രചന : പി. സുനിൽ കുമാർ✍
“ഈ മോഹൻ ലാലൊക്കെ ഇന്നത്തെ നിലയിൽ ആയത് എങ്ങനെയാണെന്ന് ഇങ്ങക്ക് അറിയുമോ….??
ഈ പപ്പേട്ടൻ ഒറ്റ ആളാണ് കാരണം…””
ബാലചന്ദ്രൻ എന്ന പപ്പേട്ടൻ പറഞ്ഞു നിർത്തി… കുറച്ചു നേരം ആരും മിണ്ടിയില്ല..
അപ്പൊ ബാക്ക് സീറ്റിൽ ഇരുന്ന മുരളി മെല്ലെ മുരടനക്കി..
“അതെങ്ങനെയാണ് പപ്പേട്ടാ… ലാലേട്ടൻ ഭയങ്കര ആക്ടറല്ലേ.. ഇങ്ങളും മൂപ്പരും തമ്മിൽ എന്താ…””
ബാലചന്ദ്രൻ കഥ പറയാൻ തുടങ്ങി..
“എന്നാ ഇങ്ങള് കേട്ടോളി..
1980ലെ “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്, നമ്മുടെ ഹോട്ടൽ മഹാറാണിയില്….
അതിന്റെ സംവിധായകൻ ഫാസിലും പ്രൊഡ്യൂസർ അപ്പച്ചനും മനസ്സിലായോ,നമ്മുടെ നവോദയ അപ്പച്ചനെടോ..
പിന്നെ വേറേം മറ്റു കുറേ ആൾക്കാരുണ്ട്..അപ്പൊ ഈ സിനിമയിൽ അഭിനയിക്കാനുള്ള കുറെ ആൾക്കാരെ കൊണ്ട് ട്രയൽ നടത്തിക്കുകയാണ്.. അങ്ങനെ അവസാനം ഞാനും മോഹൻലാലും മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്….!!
എന്നാലോ ഫാസിലിനും അപ്പച്ചനുമൊക്കെ ഒരേ നിർബന്ധം..
പപ്പേട്ടൻ തന്നെ അഭിനയിക്കണംന്ന്….
അപ്പൊ നമ്മുടെ ലാൽ ഇല്ലേ, ഓൻ ഇന്റെ അടുത്ത് വന്നിട്ട് ഇങ്ങനെ കെഞ്ചുകയാണ്
“പപ്പേട്ടാ എങ്ങനെയെങ്കിലും ഒന്ന് ഒഴിവായിത്തരുമോ…??? എനിക്കാണേൽ ഒരു പണിയുമില്ലാതെ ഇരിക്കുകയാണ് എങ്ങനെയെങ്കിലും സിനിമയിൽ കയറിയാലേ രക്ഷയുള്ളു….
ഇങ്ങക്ക് ഒരു ജോലിയെങ്കിലും ഉണ്ടല്ലോ….!!””
കഥ കേട്ട ഞങ്ങൾക്ക് വിശ്വാസം വരുന്നുണ്ടായിരുന്നില്ല…
ബാലചന്ദ്രൻ തുടർന്നു…
“”കേട്ടോ അപ്പൊ അന്ന് ഞാന് പി.ഡബ്ല്യു.ഡി ഓവർസിയർ ആണ് അത്യാവശ്യം നല്ല ശമ്പളമുണ്ട് സൈറ്റിൽ നിന്ന് സൈറ്റിലേക്ക് പറന്നു നടക്കുന്ന സമയം…
എന്നാ നമ്മുടെ ലാലില്ലേ,
ഓൻ ആണെങ്കിലോ ഒരു പണിയുമില്ലാതെ അങ്ങനെ
നടക്കുന്ന സമയം…
എനിക്ക് ഓനോട് സഹതാപം തോന്നി.
ഞാൻ ഫാസിൽക്കാനോട് പറഞ്ഞു “ഇങ്ങള് ഈ ചാൻസ് ലാലിന് കൊടുത്താളി.. ഞാൻ ഈ സിനിമയില് അഭിനയിക്കുന്നില്ല.”
“അങ്ങനെ ആണെടോ ഇന്നത്തെ മോഹൻലാൽ ഉണ്ടായത്…
അന്ന് ഞാൻ വിട്ടു കൊടുത്തില്ലായിരുന്നേല് ഇപ്പൊ ഞാനായേനേ മോഹൻ ലാല്…
ഇങ്ങക്ക് സംശയംണ്ടെങ്കിൽ ഓനെ ഇപ്പൊ വിളിച്ചു നോക്കിക്കോ..
ഇന്നാ നമ്പർ…
ഓനിപ്പോഴും എന്നെ ഭയങ്കര ബഹുമാനാ,സാർ എന്നൊക്കെയാ എന്നെ വിളിക്ക്യാ..””
ഞങ്ങള് മെല്ലെ പിറു പിറുത്തു.. ഇതൊന്നും മോഹൻ ലാല് കേൾക്കേണ്ട…!!
മൂന്നു കൊല്ലം മുമ്പേ നമ്മെ വിട്ടു പോയ പ്രിയപ്പെട്ട ബാലചന്ദ്രൻ അഥവാ പപ്പേട്ടൻ അവതരിപ്പിച്ച ഒരു ത്രില്ലർ സ്റ്റോറിയാണ് ഇപ്പോൾ പറഞ്ഞത്..ആരും തന്നെ വിശ്വസിച്ചു പോകുന്ന രീതിയിൽ കഥകൾ വളരെ നാടകീയമായി അവതരിപ്പിക്കുവാനുള്ള ഒരു
കഴിവ് ബാലചന്ദ്രന് ഉണ്ടായിരുന്നു പി.ഡബ്ല്യു.ഡി യിലെ എല്ലാ സഹപ്രവർത്തകരും അദ്ദേഹത്തിന്റെ ഇത്തരം കഥകൾ കേട്ടിട്ടുണ്ട്.. എന്തു കാര്യവും അവതരിപ്പിക്കാനും അത് കോഴിക്കോടൻ സ്‌ലാങ്ങിൽ പറഞ്ഞു ഫലിപ്പിക്കാനുമുള്ള അപൂർവ്വ കഴിവാണ് ബാലചന്ദ്രൻ എന്ന പപ്പേട്ടനെ വേറിട്ട് നിർത്തുന്നത്….
എത്ര വല്ല്യ ബഡായിയും തമാശയുടെ മെമ്പൊടി ചേർത്ത് നാടകീയമായി അവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി…
ബാലചന്ദ്രൻ എന്റെ വളരെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളായിരുന്നു.. അദ്ദേഹത്തിന്റെ വേർപാട് എന്റെ ജീവിതത്തിൽ വലിയൊരു വിടവ് തന്നെ സൃഷ്ടിച്ചു.. ഇത് തന്നെയായിരിക്കും അദ്ദേഹത്തോട് അടുത്ത് പ്രവർത്തിച്ച എല്ലാവർക്കും പറയാറുണ്ടാവുക..
ബാലചന്ദ്രന്റെ ദീപ്തമായ സ്മരണയ്ക്കു മുമ്പിൽ ഈ ലാലേട്ടൻ കഥ ഒന്നു കൂടി സമർപ്പിക്കുന്നു..
