നാലുകെട്ടിൻനടുമുറ്റത്ത്
തുളസിത്തറ ഞാൻകെട്ടിയൊരുക്കി
മുറ്റത്തുള്ളൊരു ചാരുകസേരയിൽ
ചാഞ്ഞിരുന്നു രസിച്ചൊരു കാലം
പൊന്നും പണവും വാരിക്കൂട്ടി
നാട്ടിലെ രാജാവെന്നു നിനച്ചു
പത്തായപ്പുര നിറഞ്ഞു കവിഞ്ഞു
അടിയാന്മാരായിട്ടനവധി പേരും
കാലും നീട്ടി മുറുക്കിത്തുപ്പി
ചാരുകസേരയിൽ ചാഞ്ഞൊരു കാലം
എന്നുടെ ഓർമ്മയിൽ ഓടിയടുത്തു
നാലുകെട്ടും തുളസിത്തറയും
നിറഞ്ഞുകവിഞ്ഞൊരു പത്തായപ്പുര
നെന്മണി കാണാൻ കാത്തുകിടന്നു
തിന്നു കുടിച്ച് മദിച്ചു നടന്ന്
സമ്പത്തെല്ലാം വിറ്റുമുടിച്ചു.
കഞ്ഞിയ്ക്കരിമണിയില്ലാതായി
ഉണ്ണികളെല്ലാം വിശന്നുപൊരിഞ്ഞു
ഇല്ലത്തിൻ കഥ ആരറിയുന്നു
മഹിമക്കിന്നൊരു പൂണൂൽമാത്രം
പൊരിവയറായി നടന്നാൽ പോലും
ആരോടും പോയ് പറയാൻ വയ്യ.
സമ്പന്നതയുടെ നടുവിൽ നിന്നിട്ടി
ല്ലാക്കഥകൾ ചൊല്ലീടാമോ
കാലുംനീട്ടി മുറുക്കിത്തുപ്പി
ചാരുകസേരയിൽ ചാഞ്ഞൊരുകാലം
ഓർമ്മയിലേക്കിന്നോടിയടുത്തു
നാലുകെട്ടും തുളസിത്തറയും.

സതിസുധാകരൻ

By ivayana