത്തിലെ കയ്യിൽ പിടിച്ചുകൊണ്ട്.
ഒടുവിൽ,
ഒളിച്ചോടാൻ ശ്രമിച്ച നിന്റെ
ഒളിത്താവളത്തിൻ വാതിലിൽ,
അവൻ വിലങ്ങി നിൽക്കും
ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും
ഒന്നുമില്ല… ഒരോർമ്മപ്പെടുത്തൽ പോലും
“വാ…”
അവൻ പറയും,
“പുറപ്പെടാം,
വഴിയിൽ കഥ പറയാം.”
പക്ഷേ നീ അറിയും
അത് ഒരു വലിയ നുണയാണെന്ന്,
വഴികൾ തിരിച്ചറിയും,
മരവിച്ച ദിക്സൂചിയേപ്പോലെ
ചില നടപ്പുകൾ മാത്രം ബാക്കിയാകും.
കേൾവിയെ ഭൂമിയിൽ ഉപേക്ഷിച്ചവന്,
ഇനി കഥകളെന്തിനായി?
