രചന : അഷ്‌റഫ് കാളത്തോട് ✍
വിശപ്പിൻ തീച്ചുളകൾ,
ദാഹത്തിൻ കനലുകൾ മുന്നിൽവെച്ചുകൊണ്ട്
നിരായുധരായി നിന്നൊരായിരം മനുഷ്യർ;
കാലുകൾ കാഴച്ച കാത്തു നിൽപ്പിൽ
ദേഹം തളർന്നവർ, ദാഹം വരണ്ട നാവുകൾ
നാളെ വഴിതുറക്കുമെന്ന് ചൊല്ലി
വിളിച്ചുകൂട്ടിയ
അഭിനയ രാജാവിനായ്, ദേഹം മറന്ന കാത്തു നിൽപ്പ്
ഹൃദയത്തിൻ അടിത്തട്ടിൽ
പ്രത്യാശ ജ്വലിച്ചുരുകി.
നല്ല നാളുകളുടെ സ്വപ്നം കണ്ണുകളിൽ മിന്നി,
കൈകളിൽ പൂക്കൾ സ്നേഹത്തോടെ വിരിഞ്ഞു;
ചെറുകുഞ്ഞുങ്ങളെയേന്തിയ അമ്മമാരുടെ കണ്ണീർ,
മനസ്സിന്റെ ഓരോ കോണിലും തേങ്ങലായി താഴ്ന്നു.
ജനസമുദ്രത്തിൽ പതിഞ്ഞ
മരണത്തിൻ ഭീകരനിഴൽ,
തിരമാലപോലെ ആർത്തുയർന്നു,
ജീവിതങ്ങൾ നിശ്ശബ്ദം മറഞ്ഞു;
കാലം തുടച്ചുമാറ്റാനാവാത്ത ദുരന്തക്കുറിപ്പായി,
ചരിത്രത്തിൻ നെഞ്ചിൽ
കുത്തപ്പെട്ട ചോരപ്പാടായി.
ചിറകറ്റ പ്രാവുകൾപോലെ
ഭയന്നു വീണ ജനം,
രാത്രിയുടെ തണുപ്പിൽ വിജയരഥമെത്തിയപ്പോഴും;
സ്മിതം പൂണ്ടവർ
പോയ ജീവൻകളെ വിളിക്കാതെ,
ദാഹത്തിൻ തീക്ഷ്ണതയിൽ,
“വെള്ളം… ഒരിറ്റു വെള്ളം…”
എന്ന് അലറി നിലവിളിച്ചവർ.
തണ്ണി,
അതൊരു വിളിപ്പേരല്ല,
ജീവിതത്തിൻ അന്തിമസത്യത്തിൻ അലർച്ച;
ദാഹം തീരാതെ, കൈകൾ വെള്ളമെത്താതെ മടങ്ങി;
ക്ഷമയുടെ മതിലുകൾ തകർന്നെങ്കിലും,
ചുണ്ടുകൾ മാത്രം “വിജയ്… വിജയ്…”
എന്ന് മന്ത്രിച്ചുനിന്നു.
വേദിയിലെ വിളക്കുകൾക്ക് ഇന്നും വെളിച്ചം പകരേണ്ട,
ജീവിതത്തിൻ ചെറു ദീപനാളങ്ങൾ അണഞ്ഞുപോയി;
ഒരു പിഞ്ചു കുഞ്ഞിൻ ചോദ്യം മിണ്ടാതെ മരവിച്ചു,
ആ തളിർജീവിതം നിഷ്ഫലം കത്തിയെരിഞ്ഞു.
നേതാവിൻ മൗനവും ഒളിച്ചോട്ടവും,
കരൂർ ഓർക്കും — ഇതൊരു തെരഞ്ഞെടുപ്പു മേള ദിനമല്ല;
മരണത്തിൻ മൗനവും, തേങ്ങലിന്റെ കറുത്ത മുദ്രയും പതിഞ്ഞ നാൾ;
എൻ മൗനം! അതൊരു തണുത്ത നിലവിളി,
അതിൽ ഒരഗ്നിപർവതത്തിൻ കോപം പുകയുന്നു.
കടൽ ക്ഷോഭിക്കുമ്പോൾ മുക്കുവൻ
തോണി കളയുന്നവനല്ല..
