നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം (immune system) സൈന്യത്തെപ്പോലെയാണ് പ്രവർത്തിക്കുന്നത്. പുറത്തുനിന്ന് വരുന്ന രോഗാണുക്കളെയും വൈറസുകളെയും നശിപ്പിക്കുക എന്നതാണ് ഈ സൈന്യത്തിൻ്റെ പ്രധാന ചുമതല. എന്നാൽ, ഈ സൈന്യം അബദ്ധത്തിൽ സ്വന്തം ശരീരത്തിനെത്തന്നെ ശത്രുവായി കണക്കാക്കി ആക്രമിക്കാൻ തുടങ്ങുന്ന ഒരു അവസ്ഥയുണ്ട്, അതാണ് സ്വയംപ്രതിരോധ രോഗങ്ങൾ (Auto immune disorders). മലയാളത്തിൽ ഇതിനെ ആൻ്റി ഇമ്മ്യൂൺ ഡിസോർഡർ എന്ന് പറയാറുണ്ട്.
ശരീരത്തിലെ കോശങ്ങളെയും ടിഷ്യൂകളെയും അന്യവസ്തുക്കളായി പ്രതിരോധ സംവിധാനം തെറ്റിദ്ധരിക്കുമ്പോൾ ഈ രോഗങ്ങൾ ഉണ്ടാകുന്നു. ഈ തിരിച്ചറിയൽ പിഴവ് കാരണം, പ്രതിരോധ കോശങ്ങൾ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളെ ആക്രമിക്കാൻ തുടങ്ങുന്നു. ഇത് ശരീരത്തിൽ വേദന, വീക്കം, അവയവങ്ങൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകുന്നു. റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപസ്, ടൈപ്പ് 1 പ്രമേഹം തുടങ്ങിയവ ഈ രോഗങ്ങളുടെ ചില ഉദാഹരണങ്ങളാണ്.

അർബുദവുമായി ബന്ധമുണ്ടോ?

സ്വയംപ്രതിരോധ രോഗങ്ങളും അർബുദവും രണ്ട് വ്യത്യസ്ത രോഗങ്ങളാണ്. സ്വയംപ്രതിരോധ രോഗങ്ങൾ പ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനത്തകരാറാണ്, അതേസമയം അർബുദം കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ്. ഇവ തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും, ചില സാഹചര്യങ്ങളിൽ പരസ്പരം സ്വാധീനിക്കാം. ഉദാഹരണത്തിന്, സ്വയംപ്രതിരോധ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ പ്രതിരോധശേഷി കുറയ്ക്കുന്നതിനാൽ അർബുദ സാധ്യത വർദ്ധിപ്പിച്ചേക്കാം. അതുപോലെ, ചില സ്വയംപ്രതിരോധ രോഗങ്ങൾ കാരണം ശരീരത്തിൽ ഉണ്ടാകുന്ന വിട്ടുമാറാത്ത വീക്കം പിന്നീട് അർബുദത്തിന് കാരണമായേക്കാം.

രോഗം ആയുസ്സിനെ ബാധിക്കുമോ?

സ്വയംപ്രതിരോധ രോഗങ്ങളുള്ള എല്ലാവരുടെയും ആയുസ്സ് കുറവായിരിക്കുമെന്ന ധാരണ ശരിയല്ല. രോഗത്തിന്റെ തീവ്രത, കൃത്യസമയത്ത് ലഭിക്കുന്ന ചികിത്സ, രോഗിയുടെ പൊതുവായ ആരോഗ്യം എന്നിവയെ ആശ്രയിച്ചാണ് ആയുസ്സ് നിർണ്ണയിക്കപ്പെടുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സാരീതികൾ വളരെ ഫലപ്രദമായതിനാൽ, കൃത്യമായ മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും വഴി രോഗത്തെ നിയന്ത്രിക്കാൻ സാധിച്ചാൽ സാധാരണ ജീവിതം നയിക്കാൻ കഴിയും. രോഗം ഗുരുതരമായി പ്രധാന അവയവങ്ങളെ ബാധിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ ആയുസ്സിന് ഭീഷണിയുണ്ടാകുന്നുള്ളൂ.

തലച്ചോറാണോ ഈ ആശയക്കുഴപ്പത്തിന് കാരണം?

ചില ആളുകൾക്ക് ഒരു സംശയമുണ്ട്, തലച്ചോറാണോ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കുന്നതെന്ന്. എന്നാൽ ഈ ധാരണ ശരിയല്ല. തലച്ചോറല്ല, മറിച്ച് പ്രതിരോധ സംവിധാനം തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു സങ്കീർണ്ണ ശൃംഖലയാണ്. സ്വന്തം കോശങ്ങളെ തിരിച്ചറിയാനുള്ള കഴിവ് പ്രതിരോധ കോശങ്ങൾക്ക് നഷ്ടപ്പെടുമ്പോഴാണ് ഈ രോഗങ്ങൾ ഉണ്ടാകുന്നത്. ഇത് തലച്ചോറിൻ്റെ പിഴവല്ല, മറിച്ച് പ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തിലെ ഒരു തകരാറാണ്.

രോഗത്തിന്റെ ചരിത്രം

ഒരു പ്രത്യേക വ്യക്തിയോ സ്ഥലമോ അല്ല ഈ രോഗങ്ങളെ ആദ്യമായി കണ്ടെത്തിയത്. പകരം, നൂറ്റാണ്ടുകളോളം നീണ്ട ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും വൈദ്യശാസ്ത്രം ഈ രോഗങ്ങളെ മനസ്സിലാക്കിയതാണ്. പഴയകാല വൈദ്യഗ്രന്ഥങ്ങളിൽ ഈ രോഗങ്ങളോട് സാമ്യമുള്ള ചില ലക്ഷണങ്ങളെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടായിരുന്നെങ്കിലും, അവയെ സ്വയംപ്രതിരോധ രോഗങ്ങളായി തിരിച്ചറിഞ്ഞിരുന്നില്ല. പോൾ എർലിച്ച് പോലുള്ള ശാസ്ത്രജ്ഞന്മാരുടെ സിദ്ധാന്തങ്ങളാണ് ഈ രോഗങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ വഴിയൊരുക്കിയത്. 1950-കൾക്ക് ശേഷമാണ് ഈ രോഗങ്ങളെ വൈദ്യശാസ്ത്രത്തിൽ ഒരു പ്രത്യേക വിഭാഗമായി അംഗീകരിച്ചുതുടങ്ങിയത്.
ഇന്ന്, ഈ രോഗങ്ങൾ സാധാരണമാണെങ്കിലും, ശരിയായ ചികിത്സയിലൂടെയും വൈദ്യോപദേശത്തിലൂടെയും ഇവയെ നിയന്ത്രിക്കാൻ സാധിക്കും. കേരളത്തിൽ പലരിലും ഈ അപൂർവ്വ രോഗം കണ്ട് വരുന്നുണ്ട്.

വലിയശാല രാജു


By ivayana