രചന : വലിയശാല രാജു✍️
ചിലന്തികൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് അതിസൂക്ഷ്മമായി നെയ്ത വലയും അതിൽ കുടുങ്ങുന്ന ഇരകളെയുമാണ്. എന്നാൽ ഈ പൊതുധാരണകളെല്ലാം തെറ്റാണെന്ന് തെളിയിക്കുകയാണ് ബോലാസ് ചിലന്തികൾ (Bolas Spiders). ചിലന്തി ലോകത്തെ ‘ഹണി ട്രാപ്പ്’ വിദഗ്ധരായ ഇവർ, വലയില്ലാത്ത ഇരപിടുത്തത്തിലൂടെ പ്രകൃതിയിലെ ഏറ്റവും വിചിത്രമായ വേട്ടക്കാരിലൊരാളായി മാറുന്നു.
സാധാരണയായി, പെൺ നിശാശലഭങ്ങൾ തങ്ങളുടെ ഇണകളെ ആകർഷിക്കാൻ ഫെറോമോൺ എന്നറിയപ്പെടുന്ന ഒരുതരം രാസഗന്ധം പുറത്തുവിടാറുണ്ട്. ഈ മണം തിരിച്ചറിഞ്ഞാണ് ആൺ ശലഭങ്ങൾ അവയുടെ അടുത്തേക്ക് ഇണചേരാനയി പറന്നെത്തുന്നത്. ഇവിടെയാണ് ബോലാസ് ചിലന്തിയുടെ അതിജീവന തന്ത്രം തുടങ്ങുന്നത്. ഈ ചിലന്തികൾ ഒരു പെൺ നിശാശലഭത്തിന്റെ ഫെറോമോൺ അതേപടി അനുകരിക്കുന്നു. തങ്ങളുടെ ശരീരത്തിൽ നിന്ന് വരുന്ന ഈ ‘വ്യാജഗന്ധം’ കാറ്റിലൂടെ ചുറ്റും വ്യാപിക്കുമ്പോൾ, ഇണയെ തേടി വരുന്ന ആൺ നിശാശലഭങ്ങൾ ആ കെണിയിലേക്ക് ആകർഷിക്കപ്പെടുന്നു.
നൂലിൽ തൂങ്ങുന്ന മരണക്കെണി
ശലഭങ്ങൾ അടുത്തെത്തുമ്പോൾ, ചിലന്തിക്ക് വലയുടെ ആവശ്യമില്ല. പകരം, അത് തന്റെ കാലിൽ ഒരു പശയുള്ള തുള്ളി നൂലിൽ തൂക്കി കാത്തിരിക്കും. ഈ നൂലിനെ ‘ബോലാസ്’ എന്ന് വിളിക്കുന്നു. ശലഭം കൃത്യമായ അകലത്തിൽ എത്തുമ്പോൾ, ചിലന്തി ഈ നൂൽ അതിന്റെ നേർക്ക് എറിയുന്നു. പശയിൽ ഒട്ടിപ്പിടിക്കുന്നതോടെ ശലഭത്തിന് രക്ഷപ്പെടാൻ കഴിയാതെ വരുന്നു. പിന്നീട് വളരെ എളുപ്പത്തിൽ ചിലന്തി അതിനെ വലിച്ചെടുത്ത് ഭക്ഷിക്കുന്നു.
മനുഷ്യർക്കിടയിലുള്ള ‘ഹണി ട്രാപ്പ്’ തന്ത്രങ്ങളോട് ഈ രീതിക്ക് വലിയ സാമ്യമുണ്ട്. ആകർഷകമായ ഒരു രൂപം നൽകി കെണിയിൽ വീഴ്ത്തുന്നതുപോലെ, ഈ ചിലന്തി പ്രണയത്തിന്റെ മണം നൽകി തന്റെ ഇരയെ വഞ്ചിക്കുന്നു. ഇത് പ്രകൃതിയിലെ അതിജീവന തന്ത്രങ്ങളിൽ എത്രത്തോളം വൈവിധ്യമുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
ബോലാസ് ചിലന്തിയുടെ ഈ വിചിത്രമായ ഇരപിടുത്ത രീതി പ്രകൃതിയെക്കുറിച്ച് നമ്മൾ മനസ്സിലാക്കിയിട്ടുള്ള പല കാര്യങ്ങളും മാറ്റിമറിക്കുന്ന ഒന്നാണ്. വലയില്ല, എങ്കിലും വേട്ടയുണ്ട്. വെറുതെയിരിക്കുമ്പോൾ പോലും ഇരയെ ആകർഷിക്കാൻ കഴിയുന്ന ഒരു രാസായുധം. ശരിക്കും കൗതുകകരമായ ഒരു പ്രതിഭാസം!
