രചന : അനിൽകുമാർ എം എ ✍.
കെട്ടും കെട്ടി ശബരിമലയ്ക്ക്…!,
കേട്ടവർ കേട്ടവർ
ശരണം വിളിയുടെ
മാറ്റൊലി കേട്ടു സ്തംഭിച്ചു.
പന്തളവാസൻ അയ്യപ്പന്റെ
പൊന്നമ്പല നട കണ്ടു വണങ്ങാൻ
ഇരുമുടി തന്നിൽ നിറച്ചൊരു കെട്ടും
തേങ്ങയെറിഞ്ഞുയുടച്ചൊരു കൈയ്യാ
ലുയരും ഭക്തി നിറഞ്ഞൊരു ചിന്താൽ
പുതിയൊരു ലഹരിയിലയ്യപ്പന്റെ
ചരിതം പാടി വരുന്നൊരു കൂട്ടർ….!
കറുപ്പിൻ സാത്വിക നൈഷ്ഠികമേകും
വ്രതമൊരു കൊട്ടത്തേങ്ങ കണക്കെ
വെറുമൊരു ഗോഷ്ടിയിൽ
വേഷ്ടി ചമച്ചവർ
കഴുത്തിൽ കെട്ടിയ രുദ്രാക്ഷത്തിൻ
മാലയണിഞ്ഞിഹ പരിഹാസത്തിൻ
വേല കണക്കെചമഞ്ഞു വരുന്നു.
ചോരയിലെഴുതിയ പരമാർത്ഥങ്ങൾ
വാളുറ പോലെ തെളിഞ്ഞേ നില്ക്കെ
കോരനു കഞ്ഞി കുടിക്കാനില്ലൊരു
കൂരയിലന്തിയുറങ്ങാനില്ല.
ജാതി മതങ്ങൾ മനുഷ്യനു മേലേ
പോരും ദണ്ഡുമുലച്ചാർക്കുമ്പോൾ
യാഥാസ്തികതയുടെ പൊക്കണമേറി
പോകും പോക്കിനു ലക്ഷ്യം വേറെ!
കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകിൽ സുലഭം
എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും
ശരണം ശരണം ശബരി ഗിരീശാ
കലിയുഗമിന്നിതുമെത്ര വിശേഷം.
പഴുതേ മണ്ണിലടിഞ്ഞൂ മർത്ത്യൻ
പണിചെയ്തേറ്റിയ ആദർശങ്ങൾ.
പഴമയിലേക്കു കുതിക്കുകയത്രേ
പടിപടിയായുള്ളാചാരങ്ങൾ
വെറുതേ ചമച്ചൊരു നവലോകത്തിൻ
മറയിലൊതുങ്ങി വിപ്ലവ വീര്യം !
