രചന : ജോസഫ് മഞ്ഞപ്ര ✍
(1)
ഓർക്കുന്നു ഞാനെന്റെ ബാല്യം.
ആശാൻ പള്ളിക്കൂടത്തിലെ മണലും,
അതിൽ “അ “എന്നെഴുതുമ്പോൾ നോവുന്ന വിരലും,
തെറ്റുമ്പോൾ ചെവിയിൽ പിടിച്ചുലക്കുന്ന
ഗുരുനാഥനെയും,
നിലത്തെഴുതു പഠിച്ചു കഴിഞ്ഞു
അമ്മയുണ്ടാക്കിയ പാച്ചോറുമുണ്ട് (അരിയും, തേങ്ങയും, ശർക്കരയും ചേർത്തുണ്ടാക്കുന്നത്ത് )
ഗുരുനാഥനു ദക്ഷിണയും കൊടുത്താ കാൽക്കൽ പ്രണാമം ചെയതതുമോർക്കുന്നു ഞാൻ
(2)
സ്കൂളിൽ
ശിരോവസ്ത്രമണിഞ്ഞ
കർത്താവിന്റെ മണവാട്ടികളെ കണ്ടപ്പന്റെ പുറകിലൊളിച്ചതും,,
കാക്കിസഞ്ചിയിൽ,പുസ്തകത്തിനോടൊപ്പം
നിറച്ച, മഷിത്തണ്ടുകളും, മയില്പീലിത്തുണ്ടുകളും
കല്ലുപെന്സിലും
വക്കുപൊട്ടിയ സ്ലേറ്റുമെല്ലാംമോർക്കുന്നു ഞാൻ.
(2)
സായാഹ്നത്തിൽ,
ഇടവക പള്ളിയുടെ നീണ്ട നിഴലുകൾ നിറഞ്ഞ
വഴിയിലൂടെയേകനായി നടന്നതും,
പടിഞ്ഞാറൻ കാറ്റത്തുമാമ്പഴം വീഴുമെന്നോർത്തു
പള്ളി പറമ്പിലെ പ്രിയോർമാവിൻ ചുവട്ടിലിരുന്നതും
തെളിയുന്നെൻ മനസ്സിൽ
തിരശീലയിലെന്നപോലെ.
(3)
യൗവനാരംഭത്തിൽ
ഗ്രാമപഞ്ചായത്തിൻ അംഗ ണത്തിലെ
“ബാപ്പു “പ്രതിമക്ക് ചുറ്റിലെ സിമന്റുതറയിലെ സുഹൃദ് വലയത്തിലുണരുന്ന,
മോവോയും, മാർക്‌സും, നെഹ്രുവും, അരവിന്ദനും, ചെമ്മീനും, തകഴിയും, മുകുന്ദനും, വിജയനും
കൊമ്പുകോർക്കുന്നതും,
ഒടുവിലൊരു ദിനേശ് ബീഡിയുടെ പുകയിലും, പൈലിചേട്ടന്റ കടയിലെ
കട്ടൻ ചായയുടെ സ്വാദിലും,
മറക്കുന്ന വാഗ്വാദങ്ങളും,
ഒരിക്കലും മായാതെ നിൽക്കുന്നതുമോർക്കുന്നു ഞാൻ…
(4)
ഇന്ന്.
ഈ ജീവിതസായാഹ്നത്തിൽ,
ചുടുകാറ്റടിക്കുന്ന
തെലങ്കാനയിലെ,
വാടക വീടിന്റെമട്ടുപ്പാവിലേകനായി
നിശയുടെ നീലിമയിൽ
ഇടക്കിടെ മങ്ങി തെളിയുന്ന
നക്ഷത്രങ്ങളെ നോക്കി,
രാപ്പാടികളുടെ നേർത്തതാരാട്ടുകേട്ടു
മയങ്ങാൻ നേരമോർക്കുന്നു ഞാനെന്റെ
ബാല്യ, കൗമാര, യൗവ്വനകാലം.
ഒരിക്കലും തിരിച്ചുവരില്ലെന്നുമറിഞ്ഞിട്ടും
കൊതിക്കുന്നു ഞാൻ.
ഒരിക്കൽക്കൂടി ഒരു കുഞ്ഞായി ജനിച്ചെങ്കിൽ.