നോക്കൂ ….
ഇനിയീ പാലം കടന്നാൽ
നിനക്കു കടൽ കാണാം …
കടലോ! ആഹാ!
എനിക്ക് കടൽ കാണണം.
ഈറൻമണ്ണിൽ
പാദങ്ങൾ പൂഴ്ത്തി
കടലിനെ തൊട്ടുനിൽക്കണം ..
വെൺമുത്തുപോലെ
ചിതറുന്ന ഓരോ തിരയ്ക്കും
ഒരു പുഞ്ചിരിയെങ്കിലും
സമ്മാനമായി നൽകണം ..
ആഴങ്ങളിൽനിന്ന് പറിച്ചുമാറ്റി
ഉപേക്ഷിച്ചു മടങ്ങുന്ന
തിരപെരുക്കങ്ങളെ കൊതിച്ച്
ഒരു വിങ്ങൽ ഉള്ളിലടക്കുന്ന
ശംഖിനെ കണ്ടെടുത്ത്
എൻ്റെയീ കാതുകളിൽ
ചേർത്തുപിടിക്കണം …
കടലാഴങ്ങളിലേക്ക്
ഇറങ്ങിപ്പോകാൻ വെമ്പുന്ന
മൺത്തരികളിലെല്ലാം
നിർദയമായി
എൻ്റെ പ്രണയം
എഴുതിവയ്ക്കണം …
അസ്തമയ ചെമ്മാനം
ചെമന്നുതുടുക്കുമ്പോൾ
അന്തിപ്പൊട്ട് തൊട്ടെടുത്ത്
എൻ്റെയീ മുഖം മറയ്ക്കണം …
എങ്കിൽ ,
ദേ ,വേഗം നടക്കൂ പെണ്ണേ ..
ഈ പാലം കടന്നുകഴിഞ്ഞാലേ
നിനക്കു കടൽ കാണാൻ കഴിയൂ.

By ivayana