വീട് കത്തുമ്പോൾ
കുടുംബ നാഥൻ
മരണത്തെ വേൾക്കാൻ മുന്നിലുണ്ടാകും
ഈ മഹാദുരന്തം കണ്ണിൽക്കണ്ടിട്ടും,
സഹായത്തിൻ വാക്കുകൾ വിളമ്പേണ്ടിരുന്നിടത്ത്,
നിന്നൊരു ഒളിച്ചോട്ടം മാത്രം കണ്ടു ലോകം.
ഖേദകരമാണത്, ദുഃഖകരമാണെൻ നാഥാ,
ഹൃദയം നുറുങ്ങുന്ന വേദനയാണിത്.
ഒരിറ്റു സാന്ത്വനം ചൊരിയേണ്ട നേരത്ത്,
ഒരക്ഷരം മിണ്ടാതെ വിജയരഥം പാഞ്ഞുപോയി.
സഹായഹസ്തങ്ങൾ എത്തേണ്ട വഴിയിൽ,
കരിമ്പനകൾപോൽ നിഴലുകൾ മാത്രം നീണ്ടു.
പകരം നൽകിയതോ:
ഒരു നെഞ്ചു പറിച്ചെടുക്കുന്ന വേദന,
നിശ്ശബ്ദതയുടെ കനം, കണ്ണീരിൻ ഉപ്പും;
ആ സിംഹാസനം, ജീവനറ്റ മൃതദേഹങ്ങൾക്കു മുകളിൽ,
നിങ്ങളുടെ മൗനം ചരിത്രത്തിൻ തീപ്പൊള്ളലായി പതിഞ്ഞു.
ഓർമയുടെ അനന്തത
പാടുകളും, ഉണങ്ങാത്ത കണ്ണീരിൻ തടങ്ങളും,
ഹൃദയത്തിൽ ഒഴുകിയെത്തിയൊരു നിശ്ശബ്ദഗാനം.
മണലിൽ വരച്ച ചിത്രങ്ങൾപോൽ മാഞ്ഞുപോയി,
വെള്ളത്തിൻ കാതലാണെന്നറിഞ്ഞ നിമിഷങ്ങൾ;
ചരിത്രത്തിൻ കയ്യിലുള്ള താളുകൾ ഇനിയുമുരുളും,
ഓർമകളുടെ നദിയിൽ ഒഴുകിക്കൊണ്ടിരിക്കും.
കരിമ്പനത്തോപ്പുകൾക്കിടയിലൂടെ അലകളായ്,
കണ്ണീരിൻ പാതയിൽ മുങ്ങിമറിഞ്ഞ കാലങ്ങൾ;
വെയിലിൻ കറുത്ത പുള്ളികൾപോൽ കുട്ടികളുടെ ചിരികൾ,
നിഴലിൻ ആഴങ്ങളിൽ ഇന്നും മിന്നിമറയുന്നു.
പുലരിയുടെ തിരികൾപോൽ
വീണ്ടും വീണ്ടുമുണരും,
ചോദ്യങ്ങളുടെ മുൾച്ചെടികൾക്ക് മുന്നിൽ;
മൗനത്തിൻ ആഴക്കടലിൽ
മൂങ്ങി കിടക്കുന്നു,
ഉത്തരങ്ങളില്ലാത്ത ആ ശവക്കല്ലറകൾ.
എന്നാൽ ഓർമയുടെ വേരുകൾ ജീവനേന്തി നിൽക്കും,
കരൂരിന്റെ മണ്ണിൽ, വായുവിൽ, ഓരോ ജലകണികയിലും;
ഓരോ മഴത്തുള്ളിയിലും കണ്ണീരായ് വീഴും,
ഓരോ പ്രഭാതത്തിലും ചോദ്യമായ് ഉണരും.
കരൂർ – മരണത്തിന്റെ നിഴൽ,
ജീവിതത്തിന്റെ നീണ്ടൊരു ദീർഘശ്വാസം,
ചരിത്രത്തിന്റെ ഉണങ്ങാത്ത മുറിവ്,
മനുഷ്യത്വത്തിൽ എന്നുമെരിയുന്ന നിത്യജ്വാല.

