അഭ്രപാളിയിലെ വിസ്മയമാണ് സിനിമ.
മനുഷ്യരെ മായിക ലോകത്തിലേക്ക് ആനയിക്കുന്ന വിഖ്യാതമായ ഒരു കലാരൂപം.
ലോകം മുഴുവനും നിരവധി വർഷങ്ങളായി വിത്യസ്ഥങ്ങളായ സിനിമകൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ഇംഗ്ലീഷ് സിനിമകളുടെ ഈറ്റില്ലമായ ഹോളിവുഡും,ഇറ്റാലിയൻ, കൊറിയൻ,ജപ്പാനീസ്,ഇറാനിയൻ സിനിമകളും, തുടർന്ന് ഇന്ത്യയിലേക്ക് വന്നാൽ ഹിന്ദി സിനിമാ ലോകമായ ബോളിവുഡ്,തെലുങ്ക്‌ സിനിമാ ലോകമായ ടോളിവുഡ്,തമിഴ് സിനിമാ ലോകമായ കോളിവുഡ്, കന്നട സിനിമാ ലോകമായ സാൻഡൽവുഡ്,മലയാളം സിനിമാ ലോകമായ മോളിവുഡ്,
എന്നിങ്ങനെയൊക്കെയാണ് സിനിമ അറിയപ്പെടുന്നത്.
മറ്റുള്ളവയെ വെച്ച് കംപയർ ചെയ്യുമ്പോൾ മലയാള സിനിമ ലോകം വളരെ ചെറുതുമാണ്.
എങ്കിലും ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച രണ്ടു നടൻമാർ ഈ ഇൻഡസ്ട്രിയിൽ ജീവിച്ചിരിക്കുന്നു എന്നത് മലയാളിയായി പിറന്നവർക്കെല്ലാം അഭിമാനിക്കാവുന്ന സംഗതിയുമാണ്.
അരനൂറ്റാണ്ടിന് മേലെയായി മലയാള സിനിമാ ലോകം അടക്കിവാഴുന്ന താരരാജാക്കന്മാരാണ് മമ്മുട്ടിയും മോഹൻലാലും.
ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച അഭിനേതാക്കളാണ് ഇവർ.
ലോകത്തെ വിവിധ ദേശങ്ങളിലെ മറ്റു നടൻമാരെ വെച്ച് താരതമ്യം ചെയ്ത് നോക്കിയാലറിയാം ഇവരുടെ അഭിനയ തികവ്.
ഇവരോട് കിടപിടിക്കത്തക്ക മികച്ച അഭിനയം കാഴ്ച വെച്ച ഒരു നടൻമാരും മുൻപോ നിലവിലോ ലോക സിനിമയിൽ ഉണ്ടായിട്ടില്ല എന്നതാണ് പരമമായ സത്യം.
കുറ്റങ്ങളും കുറവുകളും കണ്ടെത്തി വിമർശിക്കാൻ പലർക്കും കഴിഞ്ഞേക്കും.
പക്ഷേ അതെല്ലാം വെറും വ്യാജ ജൽപ്പനങ്ങൾ മാത്രമാകുന്നു.
ഒന്നോ രണ്ടോ സിനിമയിൽ അഭിനയിച്ചു സൂപ്പർ താരമായി മാറുന്നവരും നൂറ് സിനിമകൾ പോലും തികക്കാത്ത മെഗാ താരങ്ങളും സിനിമയെ അടക്കി ഭരിക്കുമ്പോഴാണ്, 300 നും 500 ഇടയിൽ വിത്യസ്ഥമായ കഥാപാത്രങ്ങൾക്ക് രൂപയും ഭാവവും നൽകിയ ഈ മഹാരഥൻമാരുടെ
വില നമുക്ക് ബോധ്യമാവുക.
അടുത്ത കാലത്തായി ഇന്ത്യൻ സിനിമാ ലോകത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെതിരായിരുന്നു വിമർശനങ്ങൾ ഏറെയും.
വർഗ്ഗീയ വിഷം ചീറ്റുന്ന പ്രസ്ഥാവനകൾ വരെ നടത്തിയവർ ഉണ്ട്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മോഹൻലാൽ ഈ അവാർഡിന് തീർത്തും യോഗ്യനാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
മറ്റൊന്ന് അദ്ദേഹം തീർത്തും മതേതരവാദിയായ ഒരു വ്യക്തിയും വിശ്വാസിയുമാണ് എന്നതാണ്.
ശുദ്ധനായ ഒരു മതവിശ്വാസിക്ക്
ഒരിക്കലും ഒരു വർഗ്ഗീയവാദിയാവാൻ കഴിയുകയില്ലല്ലോ.
കുറെ കാലങ്ങളായി ദേശീയ അവാർഡ് നിർണ്ണയത്തിൽ പാകപ്പിഴയുണ്ടെന്നും പക്ഷപാതമുണ്ടെന്നും ആരോപിക്കുന്ന നിരവധി ആളുകളുണ്ട്.
ചില അവാർഡ് നിർണ്ണയങ്ങളൊക്കെ കാണുമ്പോൾ സ്വാഭാവികമായും അത്തരം സംശയങ്ങൾ ആർക്കും ജനിച്ചെന്നുമിരിക്കും.
കഴിഞ്ഞ കുറെ വർഷങ്ങളായി മഹാനടനായ മമ്മുട്ടിയെയും കമൽഹാസനെയും പൃഥ്വിരാജിനെയുമൊക്കെ അവാർഡ് നൽകാതെ അവഗണിച്ചു കൊണ്ടിരിക്കുന്നതാകാം അതിനുള്ള പ്രധാന കാരണം.
ആ വർഷങ്ങളിൽ അവാർഡ് നൽകപ്പെട്ടവരാണെങ്കിൽ ഇവരെക്കാൾ മികച്ച അഭിനയം കാഴ്ചവെച്ചർ പോലുമല്ല എന്നതാണ് മറ്റൊരു സംഗതി.
അത്തരത്തിൽ അനർഹരായവർക്ക് അവാർഡുകൾ നിർണ്ണയിക്കപ്പെടുമ്പോൾ ആ അവാർഡുകളുടെ മൂല്യവും നിലവാരവും തകർപ്പെടുകയാണ് എന്നതാണ് വാസ്തവം.
അവാർഡ് നിർണ്ണയകമ്മറ്റികൾ എല്ലായ്പ്പോഴും ഉന്നത നിലവാലവാരം പുലർത്തുന്നതും സുതാര്യവും നിഷ്പക്ഷവുമായിരിക്കണം.
അത് രാജ്യത്തിൻ്റെയും സർക്കാരുകളുടെയും യശ്ശസ്സും കെട്ടുറപ്പും വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

By ivayana