വംശഹത്യയുടെ കരാളഹസ്തം
വരിഞ്ഞു മുറുക്കിയ ദുഷിച്ച ലോകം
ചിതറിതെറിച്ച കബന്ധങ്ങൾക്കു മീതെ
കഴുകൻ കണ്ണുകളുടെ തീഷ്ണത.
ഉരുകിയൊലിക്കുന്ന കോൺക്രീറ്റ്
സൗധങ്ങൾക്കുമപ്പുറം
തിളച്ചുമറിയുന്ന മഹാസമുദ്രങ്ങൾ.
വിടരും മുമ്പേ കരിഞ്ഞുണങ്ങിയ
ചെമ്പനീർ മലരുകൾ.
മൃഗതൃഷ്ണയിൽ വാടിക്കരിഞ്ഞ
മുറിവേറ്റ ബാല്യങ്ങൾ.
രക്തശോണിമയാർന്ന് കൂടുതൽ
തുടുത്ത ചെമ്പരത്തി പൂവുകൾ.
കൗതുകത്തോടെ വിശപ്പിനെ മറന്ന
കരങ്ങൾ അറ്റ് പോയ പിഞ്ചുപൈതങ്ങൾ.
ഭക്ഷണപ്പൊതികൾക്കു പിന്നിൽ പായുന്ന
ചവിട്ടിമെതിക്കപ്പെട്ട ബാല്യകൗമാരങ്ങൾ.
മണ്ണും കല്ലും വാരി തിന്ന്
വയസ്സാകാതെ വയസ്സായവർ.
പറവകളില്ലാത്ത നീലാകാശം
ബോംബർ വിമാനങ്ങളുടെ കറുത്ത പുക.
ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ
നാളെ പുലരുമെന്ന് ഉറപ്പില്ലാത്തവർ.
ഒടുവിൽ പോരാട്ടങ്ങൾ നിലക്കാം
സന്ധികൾ സംഭവിച്ചേക്കാം
പിന്നീട്‌ കാത്തിരിപ്പിൻ്റെ കാലമാണ്.
ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയും
പിതാവിനെ കാത്തിരിക്കുന്ന മകളും
മകനെ കാത്തിരിക്കുന്ന മാതാവും
മകളെ കാത്തിരിക്കുന്ന പിതാവും
കൂടുകൾ തേടിയലയുന്ന ജീവജാലങ്ങളും
വെറും ദൃശ്യങ്ങൾ മാത്രമാകാം.
ചരിത്രത്തിൻ്റെ ഏടുകളിൽ
സുവർണ്ണലിപികളാൽ കുറിക്കാനുള്ളത്.
ശുഭം

By ivayana