പേരുകൾ മാറ്റി, ഞാനിന്നു മാറി,
സ്നേഹം എന്ന പുരോഹിതവേഷം
അരക്കെട്ടിലെ ജപമാലയോടൊപ്പം
കടലിലെറിഞ്ഞുകളഞ്ഞു ഞാൻ.
ഇപ്പോൾ ഞാൻ പഠിക്കുന്നു:
എൻ കാമത്തിൻ അതിരുകൾ,
ശരീരത്തിൻ വടിവുകൾ,
ഹൃദയത്തിൻ ആവേശങ്ങൾ,
ജീവിതത്തിന്റെ സന്യാസങ്ങൾ.
ആ ഇരുണ്ട പ്രാർത്ഥനാലയത്തിൽ,
നീയെന്നിൽ വെച്ച ചുംബനം
ഒരു തരംഗമായി തലമുടി മുതൽ കാൽവിരൽ വരെ
പായുന്ന മിന്നൽപ്രകാശം!
ഇപ്പോഴും എൻ ശരീരത്തിൽ
ഒരു തിരുമുറി പോലെ സജീവം.
സുന്ദരീ,
നിന്റെ കോൺവെന്റും, എന്റെ ഭർത്താവും…
നമുക്കിടയിൽ നീണ്ടുകിടക്കുന്ന
ഒരേയൊരു സത്യമാണോ?
പ്രതിസന്ധിയുടെ ദുര്‍ഘമല.
താഴ്വരയിൽ സൂര്യൻ കയറുമ്പോൾ,
മണ്ണിൽ ഞാൻ ഒലിച്ചിറങ്ങുമ്പോൾ,
എനിക്കൊരു യൗവനം ഉണ്ടായിരുന്നോ
എന്ന് സംശയമാണ്!
പൂർണ്ണമായി രൂപംകൊണ്ടവളായി
ഞാൻ ജനിച്ചിരിക്കാം.
ഒരിക്കൽ നിന്നെത്തേടി ഞാൻ
കോൺവെന്റിലെത്തി,
വിംപിളുകൾക്കിടയിൽ നിൻ മുഖം തിരഞ്ഞപ്പോൾ,
ബലിപീഠത്തെ ചുറ്റി ഒരു
കടൽക്കാക്കയുടെ കൂകൽ മാത്രം.
പാറക്കെട്ടുകൾ പോലെയുള്ള സന്യാസിനിമാർ
എന്നെ നോക്കി പുഞ്ചിരിച്ചു.
ദാനപെട്ടിയിൽ പൈസയിട്ടു,
വിളക്ക് കൊളുത്തിയില്ല, പ്രാർത്ഥനയുമില്ല.
നമ്മളിൽ ആരാണ് ദൈവത്തെ
കണ്ടതെന്നു
എനിക്കിതുവരെ മനസ്സിലായിട്ടില്ല!
സ്നേഹം ഒരു വിപ്ലവമാകുമ്പോൾ,
അത് ദൈവത്തെ ആവശ്യപ്പെടുന്നില്ല.
സ്നേഹം…
എന്നായിരുന്നല്ലോ നീ
എന്നെ വിളിച്ചിരുന്നത്.
ഇപ്പോൾ ആ പേര്
എന്റെ ഭർത്താവിന്റെ കൈ പിടിക്കുമ്പോൾ
മറക്കപ്പെട്ടു പോകുന്നു.
വിപ്ലവം എന്നത് ഒരു ബോംബിന്റെ ശബ്ദമല്ല,
അതൊരു പേരിൻ്റെ നിശബ്ദതയാണ്;
‘സ്നേഹം’ എന്ന് വിളിക്കപ്പെട്ട
ആ യാത്രയില്ലാത്ത യാത്ര.
സിസിലി, നമുക്ക് വേറൊരു ജന്മം കാത്തിരിക്കേണ്ടതില്ല.
ഈ ജന്മത്തിൽത്തന്നെ, ഈ ശരീരത്തിൽത്തന്നെ,
നമുക്ക് ഓടിത്തിരിച്ചു ചേരാം
നീ കോൺവെൻ്റിൻ്റെ കവാടത്തിൽ നിന്ന്
ഞാൻ വിവാഹത്തിൻ്റെ മണിമേടത്തിൽ നിന്ന്,
രണ്ടു നദികളായി ആ പ്രാർത്ഥനാലയത്തിന്റെ
പടികൾ ഇറങ്ങുക!
അപ്പോൾ നമുക്ക് സംസാരിക്കാം
സ്ത്രീകളുടെ ഭാഷയിൽ,
പുരുഷന്മാരുടെ ദൈവങ്ങളെ
അവഗണിച്ചുകൊണ്ട്.
ഇപ്പോഴും ചില രാത്രികളിൽ
നീയെൻ സ്വപ്നത്തിൽ വരും:
“സ്നേഹം, നമുക്ക് രണ്ടുപേർക്കും
ദൈവത്തെക്കാൾ പ്രധാനമാണ് സ്നേഹം”
എന്ന് നീ മന്ത്രിക്കുന്നു.
ഞാനും ഉണർന്നു പറയുന്നു:
“സിസിലി, നമുക്ക് ദൈവത്തെ
സ്നേഹത്തിന് ആവശ്യമില്ല,
സ്നേഹം തന്നെയാണ് ദൈവം.”
ജീവിതം നമുക്ക്
വേറെ വേറെ വഴികൾ കാണിച്ചു:
നീ പ്രാർത്ഥനയിൽ, ഞാൻ പ്രണയത്തിൽ,
നീ സന്യാസിനിയായി, ഞാൻ സ്ത്രീയായി.
എന്നിട്ടും നമ്മൾ രണ്ടുപേരും
ഒരേ ഭാഷയാണ് സംസാരിക്കുന്നത്—
സ്വാതന്ത്ര്യത്തിൻ്റെ ഭാഷ!
സിസിലി, നിന്നെ ഞാൻ മറക്കില്ല;
നീ എൻ്റെ ജീവിതത്തിൻ്റെ
ഒരു ധാർഷ്ട്യമായി, വിപ്ലവമായി
എപ്പോഴും എന്നോടൊപ്പം ജീവിക്കും.
“സ്നേഹം” എന്ന പേര്
നിൻ്റെ ചുണ്ടുകളിൽ ഇപ്പോഴും
ഒരു വിപ്ലവം പോലെ മിന്നുന്നു.
കോൺവെൻ്റിനും വിവാഹത്തിനും അപ്പുറം,
സ്നേഹം ഒരു വിപ്ലവമാകുമ്പോൾ,
അത് ഹൃദയങ്ങൾ തുറക്കുന്നതാണ്,
പ്രണയങ്ങൾ പുതുക്കുന്നതാണ്,
ജീവിതത്തിൻ്റെ ഏറ്റവും സത്യമായ ജ്വാല.
*ശിരോവസ്ത്രങ്ങൾക്കിടയിൽ -വിംപിളുകൾക്കിടയിൽ

അഷ്‌റഫ് കാളത്തോട്

By ivayana