രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍
ആയിരമസ്ഥികൾ നുറുങ്ങുംവേദന
ആത്മനിർവൃതിയാലേറ്റമ്മ
ആദ്യകൺമണിയ്ക്കുയിരേകി
ആനന്ദാശ്രുക്കൾപ്പൊഴിച്ചമ്മ!
ആരുംക്കൊതിക്കുമാ പൊൻകുരുന്നിനെ
ആനന്ദമോടരികത്തണച്ചമ്മ
ആർത്തിയേറുമവനലിവോടെയമ്മിഞ്ഞപാലേകി
ആദ്യരുചി നുണഞ്ഞുപൈതൽ!
അണിവിരലാലമ്മതൻ കവിളിൽ
അവ്യക്തച്ചിത്രം വരച്ചു
അണുവിനെപ്പോലെ നുളഞ്ഞു
അമ്മ തൻ ചൂടേറ്റുചേർന്നു!
അരവയർപ്പട്ടിണിയെങ്കിലും
അതുമറന്നമ്മയാനന്ദമോടെ
അരുമക്കിടാവിനന്നമൂട്ടി
അമ്പിളിമാമനെക്കാട്ടിയുറക്കി!
അരമണി കിങ്ങിണികെട്ടി
അവനൊരുക്കിടാവായ്
അമ്മതൻ രക്തമൂറ്റിക്കുടിച്ചു
ആരിലും കേമനായ് വളർന്നു!
അല്ലലറിയിച്ചിടാതെ
ആഗ്രഹമേതുമേ
അവനായ്ച്ചൊരിഞ്ഞമ്മ
അവനിയിലവനു വെളിച്ചമായ്!
ആണ്ടുകൾത്താണ്ടിയോരമ്മ
ആണ്ടവനോടിന്നു കേഴുന്നു
അലിവൊന്നുകാട്ടിയില്ലെങ്കിലും
അരുതേയകലേയ്ക്കയച്ചീടരുതെ!
അന്നമേകണ്ടിറ്റുനീരും
ആയുസ്സിലതിന്നുശീലമായ്
അകന്നുപോകുമാത്മാവിനായ്
ആണ്ടുബലിയതുമേകിടല്ലേ!
ആശകളറ്റിന്നെല്ലാം വ്യർഥമായ്
അകമുറിക്കോണിലൊതുങ്ങാം
ആദ്യകൺമണി കരളേ..നീ…
അകലെത്തെയാ സദനമേകരുതേ!
അന്ത്യമെത്തിടുമൊരാനാളിൽ
അടയുന്ന കണ്ണൂകൾക്കരികിൽ
അരുമക്കടിഞ്ഞൂൽക്കുരുന്നേ നിൻമുഖം
ആവോളം കണ്ടൊന്നുമറയണം!!
