ചൂർണ്ണികാ നദി,,,,,
ആത്മാക്കൾക്ക്
മോക്ഷം നൽകാൻ
ജീവനുളളവർ
തർപ്പണം നൽകി
ബലിബാക്കിയായി
കലങ്ങി,
മലീമസയായി
സങ്കടം പൂണ്ടൊഴുകുന്നവൾ
അരയംഗുലി വലിപ്പമുള്ള
പുഴുക്കൾ
പുളച്ചൊഴുകുന്ന
പുണ്യ പയസ്വിനി,,,,
ബലിയിട്ട വറ്റ്
തരപ്പെടുമെന്ന്
വൃഥാ മോഹിച്ചെത്തുന്ന
കാക ജൻമങ്ങൾക്ക്
നിരാശ പകുക്കുന്ന
അരി തർപ്പണത്തിന്റെ
കോമാളിത്തം കണ്ട്
നീറിയൊഴുകുന്നവൾ
തർപ്പണച്ചോറു
കൊത്താൻ
പിതൃക്കൾ
പറന്നെത്തും മുൻപേ
പാതിരാ തർപ്പണം
നടത്തി
പിരിഞ്ഞു പോകുന്നവരുടെ
വിസർജ്യങ്ങളും,’
മാലിന്യങ്ങളും
പേറി ഒഴുകാൻ
വിധിക്കപ്പെട്ടവൾ’,,
ചികുരഭാരമിറക്കി വച്ച
പരബ്രഹ്മം പോലും,,,
പാവങ്ങൾ
പിതൃക്കളെയോർത്ത്
വ്യാകുലപ്പെടുന്നുണ്ടാകും !!
അനുഷ്ഠിച്ചു
തീർക്കുന്നവർക്ക്
പരംപൊരുളിന്റെ
വ്യാകുലത
അറിയേണ്ട കാര്യമില്ലല്ലോ!!!
എന്നാൽ,,,,,
അവളെല്ലാം
അറിയുന്നു
ആണ്ടിലൊരിക്കൽ
പരം പുമാന്റെ
പള്ളി നീരാട്ടിനായി
മനം തെളിഞ്ഞ്,
കരകവിഞ്ഞ്
ഒഴുകിയെത്തുന്നവൾക്കറിയാം
കാകോള
വൈതരണിയിൽ
ഭഗവാനെ
നീരാട്ടുന്നതിന്റെ നോവ്
ഒരിക്കലവൾ
പ്രതികരിച്ചതാണ്
ജലസമാധി തന്നെ
നിങ്ങൾക്ക്
എന്നു വിധിച്ചതാണ്,,,,
പഠിച്ചിട്ടും പഠിക്കാത്തവരെയോർത്ത്
ഇന്നുമവൾ
ഖിന്നത പൂണ്ടൊഴുകുന്നത്
നാളേക്ക്
മറ്റെന്തോ
കരുതിവച്ചിട്ടാകുമോ???***
*** ചൂർണ്ണികാ നദി (ആലുവാ പുഴ)

സ്നേഹചന്ദ്രൻ

By ivayana