മുട്ടു വിറയ്ക്കുന്നു മൃഗരാജനും
താനെത്തി നിൽക്കുന്നൊരു
മലവേടന്റെ മുന്നിലോ
എത്ര മൃഗങ്ങളെ വിറപ്പിച്ചവയുടെ മസ്തകം
തച്ചു തകർത്തവനല്ലയോ താൻ
കൊന്നും കൊല വിളിച്ചും,കുടൽമാല മാലയാക്കി
ഏഴുമലകളുമടക്കി വാഴുന്ന രാജനും മുട്ടുവിറച്ചു
നിൽക്കുന്നിതായിക്കാട്ടിലാണൊരുത്തൻ
ഒരാദിവാസി ചെക്കൻ
ഒട്ടു വിരിഞ്ഞ മാറിടവുമുടയാത്ത
കട്ട മസിലുകൾ
പെരുക്കും ബലിഷ്ടമാം
ബാഹുക്കളുച്ചത്തിലൊച്ചയോടുറപ്പിച്ച
പാദങ്ങളൊട്ടും വിറയ്ക്കാതുന്നം
പിടിച്ചോരമ്പു കുലച്ച വില്ലും,
ഒട്ടും ഭയമില്ലാത്തവനീ-
ആദിവാസി ചെക്കൻ
കത്തും സൂര്യനുമൊട്ടടക്കി ക്രോധം
ഒട്ടും മിഴികളടയ്ക്കാതെ
വെട്ടി വെട്ടിത്തിളങ്ങുമവന്റെ
കറുപ്പിൻ മെഴുക്കോ, തീക്കടൽ പോലെ
തപിക്കുന്നൊരുത്തൻ
തിളയ്ക്കുന്നൊരുത്തൻ
ഒരാദിവാസി ചെക്കൻ
കാടാണവന്റെ നാട്
നേരാണവന്റെ കാട്
ഇല്ല ചതിക്കില്ലവനെ കാട്
നേരും നെറിയുമാമേട്.
അവൻ റോഡിൽ വന്നപ്പോൾ

വന്നെത്തി നിൽക്കുന്നവനീ
ടാറിട്ട റോട്ടിൽ
എത്ര വികസനമാറുവരിപ്പാത
ചില്ലിട്ട കൊട്ടാരം കോട്ടകൾ
പാലങ്ങൾ,ഫ്ലൈയോവറുകൾ
ഹൈ മാസ്ക് ലൈറ്റുകൾ
വർണ്ണ വിളക്ക് വിതാനങ്ങൾ
ബാറുകൾ
താളത്തിലാടിത്തിമിർക്കുന്ന
പെണ്ണുങ്ങൾ
മോട്ടോറു സൈക്കിളിൽ ചെത്തുന്ന
ഫ്രീക്കന്മാർ,
ആരെയോ കാമിച്ചു
പായുന്ന വാഹന വ്യൂഹമതിലതിഗമ
ഗരിമയിൽ ടൂറിസ്റ്റുകളാർത്തലറുന്നു
ദേ….കട്ടവൻ ചോറു-
കട്ടവനെന്നാർത്താർത്തു വിളിക്കുന്നു,..
ചോറു കട്ടവൻ
ചക്ക കട്ടവൻ
കപ്പ കട്ടവൻ
ഉണക്കമീൻ കട്ടവൻ
കണ്ടവർ, കേട്ടവർ
ആർത്തു വിളിക്കുന്നു-അവനോ
കത്തും വിശപ്പിൻ കഠാര
കുത്തിയിറക്കി വയറ്റിൽ
നട്ടം തിരിഞ്ഞ് നിൽക്കുന്നു,
ടാറിട്ട റോഡിലെ നീളും
വെയിൽ ചൂടിൽ തേരട്ട പോലെ
ചുരുണ്ടവനെന്നിട്ടുമൊട്ടും
വിനയാന്വിതനല്ലാദിവാസി
ആരോ പിടിച്ചവന്റിരു കൈകളും
പിന്നിൽ കെട്ടിയാരോ,
അഴിച്ചവന്റെ ലുങ്കിയാരോ
ഭീതി നിറഞ്ഞ അവന്റെ
ലിംഗത്തിൽ കമ്പിട്ടു തട്ടിയാരോ
ഫോട്ടോ ഷൂട്ടിനായി ക്ഷണിക്കുന്നാരോ
സ്നാപ്പുകൾ വർഷിച്ചവന്റെ മേൽ,
അവനോ..
നെടുകെപ്പിളർന്നൊരു ചക്ക പോൽ
വിറയാർന്ന ചകിണിപോൽ
രക്തം, കഫം, മലം
മൂത്രമൊലിപ്പിച്ചതിവിനയാന്വിതൻ
ടാറിട്ട റോഡിൽ പേടിച്ചു
പേടിച്ചു നിൽക്കുന്നവൻ,
അവനാദിവാസി,
അവനാദിവാസി.

സുരേഷ് പൊൻകുന്നം

By ivayana

Leave a Reply

Your email address will not be published. Required fields are marked *