ജീവിതം
തിരിച്ചു പിടിക്കാനുള്ള
പല
സമരമുറകൾക്കിടയിൽ
പിണങ്ങിപ്പോയ പ്രിയതമക്ക്
അയാൾ,
ഇങ്ങനെയെഴുതി.
“ദയ, എന്നൊന്നുണ്ടോ
എന്നെനിക്കറിയില്ല
നീ തിരിച്ചു വരും വരെ
സ്നേഹം കൊണ്ട്
നിന്നോട് ഞാൻ
യുദ്ധം ചെയ്യും.
അതിനിടയിൽ ഞാൻ
മരിച്ചു വീഴുകയാണെങ്കിൽ
പിന്നെയെൻ്റെ
ശവം കാണാൻ മാത്രം
നീ വരരുത് “
പ്രതീക്ഷിച്ച പോലെ,
അയാൾ മരിച്ചപ്പോൾ
അപ്രതീക്ഷിതമായി
അവൾ കാണാൻ വന്നു
ഗസൽമഴ പെയ്യുന്ന
ഒരു സന്ധ്യക്കായിരുന്നു
അയാൾ മരിച്ചത്
അവൾ,
പടിക്കലെത്തിയപ്പോൾ
കാലുകൾ
പിൻവലിയുന്നതുപോലെ തോന്നി
അലോഷിയുടെ ഗസലല്ലേ
കേൾക്കുന്നത്
“തനിക്ക് തോന്നുന്നതാണോ?” എന്നവൾ
ഒരു നിമിഷം തരിച്ചു നിന്നു
കാൽ ശക്തിയോടെ
മുന്നോട്ടെടുത്ത്
ചവിട്ടുപടിയിൽ
ഇടതുകാൽ വെക്കുമ്പോഴാണ്
ചുള്ളിക്കാടിൻ്റെ യാത്രാമൊഴി
മനസ്സ് ഉൾവലിയുന്നതുപോലെ
തോന്നി
അതും തനിക്ക്
തോന്നുന്നതാണോ?
കാലത്തിൻ്റെ കുതികാലുകളുമായി
അവൾ
ചവിട്ടുപടി കയറി
തങ്ങൾ ഒരുമിച്ചിരുന്ന്
ഊണ് കഴിക്കാറുണ്ടായിരുന്ന
ഡൈനിംഗ് ഹാളിലേക്കൊന്നെത്തി നോക്കി
താൻ വരച്ച
ചുമർചിത്രങ്ങളാൽ
അലങ്കരിച്ച ഹാളുകണ്ട്
അവൾ,
തള്ളവിരലുകൾ തമ്മിൽ ബന്ധിച്ച
അയാളുടെ പാദങ്ങളിലേക്ക്
കാലിടറി വീണു
ഒരു ചൂടാറാപ്പെട്ടി പോലെ
അയാളുടെ ശരീരം
ഒന്നൂഷ്മളമായി
തുറന്നിരുന്ന കണ്ണുകളിൽ
ശ്വാസംമുട്ടിപ്പിടഞ്ഞ
സിൽവർ മീനിൻ്റെ നിരാശ
അപ്പോഴുണ്ടായിരുന്നില്ല
” നീ വരുമെന്നുറപ്പായിരുന്നു.
നീ വരാൻ വേണ്ടിത്തന്നെയാണ്
നീ വരരുതെന്ന് ഞാൻ
പറഞ്ഞത്
വൈപരീത്യങ്ങളാണല്ലോ
നമ്മളെ വേർപിരിച്ചത്
ആ വൈപരീത്യം
എൻ്റെ മരണത്തിൽ നമ്മളെ
ഒരുമിപ്പിക്കുമായിരുന്നെന്നറിയാമായിരുന്നു
എഴുന്നേൽക്കൂ,
നമ്മുടെ മുറിയിൽ
ചെന്നൊന്ന് നോക്കൂ
മേശപ്പുറത്തിരിക്കുന്ന
നമ്മളും മക്കളും ഒരുമിച്ചുള്ള ആ ഫോട്ടോയിൽ
നമ്മുടെ മക്കളിലാർക്കാണ്
കൂടുതൽ
നിൻ്റെ ഛായ ?
ഫോട്ടോക്കു താഴെ
നിൻ്റെ
ചിരിയൊഴുകും പോലെ
നേർത്ത
ഒരു സ്വർണ്ണ നൂപുരമുണ്ട്
അതെടുക്കണം
ഇന്ന് നമ്മുടെ
വിവാഹ വാർഷികമാണ്
എല്ലാം അവളുടെ
തോന്നലായിരുന്നു
ഒന്നുമ്മവെക്കാനായി
പുതപ്പിച്ച വെള്ളയൊന്നവൾ
നെഞ്ചിനു താഴേക്ക്
നീക്കി വെച്ചു
പിന്നിയ ഹൃദയത്തിലാകെ
തന്നെ,
തുന്നിപ്പിടിപ്പിച്ച പോലെ…

രാജേഷ് കോടനാട്

By ivayana