രചന : മേരിക്കുഞ്ഞ് ✍
(ഇന്ന് ക്ടോബർ 2 അതിപ്രശ്തമായ പഴഞ്ഞിപ്പള്ളിപ്പെരുനാൾ ഇന്നാണ് )
(അമ്മച്ചീ… നാട്ടുകഥയുണ്ടോ
കൈവശം
ചുടു കടല പോലൊരു
കവിതയുടെ
പൊതിയെടുക്കുവാൻ …?
ഉണ്ടല്ലൊ….)
വെറും പനങ്കുരു
കളിയടക്കയായ്
വേഷം മാറി
ലോറി കേറുന്നൊരെന്റെ
ജന്മദേശത്ത്പാപത്തിൻ
അമ്പരപ്പുകളുണ്ടെമ്പരപ്പ് !
നന്മയുടെ ഡ്യൂപ്ലിക്കേറ്റുകൾ ;
പൊന്നുപോൽ മിന്നുന്നവ !
മാലാഖമാർക്കു പോലും
തിരിഞ്ഞു കിട്ടാത്തവ.
സാക്ഷാൽ ഉടയതമ്പുരാൻ
ഉടലോടെ ഇഹലോകത്തിൽ
പാർത്തിരുന്ന കാലത്ത്
തിരു കാതുകൾ കേട്ടിട്ടും
തിരു കണ്ണുകൾ കണ്ടിട്ടുമില്ലാത്തവ…പല
വെറൈറ്റികൾ …ഒക്കെയും
മനസ്സിൽ തൃക്കണ്ണുള്ള
മെത്രാന് കൃത്യമായി
തിരഞ്ഞു കിട്ടുന്നവ
പാപ ശാന്തിക്കും
രോഗ മോചനത്തിനും
പൊന്നും കുരിശു മുത്തപ്പന്റെ
പെരുന്നാളിൻ നാൾ
ഉണ്ട്
വഴിപാടുകൾപലതരം.
വ്യാധി കടുപ്പമെങ്കിൽ
ആൾനീളത്തിലൊരു
സ്വർണ്ണ നൂൽസമർപ്പണം.
പാതകത്തിന്റെ
ഗ്രേഡനു സരിച്ച് :-
മനുഷ്യരൂപം രണ്ട്
കയ്യ് നാല് , കാല് അഞ്ച്
ചെവിട് പത്ത് , നാവ് പന്ത്രണ്ട് കണ്ണ് പതിനാറ്
ഒക്കെ
പണം കൊടുത്താൽ കിട്ടും
വെള്ളിയിൽ തീർത്ത
കുഞ്ഞുരൂപങ്ങൾ പെരുന്നാളിന്റന്ന്പലമാതിരി .
നാണയംകൊടുക്കുക
എടുക്കുക,
മദ്ബഹക്കു മുന്നിൽ വച്ച തളികയിൽ പ്രാർത്ഥിച്ച്
തിരിച്ചിട്ടുകൊള്ളുക.
തീർന്നു കിട്ടും
അക്കൊല്ലത്തെ
പാപ ശാപങ്ങളും
ഒരു മാതിരിപ്പെട്ട കഷ്ടങ്ങളും .
ആകാശങ്ങളിലിരിക്കുന്ന ബാവായിൽനിന്നനുഗ്രഹം
നേരിട്ടു കിട്ടിയ
കുടുംബക്കാരുണ്ടങ്ങാടിയിൽ
പെരുന്നാളുകളറാക്കുവാൻ .
സ്പിരിറ്റ് പല പേരിട്ട് വിറ്റ്
ബൻസു വാങ്ങിയ
മാത്തുണ്ണി മകൻ
ഉക്രുകുട്ടി വക
ചിങ്കാരിമേളം സെറ്റ് രണ്ട്
ബാന്റ് സെറ്റ് ഒന്ന്
ആന മൂന്ന് .
അങ്ങാടി പ്രമാണി
ഐപ്പൂരേട്ടന്റെ
പൊന്നു മോൻ ടിൻറു ഐപ്
തൊട്ടു തൊട്ടടവച്ച പോലെ
നിരന്നു പരന്ന
അങ്ങാടിപ്പുരകൾക്കിടയിൽ
ദിവസപ്പലിശയ്ക്ക്
പണംകൊടുത്ത്
കേമൻ ബംഗ്ലാവ് വീട്
പണിതീർത്തതിൽ പിന്നെ;
പുത്തൻ പെരുന്നാള് ;
ആഘോഷം കെങ്കേമം.
വാറ്റുവേണ്ടോർക്കത്
ഫോറിൻ വേണ്ടോർക്കത്
പോർക്ക് വരട്ടിയത്
പോത്ത് വറുത്തത്
ചൊറുക്ക ചേർത്ത
സബോള നുറുക്കിയിട്ട
കപ്പലണ്ടി സകലാസ്
മുളകുമീൻടച്ചിംഗ്
ഒക്കെയും വേണ്ടുവോളം.
ചങ്ങായി മാർക്കും
ബന്ധുക്കൾക്കും
ബംഗ്ലാവിൻ്റെ
മുമ്പിലെ മുറ്റത്ത് ..പന്തലിൽ.
മേലേമ്മാറത്ത്
അച്ചന്മാർക്കും
കപ്യാർ മാർക്കും.
ഊട്ടുമുറിയിൽ
മരുമക്കൾക്കും ബന്ധുക്കാർക്കും.
