രചന : എം പി ശ്രീകുമാർ ✍️
കാർമുകിൽവർണ്ണത്തിൽകണ്ടതെല്ലാം
നീർമണിയേന്തുന്ന മേഘമല്ല
സ്വർണ്ണത്തളികപോൽ കണ്ടതെല്ലാം
മാനത്തെയമ്പിളിമാമനല്ല
ചന്തത്തിൽ കേൾക്കുന്ന നാദമെല്ലാം
അമ്മതൻ താരാട്ടുഗീതമല്ല
കുങ്കുമം തൂകിപ്പടർന്നതെല്ലാം
പൂർവ്വാംബരത്തിൻ പുലരിയല്ല
കൊഞ്ചിക്കുഴഞ്ഞ ചിരികളെല്ലാം
അഞ്ചിതസ്നേഹം വിരിഞ്ഞതല്ല
വർണ്ണപ്പകിട്ടിൽ നിറഞ്ഞതെല്ലാം
വണ്ണം തികയുന്ന നൻമയല്ല
എല്ലാ മധുരവും നല്ലതല്ല
കയ്ക്കുന്നതൊക്കെയും മോശമല്ല
വല്ലാതെ തുള്ളിക്കളിച്ചിടാതെ
നെല്ലും പതിരും തിരിച്ചറിക.
