ഉന്നിദ്രമുദ്ര മിഴിവൊടെ പതിച്ചു നിൽക്കു-
ന്നെന്നെത്തെളിച്ച കളരി! കല സാഹിതിക്കും
മുന്നിൽത്തെളിഞ്ഞു; തെളിവെട്ടമൊഴിഞ്ഞിടാതെ
നിന്നാളിടുന്നു! നിറവിൻ നറുനൂറു തന്നെ!

ആളേറെയുണ്ട് ഗുരുവര്യർ നമസ്കരിക്കാൻ
വീഴാതെ നട്ടു്, അടിവേരുകൾ തന്നുപോയോർ
കാലം തെളിച്ച വഴിയേറെ നടന്നുകേറേ
മായാതെനിന്നു വഴികാട്ടിയുഡുക്കൾ പോലേ!

നീളുന്ന നീണ്ട നിരയുണ്ടു സതീർഥ്യർ; തമ്മിൽ
ബാല്യം ചമച്ച ചലനാത്മകമേകലോകം
ദാരിദ്ര്യമുണ്ടുവളരുന്ന വഴിക്കു നമ്മൾ
നേരേവളർന്നു; വെയിൽ കൊണ്ടതുകൊണ്ടുമാകാം.

കാലം കനക്കെ, സമകാലമണച്ചിടുന്ന
മേലാപ്പു നീക്കി മത, ജാതി വിഴുപ്പഴിച്ച്
നീയാകുകപ്പഴയ കാലമിളച്ചു കത്തി-
ച്ചാളും വെളിച്ചമിതിൽ നിൽക്കുക ഹാ! ശതാബ്ദി

വൃത്തം : വസന്ത തിലകം
(എൻ്റെ വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷ ഉത്സവം നാളെ തുടങ്ങുന്നു)

ഷാജി നായരമ്പലം

By ivayana