പെണ്ണുങ്ങൾക്കും
പണിക്കാർക്കും
അടുക്കളത്തളത്തിലും
പര്യേമ്പുറത്തും.
പിന്നെഊണ് …..
പിന്നാലെ
ബാന്റ് മേളം ചിങ്കാരിമേളം
ഗാനമേള
പള്ളി മണി കൊട്ടി
നമസ്ക്കാരം കഴിഞ്ഞാൽ
കണ്ടത്തീന്ന് വെള്ളരി
കട്ട നീലാണ്ടനും
കോഴീനെറാഞ്ചിയകോരനും
ഉണക്കാനിട്ട മുണ്ട്
കട്ടോണ്ട് പോയ നീലിക്കും
തേങ്ങാക്കള്ളി ബീപാത്തൂനും
കിട്ടും പാപമോചനം ;
കെട്ടു മതിലിന്നകത്ത്
പള്ളിക്കു പുറത്ത് ചരലിൽ
മുട്ടുകുത്തി
മൂന്ന് ചുറ്റൽ ….മതി.
മൊതലാളി അറിയാതെ
പീട്യേന്ന് സോപ്പുകട്ടകടത്തി
പുറത്തുവിറ്റകുഞ്ഞപ്പേട്ടനും
റേഷൻ കട്ട കുര്യേപ്പനും
പള്ളിക്കകത്ത് മുട്ടുകാലി –
ലഞ്ചുചുറ്റെത്തിച്ചാൽ
പാപമോചനം റഡി.
സ്വന്തം പാപങ്ങൾ
തിരിഞ്ഞു കിട്ടാത്ത നിസ്സഹായർ
സകലവിധവെട്ടിക്കൂട്ടു
സഭക്കാരും
അങ്ങാടിപ്പിള്ളേരും
ജോനോനുംനായരും
ചെറമനും തീയനും
കിട്ടാവുന്നത്രമോന്തി
തോളോട് തോള് ചേർന്ന്
പെരുന്നാള് കൊട്ടിക്കേറ്റി ;
വായൂല് കൊട്ടാനും
തമ്മിലൊന്നു ഞൊട്ടാനും
വേണലോ … നുരഞ്ഞു
പതയുന്ന സാധനം
വേണ്ടുവോളം !
അതൊക്കെ തമ്പ്യേട്ടൻ മറക്കാതെ
വഴി നീളെ പ്രത്യേകംപ്രത്യേകം
പതിവായി
ഏർപ്പാടാക്കി വച്ചിരിക്കും….
ആ…ഹ ഹഹ
പതിനെട്ടങ്ങാടിക്കും
മീതെയാണ്
തമ്പ്യേട്ടന്റങ്ങാടീല്
പെരുന്നാള് മേളക്കമ്പം
സ്വർണ്ണവീരപ്പൻ വറതപ്പന്റെ
വകയാണ് പള്ളീലെ
ലൈറ്റലങ്കാരം മുഴുവനും
ജർമ്മനിപ്പള്ളീലച്ചന്റെപ്പൻ
മനുഷ്യക്കടത്ത്
ചേറുണ്ണി വക
പള്ളിപ്പറമ്പ് വെടിക്കെട്ട്.
കാണട്ടെ ഫോറിൻ
പ്രതാപം നാലു പേർ.
പണ്ടത്തെ പട്ടിണിയോർമ്മയിൽ
കൊഴൽപ്പണംഉട്ടൂപ്പേട്ടൻവക
പള്ളീലൂട്ടു നേർച്ച !
കതിനക്കുറ്റി നൂറ്റൊന്ന്
പുലർച്ചക്കും മയിപ്പിനും!
അമ്പത്തൊന്നാനയും
നൂറു കുറ്റി ചെണ്ടയും
വെള്ളിക്കൊടയും
വെഞ്ചാമരവുംആലവട്ടവും
ബാന്റു കൊട്ടും
വർണ്ണ ബൾബ്ബും
ആരവാരവും
ആൾക്കൂട്ടവും അടങ്ങി
കലപിലയ്ക്കറുതിയായാൽ
പാപ ശാപങ്ങളൊഴിഞ്ഞ്
അങ്ങാടികൾ
വിശുദ്ധമാവും.
പിന്നെ
കൊതിയോടെ കാത്തിരിപ്പാരംഭിയ്ക്കാം….
പെരുനാള് ചെലവിലേക്ക്
പണം സ്വരുകൂട്ടാൻ
ലേലക്കുറിക്കു ആളെ ചേർക്കാൻ തുടങ്ങാം
നറുക്കൊന്നുക്കായിരം
ഉറുപ്പിക
പിള്ളേര് നറുക്കിന്
മാസത്തിലമ്പതു “ക”
വരും …..പെരുന്നാള്
വരണ കൊല്ലവും
വരില്ല
പിന്നെയും
കൊറോണപ്പിശാച്
നിരാശ കേറ്റാൻ.
അമ്മാമേ
എത്ര മധുരമാണീ
പ്രതീക്ഷയൊക്കെയും !
ദൈവമേ
ഞങ്ങൾ ചെറിയ മനുഷ്യർ
ഒരു കുഞ്ഞു കാലത്തിനുടയവർ
നീ
വലുപ്പത്തിന്നറുതിയറ്റവൻ
നിനക്കു സ്വന്തമായി
അന്തമില്ലാ കാലവും
പൊറുക്കുക
പാപങ്ങളൊക്കെയും.